ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിലേക്ക്; നിലപാടില്‍ മയംവരുത്തി ഷിന്‍ഡെ.അമിത് ഷായുമായി സഖ്യകക്ഷി നേതാക്കളുടെ കൂടിക്കാഴ്ച നാളെ.

മുംബൈ: മഹാരാഷ്ട്രയിൽ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയാകും.ബിജെപി തീരുമാനത്തെ പിന്തുണയ്ക്കുമെന്നും താൻ തടസമാകില്ലെന്നു പ്രധാനമന്ത്രിയെ അറിയിച്ചെന്നും ശിവസേന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിൻഡെ. മഹാരാഷ്ട്രയിലേത് ജനങ്ങളുടെ വിജയമാണെന്നും ഷിൻഡെ പറഞ്ഞു. മഹായുതിക്ക് വലിയ വിജയം സമ്മാനിച്ച ജനങ്ങൾക്കും പൂർണ പിന്തുണ നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഷിൻഡെ നന്ദി പറഞ്ഞു.ഇതോടെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി മഹായുതി സഖ്യത്തില്‍ ഉണ്ടായിരുന്ന അനിശ്ചിതത്വം അവസാനിക്കുന്നു. ശിവസേന ഷിന്‍ഡെ വിഭാഗം നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെ നിലപാടില്‍ അയവ് വരുത്തിയതോടെയാണിത്. ഇതോടെ

രണ്ട് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടാവും. എന്‍സിപിയുടെ അജിത് പവാര്‍ വീണ്ടും ഉപമുഖ്യമന്ത്രിയാവും. മറ്റൊരു ഉപമുഖ്യമന്ത്രിയായി ഏക്‌നാഥ് ഷിന്‍ഡെ വരുമോ മകന്‍ ശ്രീനാഥ് ഷിന്‍ഡെ വരുമോ എന്നതില്‍ ഇപ്പോള്‍ ഉത്തരമായിട്ടില്ല. മഹായുതി കണ്‍വീനര്‍ സ്ഥാനം ഷിന്‍ഡെ പക്ഷത്തിന് നല്‍കുമോയെന്നതിലും തീരുമാനമായിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ ഷിന്‍ഡെയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യവുമായി അദ്ദേഹത്തിന്റെ അനുയായികള്‍ വ്യാപകമായി രംഗത്തിറങ്ങിയിരുന്നു. ഷിന്‍ഡെയും ഇക്കാര്യത്തില്‍ ഉറച്ചുനിന്നതോടെയാണ് സഖ്യത്തില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി അനിശ്ചിതത്വമുണ്ടായത്. അതിനെ തുടര്‍ന്ന് സംസ്ഥാനത്തേക്ക് ബിജെപി കേന്ദ്ര നിരീക്ഷകരെ നിയോഗിച്ചിരുന്നു. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവും ഭൂപേന്ദര്‍ യാദവുമായിരുന്നു നിരീക്ഷകര്‍. ഇവരുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഷിന്‍ഡെ നിലപാട് മയപ്പെടുത്തിയത്.

ജനങ്ങൾ മഹായുതിക്ക് വോട്ട് ചെയ്തതിന് പ്രധാന കാരണം സംസ്ഥാന സർക്കാർ ജനങ്ങൾക്കായി ആവിഷ്ക്കരിച്ച പദ്ധതികളാണ്. ലാഡ്കി ബഹിൻ പദ്ധതിയുൾപ്പെടെ ജനങ്ങൾ സ്വീകരിച്ചു. മുഖ്യമന്ത്രി സാധാരണക്കാരനായിരിക്കണം. ഞാനൊരു സാധാരണക്കാരനാണ്. കർഷക കുടുംബത്തിൽ നിന്നാണ് വരുന്നത്. പ്രശസ്തിക്കു വേണ്ടിയല്ല, ജനങ്ങൾക്കു വേണ്ടിയാണ് പ്രവർത്തിച്ചത്. അവസാനം വരെ അതുതുടരും. ബാൽതാക്കറെയുടെ മാർഗമാണ് എല്ലായ്പ്പോഴും പിന്തുടർന്നിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു. മഹായുതിയുടെ വിജയം ജനങ്ങൾ തന്ന വലിയ അംഗീകാരമാണ്. കൂടുതൽ ഉത്തരവാദിത്തത്തോടെ കേന്ദ്ര സഹകരണത്തോടെ സംസ്ഥാനത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്നും ഷിൻഡെ പറ‍ഞ്ഞു.

മഹാരാഷ്ട്രയിൽ ഇന്ത്യാസഖ്യത്തെ കടപുഴക്കിയാണ് എൻഡിഎ വിജയിച്ചത്. ബിജെപിയും ശിവസേന ഷിൻഡെ പക്ഷവും എൻസിപി അജിത് പക്ഷവും ഉൾപ്പെടുന്ന ‘മഹായുതി’ (എൻഡിഎ) 288ൽ 234 സീറ്റുമായാണ് ഭരണം നിലനിർത്തിയത്. കേവലഭൂരിപക്ഷത്തിനു വേണ്ടത് 145 സീറ്റാണ്. ബിജെപി ഒറ്റയ്ക്ക് 132 സീറ്റ് നേടി. യഥാർഥ ശിവസേന തന്റേതെന്നു തെളിയിക്കുന്ന വിജയമാണ് ഏക്നാഥ് ഷിൻഡെ നേടിയത്. ഷിൻഡെ പക്ഷത്തിന് 57 സീറ്റ് ലഭിച്ചപ്പോൾ ഉദ്ധവ് പക്ഷത്തിന് ലഭിച്ചത് 20 സീറ്റുകളാണ്. ആറു മാസം മുൻപത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 152 നിയമസഭാ സീറ്റിൽ മ‌ുന്നിട്ടുനിന്ന മഹാവികാസ് അഘാഡി ഇക്കുറി മൂന്നിലൊന്നു സീറ്റിലേക്ക് ഒതുങ്ങുകയായിരുന്നു.

Top