മുംബൈ: മഹാരാഷ്ട്രയിൽ 288 സീറ്റിൽ 222 സീറ്റിലും ബിജെപി സഖ്യം വിജയിച്ച് മുന്നേറി . കോൺഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി സഖ്യം വെറും 49 സീറ്റിൽ മാത്രമാണ് മുന്നിൽ. ബിജെപിയാണ് ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത്. മത്സരിച്ച 148 സീറ്റുകളിൽ 124ലും ബിജെപി ലീഡ് ചെയ്യുന്നു. ദേവേന്ദ്ര ഫഡ്നവിസ് അടക്കം മത്സരിച്ച മുൻനിര നേതാക്കളെല്ലാം ബഹുദൂരം മുന്നിലാണ്. ബിജെപി സഖ്യകക്ഷികളായ ഏകനാഥ് ഷിൻഡെയുടെ ശിവസേനയും അജിത് പവാറിൻ്റെ എൻസിപിയും മുന്നേറി. ഇതോടെ ലോക്സഭയിലേറ്റ തിരിച്ചടിയുടെ നാണക്കേടും മാറ്റാനായി.
അതേസമയം മഹായുതിയുടെ മഹാവിജയത്തിന് സ്ത്രീകൾക്കും കർഷകർക്കും പ്രത്യേക നന്ദി പറഞ്ഞ് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. മഹായുതി വിജയം നേടുമെന്ന് മുമ്പ് ഞാൻ പറഞ്ഞിരുന്നു. എന്നാൽ തകർപ്പൻ വിജയമാണ് മഹാരാഷ്ട്രക്കാർ സമ്മാനിച്ചത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മോശം പ്രകടനമാണ് ഞങ്ങൾ കാഴ്ചവെച്ചത്. അതിനാൽ നിയമസഭാ തെരഞ്ഞെടുപ്പ് ഞങ്ങൾക്ക് അഗ്നിപരീക്ഷയായിരുന്നു. അഗ്നിപരീക്ഷയിൽ മഹായുതിക്കൊപ്പം മഹാരാഷ്‌ട്രയിലെ ജനങ്ങൾ നിലകൊണ്ടു. മഹായുതിയുടെ പ്രവർത്തകർ പ്രത്യേക അഭിനന്ദനം അർഹിക്കുന്നതായും വികാരധീനനായി ഷിൻഡെ പറഞ്ഞു.
ശിവസേന പിളർന്നതിന് പിന്നാലെ ആരുടെ കൂടെ നിൽക്കുമെന്ന് ശിവസൈനികർക്ക് ആദ്യഘട്ടത്തിൽ സംശയമുണ്ടായിരുന്നു. എക്നാഥ് ഷിൻഡെയുടെ ശിവസേനയാണോ അതോ ഉദ്ധവിന്റെ ആണോ യഥാർത്ഥമെന്ന് ആശയക്കുഴപ്പം കാര്യമായി തന്നെ നിലനിന്നിരുന്നു. എന്നാൽ സ്ഥാപകനായ ബാൽതാക്കറെ മുന്നോട്ട് വെച്ച ആശയങ്ങളെ തള്ളി മകൻ ഉദ്ധവ് കോൺഗ്രസന്റെ കൂടെ നിലകൊണ്ടപ്പോൾ ശിവസൈനികർ സത്യം തിരിച്ചറിഞ്ഞു. താക്കറെ മുന്നോട്ട് വെച്ച ആശയങ്ങൾ നടപ്പാക്കാനാണ് തങ്ങൾ നിലകൊള്ളുന്നതെന്ന് ബിജെപി കൂടി വ്യക്തമാക്കിയതോടെ മഹാരാഷ്‌ട്രക്കാർ ഒറ്റക്കെട്ടായി മഹായുതിക്കൊപ്പം നിൽക്കുകയായിരുന്നു.
വോട്ടെണ്ണലിന്റെ അവസാഘട്ടം എത്തിനിൽക്കുമ്പോൾ മഹായുതി ശക്തമായ മുന്നേറ്റമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. 288 സീറ്റുകളിൽ 224 സീറ്റിലും മഹായുതി ലീഡ് ചെയ്യുമ്പോൾ 53 ഇടത്ത് മാത്രമാണ് മഹാവികാസ് അഘാഡിക്ക് ലീഡ് നേടാനായത്. 53 സീറ്റിലാണ് ഷിനഡെ കരുത്ത് കാട്ടിയത്. അതേസമയം ഉദ്ധവ് താക്കറെ വിഭാഗം 19ൽ ഒതുങ്ങി.