കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതിന് ശേഷം ആദ്യ ഞായര്‍ കടന്നുപോയി. പള്ളികളില്‍ പ്രത്യേക പരാമര്‍ശങ്ങളൊന്നും ഈ വിഷയത്തിന്മേല്‍ ഉണ്ടായില്ല. എങ്കിലും വിശ്വാസികള്‍ക്കിടയില്‍ ചര്‍ച്ചകള്‍ ഉണ്ടായി. കത്തോലിക്കാ വിശ്വാസികളായ സ്ത്രീകളില്‍ ഒരു വിഭാഗം ഉന്നയിച്ച ചോദ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. കന്യാസ്ത്രീയെ ബിഷപ്പ് 13 തവണ പീഡിപ്പിച്ചുവെന്ന് പറയുമ്പോള്‍, എന്തുകൊണ്ട് കഴിഞ്ഞ 12 തവണയും ഇതിനെതിരെ പ്രതികരിച്ചില്ല എന്നാണ് ഇവരുടെ ചോദ്യം.
ബിഷപ്പുള്‍പ്പടെയുള്ളവര്‍ ദൈവത്തിന്റെ രൂപമാണെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഇത്തരമൊരു വാദം മുന്നോട്ട് വെക്കുന്നത്. കര്‍ത്താവിന്റെ മണവാട്ടിയായ കന്യാസ്ത്രീകള്‍ ആണ് തെറ്റുകാര്‍ എന്ന് പല വിശ്വാസികളും ചിന്തിക്കുന്നുണ്ട്. ഇതില്‍ സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടുന്നു. ഞായറാഴ്ച്ച പള്ളിയില്‍ സഭയുടെ ഭാഗത്ത് നിന്നും പരാമര്‍ശങ്ങള്‍ ഉണ്ടായില്ലെങ്കിലും വിശ്വാസികള്‍ തമ്മില്‍ ചര്‍ച്ച ഉണ്ടാവുകയായിരുന്നു.
കന്യാസ്ത്രീകള്‍ സമരത്തിന് ഇറങ്ങിയതിനെയും ഇവര്‍ എതിര്‍ക്കുന്നു. സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ സിസ്റ്റര്‍ ലൂസി കളപ്പുരയ്‌ക്കെതിരെ സഭ നടപടി സ്വീകരിച്ചിരുന്നു. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കരുത്, വേദ പഠന ക്ലാസ് നടത്തരുത് തുടങ്ങിയവയായിരുന്നു സഭ കല്‍പ്പിച്ച വിലക്ക്.
കന്യാസ്ത്രീയുടെ പരാതിയിന്മേല്‍ അറസ്റ്റിലായ ബിഷപ്പിനെ ഇന്നലെയാണ് പാല സബ് ജയിലിലേക്ക് മാറ്റിയത്. ബിഷപ്പ് ജയിലിലായി രണ്ടാം ദിവസം തന്നെ പാല ബിഷപ്പ് സന്ദര്‍ശിക്കാനെത്തിയതായി ചാനലുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതിനു പിന്നാലെയാണ് വാര്‍ത്ത തെറ്റാണെന്നും ഖേദം പ്രകടിപ്പിക്കുന്നതായും ചാനലുകള്‍ അറിയിച്ചത്.
ഇന്നലെ ജയിലില്‍ തന്റെ ആദ്യ ദിവസമായിരുന്നു, കട്ടിലും പട്ടുമെത്തയുമൊന്നുമില്ലെങ്കിലും ജയിലിലെ കമ്പിളി വിരിപ്പിലാണ് കിടന്നതെങ്കിലും കണ്ണുകളെ ഉറക്കം പെട്ടെന്ന് പിടികൂടിയെന്നും പറയുന്നു. ഇടയ്ക്ക് മൂളിപ്പറന്നു വന്ന കൊതുക് മാത്രമായിരുന്നു ശല്യം. സാധാരണ വെളുപ്പിന് അഞ്ചു മണിക്ക് എഴുന്നേല്ക്കുന്ന ഫ്രാങ്കോ ഇന്ന് ആറുമണി കഴിഞ്ഞാണ് എഴുന്നേറ്റത്. വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിട്ട് ദിവസങ്ങളായെങ്കിലും അതൊന്നും ഫ്രാങ്കോയെ ദു:ഖിതനാക്കിയില്ല. ബൈബിളും കുരിശുമാലയും കൊണ്ടുപോവണമെന്ന മോഹവും ജയിലില്‍ നടന്നില്ല.