ബിജെപി കോടീശ്വരൻമാർ; പണമില്ലാതെ സിപിഎമ്മും കോൺഗ്രസും: വീട്ടിൽ നിന്നു പൊതിച്ചോറുമായി സിപിഐക്കാർ

രാഷ്ട്രീയ ലേഖകൻ

കൊല്ലം: തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ ഇക്കുറി കേരളത്തിലെ പാർട്ടികൾക്കെല്ലാം ഇക്കുറി കടുത്ത ദാരിദ്രം. പ്രചാരണ രംഗത്ത് പണക്കൊഴുപ്പില്ലാത്തതിനാൽ രാഷ്ട്രീയ പാർട്ടികളും പ്രവർത്തകരും കടുത്ത വെല്ലുവിളി നേരിടുകയാണ്. കേന്ദ്രത്തിൽ ഭരണം നഷ്ടമായ കോൺഗ്രസും, എങ്ങും ഭരണമില്ലാത്ത ഇടതു പാർട്ടികളുമാണ് പണമില്ലാതെ വലയുന്നത്. മുൻ തിരഞ്ഞെടുപ്പുകളിൽ പണം വാരിക്കോരി നൽകിയിരുന്ന ബാറുകളും ക്വാറികളും പൂട്ടിയതോടെയാണ് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളുടെ പണക്കൊഴുപ്പു നഷ്ടമായത്. എന്നാൽ, കേന്ദ്രത്തിലെ ഭരണത്തിന്റെ ബലത്തിൽ ഒരു മണ്ഡലത്തിൽ ശരാശരി ഒരു കോടി രൂപ വീതമാണ് ബിജെപി വാരിവിതറുന്നത്.
തിരഞ്ഞെടുപ്പു കാലത്തെ പ്രധാന വരുമാന ശ്രോതസായിരുന്ന ബാറുകൾ പൂട്ടിയതാണ് ഇടതു മുന്നണിയെയും കോൺഗ്രസിനെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. എല്ലാ നിയോജക മണ്ഡലത്തിലും ഏറ്റവും കുറഞ്ഞത് അഞ്ചു മുതൽ ഏഴു ബാറുകൾ വരെയുണ്ടായിരുന്നു. ഈ ബാറുകളിൽ നിന്നു തിരഞ്ഞെടുപ്പു ഫണ്ട് ഇനത്തിൽ ലക്ഷങ്ങളാണ് വാങ്ങിയിരുന്നത്. പിരിവ് പണമായി വാങ്ങുന്നതിൽ കോൺഗ്രസും ഘടകകക്ഷികളുമായിരുന്നു മുന്നിലെന്നു ബാർ ഹോട്ടൽ ഉടമസ്ഥ അസോസിയേഷൻ നേതാക്കൾ പറയുന്നു. ഓരോ തിരഞ്ഞെടുപ്പു കാലത്തും അഞ്ചു മുതൽ പത്തു ലക്ഷം രൂപ വരെ സംഭാവനയായി വാങ്ങിയ നേതാക്കളിൽ സംസ്ഥാനത്തെ പ്രമുഖ മന്ത്രിമാർ വരെയുണ്ടെന്നാണ് ഇവർ വെളിപ്പെടുത്തുന്നത്. എന്നാൽ, പതിനായിരം മുതൽ അൻപതിനായിരം വരെ മാത്രം സംഭാവന സ്വീകരിച്ചിരുന്ന സിപിഎമ്മും ഇടതു പാർട്ടികളും മറ്റൊരു രീതിയിലാണ് സഹായം സ്വീകരിച്ചിരുന്നത്. സംഭാവന പണമായി വാങ്ങാതെ പാർട്ടിയുടെ പരിപാടികൾക്കു മദ്യവും ഭക്ഷണവും എത്തിച്ചു നൽകാൻ ബാർ ഉടമകൾക്കു നിർദേശം നൽകുകയാണ് ചെയ്തിരുന്നത്.
ബാറുകൾ പൂട്ടിയതോടെ ഇക്കുറി യുഡിഎഫിനും ഇടതു മുന്നണിക്കും പിരിവിൽ വൻ ഇടിവുണ്ടായി. കോട്ടയം അടക്കമുള്ള ജില്ലകളിൽ റബർ വിലയിടിവു മൂലം വൻതോതിൽ പണപ്പിരിവും നടത്താൻ സാധിക്കുന്നില്ല. സാധാരണക്കാരായ ആളുകൾ തിരഞ്ഞെടുപ്പു ഫണ്ട് നൽകുന്നതിൽ വിമുഖതയും കാട്ടി തുടങ്ങി. മുൻ വർഷങ്ങളിൽ ഒരു നിയോജക മണ്ഡലത്തിലേയ്ക്കു അൻപതു ലക്ഷം മുതൽ ഒരു കോടി വരെ നൽകിയിരുന്ന കോൺഗ്രസ് ഹൈക്കമാൻഡിനും ഇക്കുറി അനക്കമില്ല.
ഇത്തരത്തിൽ കോടിക്കണക്കിൽ കുടുങ്ങി തിരഞ്ഞെടുപ്പു പ്രചാരണം വഴിമുട്ടി നിൽക്കുന്നതിനിടെയാണ് വഴികാട്ടാൻ സിപിഐ നേതൃത്വം എത്തിയിരിക്കുന്നത്. പ്രചാരണത്തിനു സ്ഥാനാർഥികൾക്കൊപ്പം സ്‌ക്വാഡ് പ്രവർത്തനങ്ങൾക്കിറങ്ങുന്നവർ വീട്ടിൽ നിന്നു പൊതിച്ചോറും കൊണ്ടു വരണമെന്ന നിർദേശമാണ് സിപിഐ ഇപ്പോൾ അണികൾക്കു നൽകിയിരുന്നത്. തിരഞ്ഞെടുപ്പു പ്രചാരണ പ്രവർത്തനങ്ങളിലെ ചിലവ് കുറയ്ക്കുകയാണ് ലക്ഷ്യം.
എന്നാൽ, തിരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് കോടികൾ വാരിയെറിഞ്ഞു കളിക്കുന്നത് ഇക്കുറി ബിജെപി തന്നെയാണ്. പ്രാദേശിക പ്രവർത്തനങ്ങൾക്കായി ഓരോ മണ്ഡലം കമ്മിറ്റികൾക്കും രണ്ടു ലക്ഷം രൂപ വീതമാണ് ഇപ്പോൾ ബിജെപി ദേശീയ നേതൃത്വം നൽകുന്നത്. ഓരോ നിയോജക മണ്ഡലത്തിനും ഒരു കോടി വീതം തിരഞ്ഞെടുപ്പു പ്രചാരണത്തിനായി നൽകിക്കഴിഞ്ഞു. ശക്തമായ മത്സരം കാഴ്ചവയ്ക്കുന്ന മണ്ഡലങ്ങളിൽ രണ്ടാം ഘട്ടമായി രണ്ടു കോടി രൂപ കൂടി നൽകുമെന്നും വ്യക്തമായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top