ഒരു പഞ്ചായത്ത് കിട്ടിയതേയുള്ള: കോട്ടയത്തെ ബി.ജെ.പിയിൽ അടി തുടങ്ങി; പള്ളിക്കത്തോട് പഞ്ചായത്ത് പിടിച്ചതോടെ കാഞ്ഞിരപ്പള്ളി സീറ്റിനായി കൂട്ടയിടി; ഒരു വനിത അടക്കം അഞ്ചേ പേർ മത്സരരംഗത്ത്

കോട്ടയം: ഒരു പഞ്ചായത്തിൽ ഭരണം കിട്ടിയതിനു പിന്നാലെ ജില്ലയിലെ നിയമസഭാ സീറ്റിനെച്ചൊല്ലി ബി.ജെ.പിയിൽ കൂട്ടയടി. വിജയസാധ്യതയുണ്ടെന്നു കണക്കു കൂട്ടുന്ന കാഞ്ഞിരപ്പള്ളി സീറ്റിൽ മത്സരിക്കുന്നതിനു വേണ്ടിയാണ് ബി.ജെ.പിയിൽ കൂട്ടയിടി നടക്കുന്നത്. നിലവിലെ ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യു, മുൻ ജില്ലാ പ്രസിഡന്റ് എൻ.ഹരി, മുൻ കാഞ്ഞിരപ്പള്ളി എം.എൽ.എയും, മുൻ കേന്ദ്രമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം, മുൻ വനിതാ കമ്മിഷൻ അംഗം ഡോ.ജെ.പ്രമീളാ ദേവി എന്നിവരെ കൂടാതെ കാഞ്ഞിരപ്പള്ളിയിലെ കഴിഞ്ഞ തവണത്തെ സ്ഥാനാർത്ഥി മനോജ് എന്നിവരാണ് ഇക്കുറി മത്സരിക്കാൻ കച്ചമുറുക്കുന്നത്.

കഴിഞ്ഞ തവണ മത്സരിച്ച മനോജിന് മണ്ഡലത്തിൽ മുപ്പതിനായിരത്തിലധികം വോട്ട് ലഭിച്ചിരുന്നു. ഇതിനു പിന്നാലെ ഇത്തവണ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ ചരിത്രത്തിൽ ആദ്യമായി പള്ളിക്കത്തോട് പഞ്ചായത്തിന്റെ ഭരണവും ബി.ജെ.പി പിടിച്ചെടുത്തു. ഇതോടെയാണ് ബി.ജെ.പിയിൽ സീറ്റിനു വേണ്ടിയുള്ള ഇടി മുറുകിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എൻ.എസ്.എസിനും, കത്തോലിക്കാ സഭയ്ക്കും നിർണ്ണായക സ്വാധീനമുള്ള കാഞ്ഞിരപ്പള്ളി സീറ്റിൽ മത്സരിച്ചാൽ വിജയിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ ബി.ജെ.പിയിൽ സീറ്റ് മോഹികളുടെ എണ്ണം വർദ്ധിപ്പിച്ചത്. കഴിഞ്ഞ തവണ 30000 വോട്ട് നേടിയതിനാൽ തനിക്ക് തന്നെയാണ് സാധ്യതയെന്ന അവകാശവാദവുമായി കഴിഞ്ഞ തവണത്തെ സ്ഥാനാർത്ഥി മനോജ് രംഗത്ത് എത്തിയിട്ടുണ്ട്. എന്നാൽ, മുൻ എം.എൽ.എയും കാഞ്ഞിരപ്പള്ളിയിലെ പ്രമുഖ കുടുംബാംഗവുമായ അൽഫോൺസ് കണ്ണന്താനത്തിനെ പരിഗണിക്കണമെന്നാണ് ഒരു വിഭാഗം അവകാശപ്പെടുന്നത്.

എന്നാൽ, കേരള കോൺഗ്രസിന്റെ വോട്ടുകളിൽ വിള്ളൽ വീഴ്ത്താൻ മുൻ കേരള കോൺഗ്രസുകാരൻ കൂടിയായ തനിക്ക് തന്നെ സീറ്റ് നൽകണമെന്നതാണ് ജില്ലാ പ്രസിഡന്റ് അഡ്വ.നോബിൾ മാത്യുവിന്റെ അവകാശവാദം. തനിക്ക് മണ്ഡലത്തിലുള്ള നിർണ്ണായക സ്വാധീനവും പള്ളിക്കത്തോട് പഞ്ചായത്ത് പിടിച്ചെടുക്കാൻ സാധിച്ചതും ചൂണ്ടിക്കാട്ടിയാണ് ഇപ്പോൾ മുൻ ജില്ലാ പ്രസിഡന്റ് എൻ.ഹരി രംഗത്ത് എത്തിയിരിക്കുന്നത്.

കാഞ്ഞിരപ്പള്ളി സീറ്റിൽ നിലവിലെ എം.എൽ.എ കേരള കോൺഗ്രസിന്റെ എൻ.ജയരാജാണ്. സി.പി.ഐയാണ് ഇവിടെ കഴിഞ്ഞ തവണ മത്സരിച്ചത്. ഇക്കുറി കേരള കോൺഗ്രസ് ഇടതു മുന്നണിയുടെ ഭാഗമായതിനാൽ എൻ.ജയരാജിന്റെ പേര് തന്നെയാണ് പരിഗണിക്കുന്നത്. ജയരാജ് ഇല്ലെങ്കിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പേരും പരിഗണിക്കുന്നുണ്ട്. സി.പി.ഐയ്ക്കു പകരമം ഒരു സീറ്റ് നൽകുമെന്നും സൂചനയുണ്ട്. സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്നാണ് കോൺഗ്രസിൽ നിന്നും ലഭിക്കുന്ന സൂചന.

കോൺഗ്രസ് സീറ്റ് എറ്റെടുത്താൻ മുൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.ടോമി കല്ലാനിയുടെ പേരിനാണ് പ്രഥമ പരിഗണന. പള്ളിക്കത്തോട് സ്വദേശിയും മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ജിജി അഞ്ചാനിയുടെ പേരും, ലോയേഴ്‌സ് കോൺഗ്രസ് നേതാവ് അഡ്വ.സിബി ചേനപ്പാടിയുടെ പേരും കോൺഗ്രസ് കാഞ്ഞിരപ്പള്ളി സീറ്റിലേയ്ക്കു പരിഗണിക്കുന്നുണ്ട്.

Top