ചെന്നൈ: ത്രിപുരയിലെ സിപിഎം പ്രതിമകള്‍ തകര്‍ക്കുന്നതിന് പിന്നാലെ പ്രതിമ തകര്‍ക്കല്‍ രാജ്യവ്യാപകമാക്കാന്‍ ബിജെപി. ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജയാണ് ഇത്തരത്തില്‍ സാമൂഹ്യമാധ്യമത്തിലൂടെ പ്രസ്താവന നടത്തിയത്. ത്രിപുരയിലെ ലെനിന്റെ പ്രതിമക്ക് ശേഷം തമിഴ്‌നാട്ടിലെ പെരിയാറിന്റെ പ്രതിമ തകര്‍ക്കുമെന്നായിരുന്നു ഭീഷണി. ഫെയ്‌സ്ബുക് പോസ്റ്റിനു പിന്നാലെ തമിഴ്‌നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ (ഇ.വി.രാമസ്വാമി) പ്രതിമയ്ക്കു നേരെ ആക്രമണം. തിരുപ്പത്തൂര്‍ കോര്‍പറേഷന്‍ ഓഫിസിലെ പെരിയാര്‍ പ്രതിമയാണു ചൊവ്വാഴ്ച രാത്രിയില്‍ നശിപ്പിച്ചത്. പ്രതിമയുടെ മൂക്കും കണ്ണടയും തകര്‍ന്നു.
പോസ്റ്റിട്ട് മണിക്കൂറുകള്‍ക്കകമാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ടു രണ്ടുപേര്‍ അറസ്റ്റിലായി. ഒരാള്‍ ബിജെപിക്കാരനാണെന്ന് പോലീസ് പറഞ്ഞു. രണ്ടുപേരും മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
ചൊവ്വാഴ്ച രാവിലെയാണ് എച്ച്.രാജയുടെ വിവാദ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ‘ആരാണ് ലെനിന്‍? എന്താണ് അദ്ദേഹത്തിന് ഇന്ത്യയുമായുള്ള ബന്ധം? എന്താണ് ഇവിടുത്തെ കമ്യൂണിസ്റ്റുകാരുമായുള്ള ബന്ധം? ത്രിപുരയില്‍ ലെനിന്റെ പ്രതിമയാണു തകര്‍ത്തത്. നാളെ, തമിഴ്‌നാട്ടില്‍ അത് പെരിയാറിന്റേതായിരിക്കും’- രാജ പറഞ്ഞു. സംഭവം വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു.
സമൂഹമാധ്യമത്തിലെ തന്റെ പേജ് പലരും ചേര്‍ന്നാണു നിയന്ത്രിക്കുന്നതെന്നായിരുന്നു രാജയുടെ വിശദീകരണം. അതേസമയം, പെരിയാറുടെ പ്രതിമ തൊടാന്‍ പോലും ആരെയും അനുവദിക്കില്ലെന്ന പ്രസ്താവനയുമായി ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ രംഗത്തെത്തി. അക്രമത്തിനു പ്രേരിപ്പിക്കുന്നതാണു രാജയുടെ ആഹ്വാനം. ഗുണ്ടാനിയമം ചുമത്തി രാജയെ അറസ്റ്റ് ചെയ്യണമെന്നും സ്റ്റാലിന്‍ പറഞ്ഞു. രാജയ്ക്കു മുന്‍പു യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ജി.സൂര്യയും കഴിഞ്ഞദിവസം സമാന ആഹ്വാനവുമായി രംഗത്തെത്തിയിരുന്നു.
‘ത്രിപുരയില്‍ വിജയകരമായി ലെനിനെ താഴെയിറക്കി. അടുത്ത ലക്ഷ്യം തമിഴ്‌നാട്ടില്‍ ഇ.വി.രാമസ്വാമിയുടെ പ്രതിമകളാണ്…’ എന്നാണു സൂര്യ ട്വീറ്റ് ചെയ്തത്. ഒട്ടേറെപ്പേര്‍ ഇതിനെ വിമര്‍ശിച്ചു രംഗത്തെത്തി. തുടര്‍ന്നാണു താന്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ഒരു ദിവസം രാമസാമിയുടെ പ്രതിമകള്‍ ബുള്‍ഡോസര്‍ വച്ചു തകര്‍ക്കുക തന്നെ ചെയ്യുമെന്നും സൂര്യ ആവര്‍ത്തിച്ചത്. രാമസ്വാമിയുടെ പേരിലുള്ള എല്ലാ ട്രസ്റ്റുകളിലുമായി ആയിരക്കണക്കിനു കോടി രൂപയാണുള്ളത്. ഇത് ദ്രാവിഡര്‍ കഴകവും ഡിഎംകെയും ജനങ്ങളില്‍നിന്നു കൊള്ളയടിച്ച പണമാണ്. ദശകങ്ങളായി തുടരുന്ന ഈ കൊള്ളയടി നിര്‍ത്തലാക്കി പണം സര്‍ക്കാരിലേക്കു കണ്ടുകെട്ടുമെന്നും സൂര്യ പറഞ്ഞു.