റായ്പൂര്‍: അന്തരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങില്‍ ബിജെപി മന്ത്രിമാര്‍ തമാശ പറഞ്ഞ് ചിരിച്ചുല്ലസിച്ച സംഭവം വിവാദമാകുന്നു. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ മന്ത്രിമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ടൈംസ് നൗ ചാനലാണ് വീഡിയോ പുറത്തുവിട്ടത്. ബുധനാഴ്ചയാണ് ചിതാഭസ്മം നിമജ്ജനം ചെയ്യുന്ന ചടങ്ങ് നടന്നത്. ചത്തീസ്ഗഢ് ആരോഗ്യമന്ത്രി അജയ് ചന്ദ്രകാര്‍, കൃഷിമന്ത്രി ബ്രിജ്‌മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ തമാശ പറഞ്ഞ് ചിരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ധരംലാല്‍ കൗശിക് സന്ദര്‍ഭം ഓര്‍മ്മിപ്പിച്ച് മന്ത്രി ചന്ദ്രകാറിന്റെ കൈക്ക് പിടിക്കുന്നതും വീഡിയോയിലുണ്ട്.
ചടങ്ങില്‍ മുഖ്യമന്ത്രി രമണ്‍ സിങ്ങും പങ്കെടുത്തിരുന്നു. ജീവിച്ചിരുന്നപ്പോള്‍ തന്നെ വാജ്‌പേയിയെ അവഗണിക്കുകയായിരുന്നു ബിജെപിയുടെ നേതൃത്വമെന്നും മരിച്ചുകഴിഞ്ഞ് ചിതാഭസ്മം നിമജ്ജനം ചെയ്യുമ്പോള്‍ പോലും എന്ത് ബഹുമാനമാണ് നേതാക്കള്‍ നല്‍കുന്നതെന്ന് ഇത് വ്യക്തമാക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വാജ്‌പേയിയെ ബഹുമാനിക്കാന്‍ കഴിയുന്നില്ലെങ്കില്‍ കുറഞ്ഞപക്ഷം അവഹേളിക്കാതിരിക്കാനെങ്കിലും ശ്രമിക്കണമെന്ന് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ശൈലേഷ് നിതിന്‍ ത്രിവേദി പറഞ്ഞു.