തിരുവനന്തപുരം ബാലരാമപുരത്ത് സംഘ്പരിവാര്‍-സിപിഐഎം സംഘര്‍ഷം. കെപി ശശികലയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംഘ്പരിവാര്‍ നാമജപയജ്ഞം നടത്തുന്നതിനിടെ സിപിഐഎമ്മിന്റെ ജനമുന്നേറ്റയാത്ര അതുവഴി കടന്നുവന്നതോടെയാണ് സംഘര്‍ഷമുണ്ടായത്. ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയതോടെ പൊലീസ് ലാത്തിവീശി. സംഘര്‍ഷാവസ്ഥ അരമണിക്കൂറോളം നീണ്ടുനിന്നു. സംഘര്‍ഷമുണ്ടാകുമെന്ന കണക്കുകൂട്ടലില്‍ പൊലീസ് സംഘം നേരത്തേ തന്നെ സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. ഇരുവിഭാഗത്തേയും പിരിച്ചുവിടാനുള്ള ശ്രമത്തിനിടെ പൊലീസിന് നേരെ കല്ലേറുണ്ടായി.
ശബരിമല കര്‍മ സമിതിയും ഹിന്ദു ഐക്യവേദിയും പ്രഖ്യാപിച്ച ഹര്‍ത്താലിനെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ആക്രമണസംഭവങ്ങള്‍ അരങ്ങേറുകയാണ്. ഹിന്ദു ഐക്യവേദി പ്രസിഡന്റ് കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പലയിടങ്ങളിലും പ്രതിഷേധത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു. സുരക്ഷയൊരുക്കിയാല്‍ സര്‍വ്വീസ് നടത്താമെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ അറിയിച്ചു. ഹര്‍ത്താല്‍ ആരംഭിച്ച് ആദ്യ മണിക്കൂറുകളില്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയിരുന്നെങ്കിലും പിന്നീട് നിര്‍ത്തിവെക്കുകയായിരുന്നു. ഹര്‍ത്താലിന് ബിജെപി പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.