ബിജെപി പ്രവര്‍ത്തകന്‍ കടത്തിക്കൊണ്ടു വന്ന വന്‍ മദ്യശേഖരം പിടികൂടി. ലോക്‌സഭാ തിരഞ്ഞെടുപ്പു കാലത്തു വിതരണത്തിനായി ശേഖരിച്ചതാണ് ഇതെന്നു കരുതുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാര്‍വാര്‍ എംഎല്‍എ രൂപാളി നായികയുടെ അടുത്ത അനുയായി ദിലീപ് മഹാനന്ദ നായികയും സംഘവും കടത്തിയ 7,15,000 രൂപ വില വരുന്ന 2,440 ലീറ്റര്‍ ഗോവന്‍ നിര്‍മിത മദ്യമാണു പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്നു വ്യാഴാഴ്ച രാത്രി നടത്തിയ റെയ്ഡിലാണു മദ്യശേഖരം കണ്ടെത്തിയത്. തിരഞ്ഞെടുപ്പു കാലത്തു വിതരണം ചെയ്യാനായി ഗോവയില്‍ നിന്നു അയല്‍ സംസ്ഥാനങ്ങളിലേക്കു മദ്യം കടത്ത് വര്‍ധിച്ചിട്ടുണ്ട്. ഗോവയില്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന മദ്യമാണ് കടത്തുന്നത്.
വനത്തിലൂടെയോ കടല്‍മാര്‍ഗമോ കാര്‍വാര്‍ ഭാഗത്തേക്കുള്ള കടത്ത്. ഇങ്ങിനെ കൊണ്ടു വരുന്ന മദ്യം വന മേഖലയില്‍ ഒളിപ്പിക്കുകയും രാത്രി കാലത്തു ചരക്കു വാഹനങ്ങളിലും കാറുകളിലും മറ്റും ഇത് ലക്ഷ്യ സ്ഥാനത്ത് എത്തിക്കുകയുമാണു ചെയ്യുന്നത്. മദ്യം കടത്തിയ വാഹനത്തിനു ബെളഗാവി രജിസ്‌ട്രേഷന്‍ നമ്പറാണ് ഉണ്ടായിരുന്നത്. ഈ നമ്പര്‍ വ്യാജമാണെന്ന് അന്വേഷണത്തില്‍ വ്യക്തമായി. പ്രതികള്‍ക്കെതിരെ കേസെടുത്തതായും ഇവരെ പിടികൂടാന്‍ ഊര്‍ജിത തിരച്ചില്‍ ആരംഭിച്ചതായും ഉത്തര കന്നഡ ജില്ലാ എക്‌സൈസ് കമ്മിഷണര്‍ മഞ്ചുനാഥ് അറിയിച്ചു. ഇത്തരത്തില്‍ കടത്തി കൊണ്ടു വന്നു ഗോവ, ഉത്തര കന്നഡ അതിര്‍ത്തിയിലെ വനത്തില്‍ സൂക്ഷിച്ച മദ്യം ദിലീപ് മഹാനന്ദ നായിക, സുഹൃത്തുക്കളായ സുനില്‍ പണ്ഡിറ്റ്, വിഷ്ണു തെലെകാര്‍ എന്നിവര്‍ ചേര്‍ന്നു വാഹനത്തില്‍ കടത്തുന്നതായി വിവരം ലഭിച്ചു. തുടര്‍ന്ന് എക്‌സൈസ് അധികൃതര്‍ ഈ വാഹനം തടഞ്ഞു പരിശോധിക്കാന്‍ ശ്രമിച്ചെങ്കിലും നിര്‍ത്താതെ പോയി. എക്‌സൈസ് സംഘം പിന്തുടര്‍ന്നെങ്കിലും ഇവര്‍ എത്തുമ്പോഴേക്കും അതി വേഗത്തില്‍ പോയ വാഹനം അമദള്ളിയിലെ സീതാറാം പ്രഭാകര്‍ ചിഞ്ചനക്കര്‍ എന്നയാളുടെ വീട്ടിലെത്തി മദ്യം ഇറക്കിയിരുന്നു. എക്‌സൈസ് സംഘം എത്തിയതോടെ കടത്തിയവര്‍ വാഹനത്തില്‍ രക്ഷപ്പെട്ടു. മദ്യം കസ്റ്റഡിയിലെടുത്തു.