അമിത് ഷായെ സന്ദര്‍ശിച്ച സംഭവം:നീതിക്കും നന്മയ്ക്കും വേണ്ടി ധീരമായി ശബ്ദമുയര്‍ത്തിയിരുന്ന സഭകളുടെ പൈതൃകം കളഞ്ഞുകുളിച്ചു !..സഭകള്‍ക്കെതിരെ ആഞ്ഞടിച്ച് മാത്യു ടി തോമസ്

തിരുവനന്തപുരം: നീതിക്കും നന്മയ്ക്കും വേണ്ടി ധീരമായി ശബ്ദമുയര്‍ത്തിയിരുന്ന സഭകളുടെ പൈതൃകം കളഞ്ഞുകുളിച്ചു..ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായെ സഭാ നേതാക്കള്‍ സന്ദര്‍ശിച്ചതിനെതിരെ കടുത്ത വിമര്‍ശനവുമായി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസ്. അമിത് ഷായുടെ ഈ സന്ദര്‍ശനം അധികാരവും അധികാരവും തമ്മിലുള്ള ചങ്ങാത്തത്തിനായാണ് എന്നു വ്യക്തമാണെന്ന് മാത്യു ടി തോമസ് ഫേസ്ബുക് പോസ്റ്റില്‍ കുറിച്ചു.നീതിബോധമുള്ള മതനേതാക്കളെ രാഷ്ട്രീയ നേതാക്കള്‍ ആദരപൂര്‍വം വീക്ഷിച്ച് സന്ദര്‍ശനത്തിന് അവരുടെ സൗകര്യം തേടുന്ന കാലമുണ്ടായിരുന്നു. ആ സ്ഥാനത്താണ് ഒരു പാര്‍ട്ടിയുടെ നേതാവ് നിര്‍ദ്ദേശിക്കുന്ന സമയത്തും സ്ഥലത്തുമെത്തി സന്ദര്‍ശിക്കുന്നതിനായി സഭാനേതാക്കള്‍ കാത്തു നില്‍ക്കുന്നതെന്നും മാത്യു ടി. തോമസ് കുറിച്ചു. നീതിക്കും നന്മയ്ക്കും വേണ്ടി ധീരമായി ശബ്ദമുയര്‍ത്തിയിരുന്ന സഭകളുടെ പൈതൃകം കളഞ്ഞുകുളിച്ചത് ഒരു നല്ല സന്ദേശമല്ല സമൂഹത്തിനു നല്‍കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിശ്വാസത്തിനു രാഷ്ട്രീയ മാനങ്ങളുണ്ട്. രാഷ്ട്രീയമാകട്ടെ വിശ്വാസികളെ സ്വാധീനിക്കുന്നതും സ്വാധീനിക്കേണ്ടതുമാണ്. എന്നാല്‍ അതെങ്ങനെ, എന്തിനു വേണ്ടിയായിരിക്കണം എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :
ഇടയ്ക്കൊരല്‍പ്പം പൊതുക്കാര്യമാവാം എന്നു തോന്നുന്നു.
കേരളത്തിലെ ക്രൈസ്തവ സഭാ മേലദ്ധ്യക്ഷന്മാര്‍ ബി.ജെ.പി. ദേശീയാദ്ധ്യക്ഷന്‍ അമിത് ഷായെ സന്ദര്‍ശിക്കാന്‍ അങ്ങോട്ടു പോയത് അത്ര ശുഭകരമായ ഒരു സംഭവമായി തോന്നിയില്ല.രാഷ്ട്രീയവും വിശ്വാസവും പരസ്പരം വെള്ളം കടക്കാത്ത അറകളില്‍ നിന്നുകൊള്ളണമെന്ന അഭിപ്രായമൊന്നുമില്ല.
വിശ്വാസത്തിനു രാഷ്ട്രീയ മാനങ്ങളുണ്ട്. രാഷ്ട്രീയമാകട്ടെ വിശ്വാസികളെ സ്വാധീനിക്കുന്നതും സ്വാധീനിക്കേണ്ടതുമാണ്. എന്നാല്‍ അതെങ്ങനെ, എന്തിനു വേണ്ടിയായിരിക്കണം എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രണ്ടു മൂന്നു കാര്യങ്ങള്‍ സൂചിപ്പിക്കട്ടെ.
1.ആദ്ധ്യാത്മികത നന്മയുടെ ചൈതന്യ കേന്ദ്രമായാണ് വര്‍ത്തിക്കേണ്ടത്. അതു കൊണ്ടുതന്നെ ആദ്ധ്യാത്മികത രാഷ്ട്രീയവുമായി ബന്ധപ്പെടുന്നുവെങ്കില്‍ അത് രാഷ്ട്രീയ രംഗത്ത് നന്മ ഉറപ്പാക്കുന്നതിനു വേണ്ടിയായിരിക്കണം. അനീതിക്കും അധാര്‍മ്മികതയ്ക്കും അമിതാധികാരപ്രവണതയ്ക്കുമൊക്കെ എതിരായി ധീരമായ വിമര്‍ശനാത്മക ശബ്ദം ഉയര്‍ത്തിയിട്ടുള്ള സഭാനേതൃത്വങ്ങളെ ആദരപൂര്‍വ്വം സ്മരിക്കുന്നു. അടിയന്തിരാവസ്ഥക്കാലത്ത് പൗരാവകാശ നിഷേധങ്ങളെ സാഹസികമായി ചോദ്യം ചെയ്ത യൂഹാനോന്‍ മാര്‍ത്തോമ്മാ മെത്രാപ്പോലീത്തായെപ്പോലെയുള്ളവര്‍ കാട്ടിയ മാതൃക ചരിത്രത്തിന്റെ ഭാഗമാണ്.
എന്നാല്‍ ഇവിടെ, രാജ്യത്തുടനീളം മതന്യൂനപക്ഷങ്ങളില്‍പ്പെട്ട സാധാരണ മനുഷ്യര്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരായോ, ദളിത്ക്രൈസ്തവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയോ എന്തെങ്കിലും ഈ സന്ദര്‍ശനത്തില്‍ ഉണ്ടായിരുന്നതായി സന്ദര്‍ശനം നടത്തിയ മേലദ്ധ്യക്ഷന്മാര്‍ പോലും അവകാശപ്പെടുന്നില്ല.
അല്ലെങ്കില്‍ത്തന്നെയും ന്യൂനപക്ഷാവകാശങ്ങള്‍ മിക്കപ്പോഴും ന്യൂനപക്ഷസമുദായങ്ങളിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും അവകാശങ്ങളായല്ല സ്ഥാപിക്കപ്പെടുക. മറിച്ച് അതതു സമുദായങ്ങളിലെ നേതാക്കളുടെയും നേതാക്കളുടെ വാത്സല്യം നേടിയെടുക്കാന്‍ കഴിയുന്ന പ്രമാണിമാരുടെയും താല്‍പ്പര്യ സംരക്ഷണമായാണ്.

