
ഹെറാൾഡ് ന്യുസ്
തലശ്ശേരി :കന്യാസ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ പോലീസ് അറസ്റ്റ് ചെയ്ത ജലന്ധര്‍ കത്തോലിക്കാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പിന്തുണയുമായി തലശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി രംഗത്തെത്തി. ബിഷപ്പിന് മുന്നില്‍ എല്ലാ വഴികളും മാധ്യമങ്ങള്‍ കൊട്ടിയടച്ചെന്നും കൃത്യമായ അജണ്ട പ്രകാരമാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മാധ്യമങ്ങള്‍ നീങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രാജിവെപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചത്. മാധ്യമങ്ങളുടെ അജണ്ടയ്‌ക്കൊപ്പം പോലീസും നാടകം കളിച്ചു. എസ് കത്തി കണ്ടുപിടിച്ച അതേ പോലീസാണ് സിസ്റ്ററിന്റെ മുറിയില്‍ നിന്നും ബിഷപ്പിന്റെ വസ്ത്രം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നതും. നമ്പി നാരായണന്റെ ചാരക്കേസിന് മലയാള മനോരമ പത്രവും ഇവിടുത്തെ രാഷ്ട്രീയ പ്രവര്‍ത്തകരും ശ്രമിച്ചതെങ്ങനെയെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. ഇന്ന് ബിഷപ്പിന്റെ കേസില്‍ വരുന്നതിനേക്കാള്‍ മസാല ചേര്‍ത്താണ് വാര്‍ത്തകള്‍ അന്ന് വന്നിരുന്നതെന്നും അദ്ദേഹം വിശ്വാസികളോട് പറയുന്നു. ബിഷപ്പിനെ പിന്തുണച്ച് പ്രസംഗിക്കുന്ന ജോസഫ് പാംപ്ലാനിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. കന്യാസ്ത്രീകളെ കുറ്റപ്പെടുത്തിയുള്ള അദ്ദേഹത്തിന്റെ പ്രസംഗത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്.
പ്രസംഗത്തില്‍ അദ്ദേഹം പറയുന്നതിങ്ങനെ:
സിസ്റ്റര്‍ അവരുടെ പരാതിയില്‍ ഇപ്രകാരമാണ് പറഞ്ഞിരുന്നത്: അവരുടെ സന്യാസ സഭയെ ജലന്ധര്‍ ബിഷപ്പ് തകര്‍ക്കാന്‍ ശ്രമിക്കുന്നു, അവരുടെ ട്രാന്‍സ്ഫറുകളില്‍ ഇടപെടുന്നു, അവരുടെ അവകാശങ്ങള്‍ തടഞ്ഞുവെയ്ക്കുന്നു, ഞങ്ങളെ സഭയില്‍ സ്വതന്ത്രരായി ജീവിയ്ക്കാന്‍ അനുവദിക്കുന്നില്ല. എന്നാല്‍ സിസ്റ്റര്‍ ഉന്നയിക്കുന്ന പരാതികളില്‍ ലൈംഗികമായി പീഡിപ്പിച്ചു എന്നു പറയുന്നില്ല. സിസ്റ്ററിന്റെ പരാതി സഭയിലാണ് പരിഹരിക്കേണ്ടത്. സഭയില്‍ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള വഴികള്‍ ഉണ്ട്. സഭ ഈ പരാതികള്‍ പരിഹരിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ അതിനിടയില്‍ ജലന്ധര്‍ രൂപതാ മെത്രാന്മാര്‍ ബിഷപ്പിനെ സിസ്റ്ററിന്റെ സഹോദരന്‍ കൊല്ലാന്‍ ശ്രമിച്ചു എന്ന് പരാതി നല്‍കി. ആ പരാതിയ്ക്ക് എതിരെയാണ് സിസ്റ്റര്‍ ആദ്യമായി പരാതി പറഞ്ഞ് രംഗത്ത് വരുന്നത്. ബിഷപ്പ് 13 തവണ പീഡിപ്പിച്ചു എന്ന്. സഭ ഈ വിവരം അറിയുന്നത് പോലീസ് കേസിലൂടെയാണ്.
മെത്രാന്‍ ബൈബിളില്‍ തൊട്ടാണ് ഇങ്ങനെ നടന്നിട്ടില്ലെന്ന് പറഞ്ഞത്. ഞങ്ങള്‍ റോമന്‍ മാര്‍പ്പാപ്പയെ കാര്യങ്ങള്‍ ധരിപ്പിക്കുകയും അദ്ദേഹം കൃത്യസമയത്ത് ഇടപെടുകയും ചെയ്തു. മാതൃഭൂമിയിലെ വേണു പറയുമ്പോളോ ഏഷ്യാനെറ്റിലെ വിനു പറയുമ്പോളാ സഭ മറുപടി പറയേണ്ട കാര്യമില്ല. 75 വയസിലാണ് മെത്രാന്‍ രാജിവെക്കുക. മാര്‍പ്പാപ്പ പറയുന്നതുവരേക്കും സഭയെ സേവിക്കുകയെന്നത് ധര്‍മ്മമാണ്. സഭയുടെ ക്രമങ്ങള്‍ അങ്ങനെയാണ്. ഏത് രൂപതയിലാണോ പ്രശ്‌നം, ആ രൂപതയിലെ മെത്രാനോടാണ് കാര്യങ്ങള്‍ ധരിപ്പിക്കേണ്ടത്. ഈ സംഭവം നടന്നു എന്നു പറയപ്പെടുന്ന രൂപതയിലെ സുപ്പീരിയര്‍ ഇങ്ങനെ നടന്നിട്ടില്ല, ഇത് അന്യായമായി കെട്ടിച്ചമച്ചതാണ് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
മെത്രാനെതിരെ പരാതിയുയര്‍ന്നാല്‍ ഉടനേ തന്നെ മെത്രാനെ പിരിച്ചുവിടാന്‍ സഭയ്ക്ക് കഴിയില്ല. ചാനലുകാര്‍ പറയുന്നതുപോല സഭയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ല. പരാതി ഉന്നയിച്ച സിസ്റ്ററും പരാതിയില്‍ കുറ്റക്കാരനെന്ന് പറയുന്ന മെത്രാനും സഭയ്ക്ക് ഒരുപോലെ വേണ്ടപ്പെട്ടവരാണ്.