ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി കിട്ടിയത് നേതാക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. എന്നാല്‍ ആശങ്കപ്പെട്ട് ഇരുന്നിട്ട് മാത്രം കാര്യമില്ലെന്നാണ് അമിത് ഷായുടെ പക്ഷം. 2019ല്‍ വീണ്ടും അധികാരം പിടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞുകഴിഞ്ഞു ബിജെപിയുടെ ബുദ്ധി കേന്ദ്രം.
നിര്‍ണായകമായ ഈ 100 ദിവസത്തിനുള്ളില്‍ 20 സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുന്നില്‍ നിര്‍ത്തി തന്നെ തെരഞ്ഞെടുപ്പിനെ നേരിടാനാണ് അമിത് ഷാ പദ്ധതിയിടുന്നത്. വെറും സന്ദര്‍ശനമല്ല ഉഴുതുമറിച്ചുകൊണ്ടുള്ള പര്യടനം തന്നെയാകും മോദി നടത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യത്തേതു കൂടാതെ ‘മിഷന്‍ 123’ എന്ന പേരില്‍ പദ്ധതിയൊരുക്കിയിരിക്കുകയാണ് ബിജെപി. മത്സരിക്കുന്ന 123 മണ്ഡലങ്ങളിലും വിജയം ഉറപ്പാക്കുക എന്നതാണ് ‘മിഷന്‍ 123’. ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് കഴിഞ്ഞ വര്‍ഷം തന്നെ 123 നിയോജക മണ്ഡലങ്ങളെയും 25 ക്‌ളസ്റ്ററുകളായി പാര്‍ട്ടി തിരിച്ചു കഴിഞ്ഞു. ഓരോ ക്‌ളസ്റ്ററുകളുടെയും ചുമതല പ്രധാനപ്പെട്ട നേതാക്കള്‍ക്ക് വിഭജിച്ച് നല്‍കിയിട്ടുണ്ട്.
കന്നി സമ്മതിദായകരെ ലക്ഷ്യമിട്ടുകൊണ്ട് പഹ്ല വോട്ട് മോദി (ആദ്യത്തെ വോട്ട് മോദിക്ക്) എന്ന മുദ്രാവാക്യവും ബി.ജെ.പി ഉയര്‍ത്തിയിരിക്കുകയാണ്. ഇതുകൂടാതെ ബി.ജെ.പി സര്‍ക്കാര്‍ നടപ്പിലാക്കിയ എല്ലാ ക്ഷേമപദ്ധതികളുടെയും പ്രചരണം വ്യാപകമായി ജനങ്ങളിലേക്കെത്തിക്കാന്‍ ബൂത്ത് തലത്തിലുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അമിത് ഷാ നേരിട്ടു തന്നെ നിര്‍ദേശവും നല്‍കിയതായാണ് സൂചന.
സാധാരണ ഗതിയിലുള്ള പാര്‍ട്ടി റാലികളില്‍ നിന്ന് വിഭിന്നമായി ജനങ്ങളെ കൈയിലെടുക്കാന്‍ തക്കവണ്ണം ക്ഷേമപരിപാടികളുടെയും മറ്റും ഉദ്ഘാടനങ്ങള്‍ സംഘടിപ്പിച്ചു കൊണ്ടാകും പ്രധാനമന്ത്രി തന്റെ സന്ദര്‍ശനം ആരംഭിക്കുക. യുവാക്കള്‍, സ്ത്രീകള്‍, പിന്നാക്ക വിഭാഗക്കാര്‍ എന്നിവരിലൂന്നിയ പ്രവര്‍ത്തന രീതിയാകും ഇത്തവണ ബി.ജെ.പി കൈകൊള്ളുക. ഓരോ വിഭാഗത്തിലും പ്രത്യേക ശ്രദ്ധ നല്‍കുന്നതിലേക്കായി പാര്‍ട്ടി അണികളെ നേതൃത്വം സജ്ജരാക്കി കഴിഞ്ഞു.