bishops-pm-modi
അപ്പോള്‍ ഈ സന്ദര്‍ശനം അധികാരവും അധികാരവും തമ്മിലുള്ള ചങ്ങാത്തത്തിനായാണ് എന്നു വ്യക്തം. നീതിക്കും നന്മയ്ക്കും വേണ്ടി ധീരമായി ശബ്ദമുയര്‍ത്തിയിരുന്ന സഭകളുടെ പൈതൃകം കളഞ്ഞുകുളിച്ചത് ഒരു നല്ല സന്ദേശമല്ല സമൂഹത്തിനു നല്‍കുന്നത്.
2. സഭാ നേതാക്കള്‍ തേടിയെത്തിയത് തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിനു നേതൃത്വം നല്‍കുന്ന ജനപ്രതിനിധിയായ നേതാവിനെയല്ല. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അദ്ധ്യക്ഷന്‍ ആ പാര്‍ട്ടിയുടെ പരിപാടികള്‍ക്കായി അണികളെ ആവേശഭരിതരാക്കുന്നതിനായി കേരളത്തില്‍ എത്തിയ സന്ദര്‍ഭത്തില്‍ ആ നേതാവിനെ കാണുന്നതിനായാണ്. അദ്ദേഹം നയിക്കുന്ന പാര്‍ട്ടിയുടെ സാമ്പത്തികവും സാമൂഹ്യവുമായ നയങ്ങളും സാമ്രാജ്യത്ത ശക്തികളുമായുള്ള ബന്ധവും സാമുദായിക കാഴ്ചപ്പാടിന്റെ അടിത്തറയുമൊക്കെ പ്രബുദ്ധതയുള്ള കേരളസമൂഹം നന്നായി തിരിച്ചറിഞ്ഞിട്ടുള്ളതാണ്. അതു കൊണ്ടു തന്നെ എന്തിനു വേണ്ടി ഏതു തരത്തില്‍ അണികളെ ആവേശഭരിതരാക്കാനാണ് അദ്ദേഹം എത്തിയതെന്നും സാമാന്യ വിവരമുള്ളവര്‍ക്കറിവുള്ളതാണ്. അങ്ങനെയുള്ള ഒരു കക്ഷിക്ക് ന്യൂനപക്ഷ സമുദായാംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെയിടയില്‍ ഇതുവരെയില്ലാത്ത സ്വീകാര്യത ഉറപ്പാക്കുന്നതിനുള്ള പച്ചക്കൊടിയായി ഈ സന്ദര്‍ശനത്തെ വ്യാഖ്യാനിക്കുന്നതിന് വര്‍ഗ്ഗീയ ശക്തികള്‍ക്ക് ഇതിലൂടെ അവസരം നല്‍കിയിരിക്കുകയാണ്.
നേരത്തെ പറഞ്ഞതു പോലെ അധികാരത്തിന്റെ ഒത്തുതീര്‍പ്പുകള്‍ക്കല്ലെങ്കില്‍പ്പിന്നെ എന്തിനായാണ് ഈ സ്വീകാര്യത ഉറപ്പാക്കല്‍?
3. ആര്‍ജ്ജവവും നീതി ബോധവുമുള്ള സഭാ നേതാക്കളേയും മതനേതാക്കളേയും രാഷ്ട്രീയ നേതാക്കള്‍ ആദരപൂര്‍വം വീക്ഷിച്ച് സന്ദര്‍ശനത്തിന് അവരുടെ സൗകര്യം തേടുന്ന കാലമുണ്ടായിരുന്നു. ആ സ്ഥാനത്താണ് ഒരു പാര്‍ട്ടിയുടെ നേതാവ് നിര്‍ദ്ദേശിക്കുന്ന സമയത്തും സ്ഥലത്തുമെത്തി സന്ദര്‍ശിക്കുന്നതിനായി സഭാനേതാക്കള്‍ കാത്തു നില്‍ക്കുന്നത്. മതനേതൃത്വം ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്ന അവസ്ഥയെയല്ലേ ഇതു വെളിപ്പെടുത്തുന്നത് ?!
ഈ സന്ദര്‍ശനം ഒഴിവാക്കേണ്ടതായിരുന്നു.

 

Top