നരേന്ദ്രമോദി പാര്‍ട്ടി അണികളെ അടിമകളെപ്പോലെ കാണുന്നു..!! രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് രംഗത്ത്

ന്യൂഡല്‍ഹി: ഇലക്ഷന്‍ പ്രചരണവും വോട്ടെടുപ്പും കൊടുമ്പിരികൊള്ളുമ്പോള്‍ ബിജെപിയെ വെട്ടിലാക്കി സ്വന്തം നേതാവ് രംഗത്ത്. മോദിക്കും ബിജെപിക്കുമെതിരെ കടുത്ത ആരോപണങ്ങളാണ് സുപ്രീം കോടതി അഭിഭാഷകനും മുതിര്‍ന്ന ബിജെപി നേതാവുമായ അജയ് അഗര്‍വാള്‍ ഉന്നയിച്ചിരിക്കുന്നത്. രാജ്യത്ത് തിരഞ്ഞെടുപ്പ് സുതാര്യമായി നടന്നാല്‍ ബിജെപി നാല്‍പ്പതിന് മുകളില്‍ സീറ്റ് നേടില്ല എന്നാണ് ബിജെപി നേതാവ് പറയുന്നത്.

മോദിക്ക് നേരിട്ട് എഴുതിയ കത്തിലാണ് ഗുരുതരമായ ആരോപണങ്ങള്‍ അഗര്‍വാള്‍ ഉന്നയിച്ചിരിക്കുന്നത്. 2014ല്‍ സോണിയാ ഗാന്ധിക്ക് എതിരെ റായ്ബറേലിയില്‍ മത്സരിച്ച നേതാവാണ് അജയ്. ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചത് താന്‍ കാരണമാണ് എന്ന് അജയ് അവകാശപ്പെടുന്നു. അന്ന് ഡിസംബര്‍ 6, 2018ല്‍ മണി ശങ്കര്‍ അയ്യരുടെ വീട്ടില്‍ വെച്ച് മന്‍മോഹന്‍ സിംഗും മുന്‍ രാഷ്ട്രപതി ഹമീദ് അന്‍സാരിയും പാകിസ്താന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്ന വിവരം പുറത്ത് വിട്ടത് താനാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്ന് താനത് ചെയ്തില്ലായിരുന്നുവെങ്കില്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് ബിജെപി തോല്‍ക്കുമായിരുന്നുവെന്നും അജയ് കത്തില്‍ പറയുന്നു. ആ കൂടിക്കാഴ്ചയുടെ വിവരം മോദി തന്റെ പല പ്രസംഗങ്ങളിലും ഉപയോഗിച്ചിരുന്നു. അതോടെയാണ് തോല്‍വിയില്‍ നിന്ന് ബിജെപി തലനാരിഴയ്ക്ക് അന്ന് രക്ഷപ്പെട്ടത് എന്നും അജയ് പറയുന്നു.

ആര്‍എസ്എസ് നേതൃത്വം അടക്കം അക്കാര്യത്തില്‍ തന്നെ അംഗീകരിച്ചതായും അജയ് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. റായ്ബറേലിയില്‍ സോണിയാ ഗാന്ധിക്കെതിരെ മത്സരിച്ച ബിജെപി നേതാക്കളില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടിയ നേതാവാണ് അജയ് അഗര്‍വാള്‍. എന്നാല്‍ ഇത്തവണ റായ്ബറേലിയില്‍ അജയ് അഗര്‍വാളിന് ബിജെപി ടിക്കറ്റ് നിഷേധിക്കുകയാണ് ഉണ്ടായത്.

രാജ്യത്ത് ഇത്തവണ സുതാര്യമായ തിരഞ്ഞെടുപ്പാണ് നടക്കുന്നത് എങ്കില്‍ ബിജെപി അവകാശപ്പെടുന്ന 400 സീറ്റുകള്‍ക്ക് പകരം ലഭിക്കുക 40 സീറ്റുകള്‍ മാത്രമാണെന്നും കത്തില്‍ പറയുന്നതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഞെട്ടാന്‍ തയ്യാറായിക്കൊളളൂ എന്നും കത്തില്‍ മോദിയോട് അജയ് അഗര്‍വാള്‍ പറയുന്നു.

