മധ്യപ്രദേശിൽ തെരഞ്ഞെടുപ്പ് നടന്ന 28 സീറ്റുകളിൽ 19 ലും ബിജെപി മുന്നേറുമ്പോൾ രാഹുലല്ല രാജാവ് താൻ തന്നെയന്ന് തെളിയിച്ചിരിക്കുകയാണ് ജ്യോതിരാദിത്യ സിന്ധ്യ . 22 എം.എൽ.എമാരുമായി കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയ സിന്ധ്യ പരാജയം രുചിക്കുമെന്ന് പ്രവചിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് വലിയ തിരിച്ചടി കൂടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ.
മദ്ധ്യപ്രദേശിലെ ഉപതെരഞ്ഞെടുപ്പിൽ സംഭവിച്ച ഇന്നത്തെ ബിജെപിയുടെ വിജയം വാസ്തവത്തിൽ ബിജെപിക്ക് മറ്റൊരു പ്രധാനമന്ത്രി സ്ഥാനാർത്ഥി ഭാവിയിൽ ഉദയം ചെയ്യാനുള്ള സാധ്യതയാണ് തുറന്നത്. മദ്ധ്യപ്രദേശിലെ തെരഞ്ഞെടുപ്പുഫലം വ്യക്തിപരമായി ജ്യോതിരാദിത്യ സിന്ധ്യക്ക് അവകാശപ്പെട്ടതാണ്. ഇനി സിന്ധ്യ ശ്രമിക്കുക മദ്ധ്യപ്രദേശിന്റെ മുഖ്യമന്ത്രി ആകാനായിരിക്കും. സിന്ധ്യമാർക്ക് വലിയ സ്വാധീനവും പാരമ്പര്യമായി ജനങ്ങളുടെ ആദരവുമുള്ള രണ്ടു സംസ്ഥാനങ്ങളാണ് മദ്ധ്യപ്രദേശും രാജസ്ഥാനും. ഇരുപത്തൊൻപതും ഇരുപത്തഞ്ചും വീതം ലോക്സഭാ സീറ്റുകൾ ഉള്ള വലിയ സംസ്ഥാനങ്ങൾ ആണവ. ഈ രണ്ടിടത്തെയും രാഷ്ട്രീയസ്വാധീനവും ബിജെപിയിൽ വന്നത് തനിക്ക് കിട്ടാവുന്ന ഏറ്റവും ഉയർന്ന പദവികൾ തന്നെ ലഭിക്കണമെന്നുള്ള ആഗ്രഹം കാരണമായതിനാലും ഇന്നത്തെ തെരഞ്ഞെടുപ്പുഫലം ജ്യോതിരാദിത്യ സിന്ധ്യയെ അടുത്ത പതിനഞ്ചു വർഷങ്ങൾക്കുള്ളിൽ ബിജെപിക്കകത്തെ ഒരു പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി സ്വയം ഉയർത്തിക്കാണിക്കാൻ പ്രേരിപ്പിക്കും.
കോൺഗ്രസിൽ നിന്നും ബി ജെ പി ക്കുള്ള പ്രധാനവ്യത്യാസം, നല്ലൊരു പാർട്ടി പ്രവർത്തകന് വേണമെങ്കിൽ ബിജെപിയിലെ രാഷ്ട്രീയപ്രവർത്തനം വഴി പ്രധാനമന്ത്രി ആകാനുള്ള സാധ്യതകളെ തുറന്നിടുന്നു എന്നുള്ളതുതന്നെയാണ്.