
ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. പലയിടത്തും വാഹനങ്ങള്‍ തടയുന്നതായാണ് റിപ്പോര്‍ട്ട്. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് നേരെയും കല്ലേറുണ്ടായി. അതിനിടെ തിരുവനന്തപുരത്ത് ട്രെയിനില്‍ കുഴഞ്ഞുവീണയാള്‍ മരിച്ചു. ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ലഭിച്ചില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. അതേസമയം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് ഹോട്ടല്‍ എറിഞ്ഞു തകര്‍ത്തു.
ഹര്‍ത്താലിനിടെയുണ്ടായ അക്രമത്തില്‍ കണ്ണൂരില്‍ അഞ്ച് പേരെ കസ്റ്റഡിയിലെടുത്തു. ആലുവയില്‍ ഗതാഗതം തടസപ്പെടുത്തിയ രണ്ട് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. മലപ്പുറം തവനൂരില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന് തീയിട്ടു. പാലക്കാട് വെണ്ണക്കരയില്‍ സിപിഐഎം നിയന്ത്രണത്തിലുള്ള വായനശാല തകര്‍ത്തു.പേരാമ്പ്രയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറുണ്ടായി. കൊയിലാണ്ടിയില്‍ സിഐയുടെ വാഹനത്തിന് നേരെയും കല്ലേറുണ്ടായി.