കൊച്ചി :തുപ്പല്‍ ബിരിയാണി,ഹലാല്‍ ഭക്ഷണം, വിവാദത്തില്‍ അടുത്ത വിവാദവുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി. പന്നിയിറച്ചി പോലും കഴിക്കാമെന്നാണ് അബ്ദുള്ളക്കുട്ടി പറയുന്നത് .നല്ല മുസ്ലീമെന്ന നിലയില്‍ തനിക്ക് പറയാനുള്ളതെന്ന ആമുഖത്തോടെയാണ് അബ്ദുള്ളക്കുട്ടി ഹലാല്‍ വിഷയത്തിലെ നിലപാട് മാധ്യമങ്ങളോട് വിവരിച്ചത്.
‘ഹലാല്‍ ഭക്ഷണം, തുപ്പല്‍ വിവാദത്തെ സംബന്ധിച്ച് ഒരു നല്ല മുസ്ലീമെന്ന നിലയില്‍ എനിക്ക് പറയാനുള്ളത്, ഒരു സംഘം ജിഹാദി പണ്ഡിതന്‍മാരും മറ്റും യഥാര്‍ത്ഥ ഇസ്ലാമിനെ അപമാനിച്ചുകൊണ്ടിരിക്കുകയാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഹലാല്‍ ഭക്ഷണമെന്താണെന്ന് നിങ്ങള്‍ ചോദിച്ചു. ഞാന്‍ പഠിച്ച ഇസ്ലാം വളരെ പ്രാക്ടിക്കലായ മതമാണ്. ഹലാല്‍ സംബന്ധിച്ച് ഞാന്‍ മനസിലാക്കിയത്, ചില ഘട്ടത്തില്‍ പന്നിയിറച്ചി പോലും നമുക്ക് കഴിക്കാം.
വിശന്ന് പട്ടിണി കിടക്കുന്ന മനുഷ്യന് മറ്റൊന്നും കിട്ടാനില്ലെങ്കില്‍, പന്നിയിറച്ചി ഹറാമല്ലെന്ന് പഠിപ്പിച്ച ഒരു സമുദായത്തെയാണ് ഇന്ന് അപമാനിക്കുന്നത്.” ”ഏറ്റവും അവസാനം തങ്ങളുടെ തുപ്പല്‍ വിവാദമുണ്ടായി. മുസ്ലീം സമുദായത്തിന്റെ കേരളത്തിലെ പ്രശ്‌നം ഒരു നവോത്ഥാന നായകന്‍ ഇല്ല. സംഘടനകള്‍ പെറ്റു പെരുകുന്നു. ആധുനിക കാലത്ത് തുപ്പലിനെ ആര്‍ക്കാണ് ന്യായീകരിക്കാന്‍ സാധിക്കുക. ഇവിടുത്തെ ജിഹാദി ഗ്രൂപ്പ് എന്തിനാണ് ശ്രമിക്കുന്നത്. മുസ്ലീം വിഭാഗത്തിന്റെ ഭക്ഷണം വേഷം പ്രശ്‌നമാണ്. മീശയില്ലാതെ താടി മാത്രം വയ്ക്കുക. വളരെ വികൃതമായ വേഷം. താലിബാനിസമാണ് ഇവിടെ നടക്കുന്നത്. ഇവരെയൊക്കെ പിടിച്ച് അകത്തിടണം.
അതേസമയം ഹലാല്‍ ഫുഡ് വിവാദത്തില്‍ പ്രതികരണവുമായി മുന്‍ എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. മുസ്‌ലിങ്ങള്‍ക്ക് നേരെ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുക എന്ന അജണ്ടയോട് കൂടെയാണ് കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് അവര്‍ പറഞ്ഞു.ദേശീയതലത്തിലും മുസ്‌ലിങ്ങള്‍ ഉടമകളായ ഐ.ഡി. ഫ്രഷ് പോലെയുള്ള സ്ഥാപനങ്ങള്‍ക്ക് നേരെ സംഘപരിവാര്‍ അടുത്ത കാലത്തായി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഈയടുത്തകാലത്തായി ഉണ്ടാക്കിയ ഹലാല്‍ വിവാദവും ആ ലക്ഷ്യം മുന്നില്‍ കണ്ടുള്ളതാണ്.അത്യന്തം വിദ്വേഷം നിറഞ്ഞ ഒരു സാമൂഹിക പശ്ചാത്തലത്തിലേക്കാണ് സംഘപരിവാര്‍ നമ്മുടെ നാടിനെ കൊണ്ടുപോകുന്നതെന്നും അവര്‍ പറഞ്ഞു.സൈബര്‍ രംഗത്ത് നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ക്കെതിരെ പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ടു പോകും. കേരളത്തിന്റെ സാമൂഹികാന്തരീക്ഷം വിഷലിപ്തമാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നും തഹ്‌ലിയ കൂട്ടിച്ചേര്‍ത്തു.
അതിനിടെ ബീഫ് ഫെസ്റ്റിവലിന് പിറകേ ഫുഡ് സ്ട്രീറ്റുമായി സിപിഎം യുവജനസംഘടന ഡിവൈഎഫ്‌ഐ. ‘ഭക്ഷണത്തിൽ മതം കലർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനെതിരെ ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് നടത്തുമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറ് എ.എ. റഹീം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ”ഭക്ഷണത്തിന് മതമില്ലെന്നും നാടിനെ വിഭജിക്കുന്ന ആർഎസ്എസ്സിന്റെ വിദ്വേഷ പ്രചരണങ്ങൾക്കെതിരെ ജാഗ്രതപുലർത്തുക” എന്ന കുറിപ്പിനൊപ്പം ഫുഡ് സ്ട്രീറ്റിന്റെ പോസ്റ്ററും അദ്ദേഹം പങ്കുവെച്ചു. ജില്ലാ കേന്ദ്രങ്ങളിൽ നവംബർ 24 നാണ് ഫുഡ് സ്ട്രീറ്റ് സംഘടിപ്പിക്കുന്നത്. സംഘപരിവാരവും ചില ക്രൈസ്തവ പ്രൊഫൈലുകളും ഉയർത്തിക്കൊണ്ടു വന്ന ഹോട്ടലുകളിലെ ഹലാൽ ഭക്ഷണ വിവാദത്തെ തുടർന്നാണ് ഡിവൈഎഫ്‌ഐ പരിപാടി.
അതേസമയം, ഹലാല്‍ ഭക്ഷണ വിവാദം ഉയര്‍ത്തി മുന്നോട്ടുപോകുന്ന ബി.ജെ.പി നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസും സി.പി.ഐ.എമ്മും രംഗത്തുവന്നിരുന്നു.