മോദിയെ തനിക്ക് 28 വര്‍ഷമായി പരിചയമുണ്ട്. ബിജെപിയുടെ അശോക റോഡിലുളള ഓഫീസില്‍ തങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ തന്നെ മോദി പരിഗണിച്ചതില്‍ ഇരട്ടത്താപ്പുണ്ട് എന്നും മോദിക്ക് നന്ദിയില്ലെന്നും അജയ് പറയുന്നു. റായ്ബറേലിയില്‍ 1 ലക്ഷത്തിലധികം വോട്ടുകള്‍ നേടി ബിജെപിക്ക് അഭിമാനമുണ്ടാക്കിയ ആളാണ് താന്‍. അതിന് മുന്‍പുളള തിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കുറവ് വോട്ടുകളേ കിട്ടിയിട്ടുളളൂ.

ഇത്തവണ മോശം ഇമേജുളള വ്യക്തിക്കാണ് റായ്ബറേലിയില്‍ നിന്നും ബിജെപി ടിക്കറ്റ് നല്‍കിയിരിക്കുന്നത്. ഈ സ്ഥാനാര്‍ത്ഥിക്ക് അന്‍പതിനായിരം വോട്ട് തികച്ച് കിട്ടില്ലെന്ന് അജയ് പറയുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പ് ജയിക്കുന്നതിന് വേണ്ടി മുതിര്‍ന്ന നേതാവായ എല്‍കെ അദ്വാനി രാഷ്ട്രപതി പദവി ത്യാഗം ചെയ്യുകയായിരുന്നുവെന്നും അജയ് പറയുന്നു.

അദ്വാനി രാഷ്ട്രപതിയാകണം എന്നായിരുന്നും ജനം ആഗ്രഹിച്ചിരിന്നത്. എന്നാല്‍ ഗുജറാത്തില്‍ തോല്‍വി മണത്തതോടെ കോണ്‍ഗ്രസ് വോട്ട് ബാങ്കായ കോലി സമുദായത്തെ ആകര്‍ഷിക്കാന്‍ രാം നാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കുകയായിരുന്നു. നരേന്ദ്ര മോദി പാര്‍ട്ടി അണികളെ അടിമകളെ പോലെയാണ് കാണുന്നത്.

24 മണിക്കൂറും പാര്‍ട്ടിക്ക് വേണ്ടി പണിയെടുത്തിട്ടും അര്‍ഹിക്കുന്ന ബഹുമാനം ലഭിക്കുന്നില്ല. നോട്ട് നിരോധനത്തിന്റെ മറവില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട്. അക്കാര്യം ചൂണ്ടിക്കാട്ടി താന്‍ പ്രധാനമന്ത്രിക്ക് കത്തുകള്‍ അയച്ചെങ്കില്‍ അവയൊന്നും അന്വേഷിക്കപ്പെട്ടില്ല. മോദി തന്റെ രോഷം പുറത്ത് കാണിക്കുന്ന തിരക്കിലായിരുന്നു.

മോദി ലോകത്തിലെ തന്നെ ഏറ്റവും ബുദ്ധിമാനായ മനുഷ്യനാണ് എന്ന് അജയ് പരിഹസിക്കുന്നു. മോദിക്ക് ആരുടേയും ഉപദേശം ആവശ്യമില്ല. അതിനാലാണ് ആരോടും കൂടിയാലോചന പോലും നടത്താതെ നോട്ട് നിരോധിച്ചതും പാവപ്പെട്ട ജനങ്ങളെ വരി നിര്‍ത്തി മരണത്തിലേക്ക് നയിച്ചതും എന്നും കത്തില്‍ അജയ് അഗര്‍വാള്‍ എഴുതിയിരിക്കുന്നതായി ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Top