മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി മഹാവിഷ്ണുവിന്റെ പതിനൊന്നാം അവതാരമെന്ന് മഹാരാഷ്ട്ര ബിജെപി വക്താവ്. പാര്‍ട്ടി വക്താവായ അവതാര്‍ വാഗ് ട്വീറ്റിലൂടെയാണ് മോദിയെ ഇങ്ങനെ വിശേഷിപ്പിച്ചത്. മോദിയെപ്പോലെ ദൈവതുല്യനായ ഒരു നേതാവിനെ ലഭിച്ചത് രാജ്യത്തിന്റെ ഭാഗ്യമാണെന്നും മറാത്തി ന്യൂസ് ചാനലിനോട് സംസാരിക്കവെ അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. മോദിയെക്കുറിച്ചുള്ള പരാമര്‍ശം ആഘോഷിച്ചത് ട്രോളന്മാരാണ്. നിമിഷങ്ങള്‍ക്കകം നിരവധി ട്രോളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞത്.
Hon PM @narendramodi ji is the 11th #Avatar of Lord Vishnu
यदा यदा हि धर्मस्य…— Avadhut Wagh (@Avadhutwaghbjp) October 12, 2018
നഷ്ടമായി കൊണ്ടിരിക്കുന്ന രാഷ്ട്രീയ മൂല്യത്തെ വീണ്ടെടുക്കാനുള്ള ഉദ്ദേശത്തോടെയാണ് ഇത്തരത്തിലൊരു അഭിപ്രായം പറയുന്നതെന്നും ഇതിന് വ്യാപകമായ പ്രചരണം നടത്തേണ്ട കാര്യമില്ലെന്നും വാഗ് പറഞ്ഞു. വാഗിന്റെ ഈ ട്വീറ്റിനെ വിമര്‍ശിച്ച് കോണ്‍ഗ്രസും രംഗത്തെത്തി. നരേന്ദ്ര മോദിയെ ഇത്തരത്തില്‍ വിശേഷിപ്പിക്കുന്നത് ദേവന്മാരെ അപമാനിക്കലാണെന്നാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം. ബിജെപിയുടെ താണ സാംസ്‌കാരികാവസ്ഥയാണ് ഇത്തരം അഭിപ്രായങ്ങളിലൂടെ പ്രകടമാകുന്നതെന്നും കോണ്‍ഗ്രസ് പാര്‍ട്ടി വക്താവ് അതുല്‍ ലോണ്ഡേ പരിഹസിച്ചു. എന്‍സിപി എംഎല്‍എ ജിതേന്ദ്ര അവഹാദും അവതാര്‍ വാഗിനെതിരെ രംഗത്തെത്തി. എന്‍ജിനീയറിങ് ബിരുദധാരിയായ വാഗിന്റെ ബിരുദസര്‍ട്ടിഫിക്കറ്റ് വ്യാജമാവാനാണ് സാധ്യത എന്നും ജിതേന്ദ്ര അവഹാദ് പറഞ്ഞു.