ഹരിയാനയിൽ ബിജെപി താഴെപ്പോകും..!! ചർച്ചയാകുക 154 വാഗ്ദാനങ്ങളെന്ന് ഭൂപേന്ദര്‍ സിങ് ഹൂഡ

ന്യൂദല്‍ഹി: ഹരിയാനയില്‍ മനോഹര്‍ ലാല്‍ ഖട്ടാര്‍ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാരിനെ താഴെയിറക്കാനാകുമെന്നതില്‍ തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് കോണ്‍ഗ്രസ് നേതാവും ഹരിയാന മുന്‍ മുഖ്യമന്ത്രിയുമായ ഭൂപേന്ദര്‍ സിങ് ഹൂഡ. വാചകമടിയിലൂടെ മാത്രം തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് ബി.ജെ.പി കരുതിയെങ്കില്‍ തെറ്റിയെന്നും ബി.ജെ.പി ജനങ്ങള്‍ക്ക് നല്‍കിയ 154 വാഗ്ദാനങ്ങള്‍ വാഗ്ദാനങ്ങള്‍ ആയി നിലനില്‍ക്കുകയാണെന്നും ഹൂഡ പറഞ്ഞു.

ബി.ജെ.പി നല്‍കിയ 154 വാഗ്ദാനങ്ങള്‍ ജനങ്ങള്‍ മറന്നിട്ടില്ല. പ്രാദേശിക വിഷയങ്ങള്‍ നോക്കിയാണ് ആളുകള്‍ വോട്ട് ചെയ്യുക. ആര്‍ട്ടിക്കിള്‍ 370 ഉം എന്‍.ആര്‍.സിയും വോട്ടായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഇത്തവണ ബി.ജെ.പി കാത്തിരിക്കുന്നത് വലിയ തിരിച്ചടിയായിരിക്കുമെന്നും ദ വയറിന് നല്‍കിയ അഭിമുഖത്തില്‍ ഹൂഡ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാനത്തെ കോൺഗ്രസ് പ്രവർത്തകർ വലിയ ആവേശത്തിലാണെന്ന് ഹൂഡ പറയുന്നു. താനും പിസിസി അധ്യക്ഷയായ കുമാരി സെൽജയും സംസ്ഥാനത്തെ പത്ത് ലോക്സഭ മണ്ഡലങ്ങളിലും സന്ദർശനം നടത്തി. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം പ്രവർത്തകരുടെ മുഖത്തു കണ്ട നിരാശ ഇപ്പോഴില്ല. കോൺഗ്രസിന്റെ തിരിച്ചു വരവിൽ അവർക്ക് പൂർണ ആത്മവിശ്വാസമുണ്ട്. സമൂഹത്തിലെ എല്ലാ വിഭാഗത്തിൽപ്പെട്ട ആളുകളും ബിജെപി സർക്കാരിന്റെ ഭരണത്തിൽ നിരാശരും രോക്ഷാകുലരുമാണ്. ഹരിയാനയിലെ ജനങ്ങൾ ഇപ്പോൾ കോൺഗ്രസിനൊപ്പമാണ്. ഞങ്ങൾ ഭൂരിപക്ഷം നേടുക തന്നെ ചെയ്യും- ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു. ലോക്സ തിരഞ്ഞെടുപ്പിലെ വിഷയങ്ങളല്ല നിയമസഭ തിരഞ്ഞെടുപ്പിൽ ചർച്ചയാവുകയെന്നും ഹൂഡ കൂട്ടിച്ചേർത്തു.

ബിജെപി അടുത്തിടെ പ്രഖ്യാപിച്ച 5000 കോടിയുടെ വായ്പ എഴുതിത്തള്ളൽ പദ്ധതി കണ്ണിൽപൊടിയിടാൻ വേണ്ടി മാത്രമാണെന്നാണ് ഹൂഡ പറയുന്നത്. തിരിച്ചടച്ച വായ്പകൾക്ക് മാത്രമാണ് ഇത് ബാധകം. അതുകൊണ്ട് തന്നെ കർഷകർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കില്ല. വിള ഇൻഷുറൻസിനുള്ള പദ്ധതിയുടെ പ്രയോജനവും കർഷകർക്ക് ലഭിച്ചിട്ടില്ല. കോൺഗ്രസ് സർക്കാർ കാർഷിക വായ്പകൾ എഴുതി തള്ളുമെന്നും വിളകൾക്ക് നല്ല നിരക്ക് നൽകുമെന്നും ഭൂപിന്ദർ സിംഗ് ഹൂഡ പറയുന്നു. 5 ലക്ഷം തൊഴിൽ സൃഷ്ടിച്ചെന്നും പൊതുമേഖലയിൽ മാത്രം 60,000 തൊഴിലവസരങ്ങൾ നൽകിയെന്നുമാണ് ബിജെപി അവകാശപ്പെടുന്നത്. ഇത് പൊള്ളയായ അവകാശവാദമാണെന്നും ഭൂപീന്ദർ സിംഗ് ഹൂഡ കുറ്റപ്പെടുത്തി. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും കൂടിയ സംസ്ഥാനമാണ് ഹരിയാന.

Top