ഹൈദരാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗത്തിനിരയാക്കി കത്തിച്ച കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന പോലീസ് നടപടിക്കെതിരെ തെലങ്കാനയിലെ ബിജെപി നേതൃത്വം. സംസ്ഥാന സര്‍ക്കാരും പോലീസും സംഭവത്തില്‍ വിശദീകരണം നല്‍കണമെന്ന് സംസ്ഥാന ബിജെപി നേതൃത്വം ആവശ്യപ്പെട്ടു. രാജ്യത്താകെ പോലീസ് വെടിവയ്പ്പിനെതിരെ രൂക്ഷമായ വിമർശനം ഉയരുകയാണ്.
കൂട്ടബലാത്സംഗവും കൊലപാതകവും ഹീനമായ കുറ്റകൃത്യമാണ്. അതിനെ ബിജെപി അപലപിക്കുന്നു. നീതി ലഭ്യമാക്കുന്നതിന് ഉത്തരവാദിത്തമുള്ള പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നതായി തെലങ്കാന ബിജെപി വക്താവ് കെ. കൃഷ്ണസാഗര്‍ റാവൂ ചൂണ്ടിക്കാട്ടി.
അതേസമയം ഇത് വെള്ളരിക്കാപ്പട്ടണമല്ല. ഭരണാഘടനയും, നിയമ സംവിധാനവുമുള്ള രാജ്യമാണ് ഇന്ത്യ. കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ അതിനെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയായ രീതിയുമല്ല. തെലങ്കാന സംസ്ഥാന സര്‍ക്കാരും, ഡിജിപിയും എത്രയും പെട്ടെന്ന് വാര്‍ത്താസമ്മേളനം വിളിച്ച് വിശദീകരണം നല്‍കണം. പോലീസിന്റെ വിശദീകരണത്തിനു ശേഷമേ ഉത്തരവാദിത്തപ്പെട്ട ദേശീയ രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ സംഭവത്തില്‍ പ്രതികരിക്കൂ എന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഇതിനിടെ പ്രതികളെ വെടിവെച്ചു കൊന്ന പോലീസ് നടപടിയെ പ്രകീര്‍ത്തിച്ച് ചില ബിജെപി നേതാക്കളും രംഗത്തെത്തി. പോലീസിനെപോലെ പ്രവര്‍ത്തിക്കാന്‍ തെലങ്കാന പോലീസിനെ അനുവദിച്ചതില്‍ നേതാക്കളെയും ഹൈദരാബാദ് പോലീസിനേയും അഭിനന്ദിക്കുന്നതായി ബിജെപി നേതാവ് രാജ്യവര്‍ദ്ധന്‍ സിങ് റാത്തോര്‍ ട്വീറ്റ് ചെയ്തു.
കേസിലെ പ്രതികളെ ഏറ്റുമുട്ടലില്‍ വെടിവച്ചുകൊന്നതില്‍ വിയോജിപ്പുമായി ബിജെപി നേതാവ് മേനകാ ഗാന്ധിയും രംഗത്തെത്തി. അവരെ കോടതി തൂക്കിലേറ്റുകയാണ് വേണ്ടിയിരുന്നതെന്ന് മേനകാ ഗാന്ധി പ്രതികരിച്ചു. ഭയാനകമായ കാര്യമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്ന് മേനകാ ഗാന്ധി അഭിപ്രായപ്പെട്ടു.
കൊല്ലണമെന്നു തോന്നുന്നവരെയെല്ലാം നമുക്കു കൊല്ലാനാവില്ല. അങ്ങനെ നിയമം കൈയിലെടുക്കാന്‍ ആര്‍ക്കും അധികാരമില്ല. അവരെ കോടതി തൂക്കിലേറ്റുകയാണ് വേണ്ടിയിരുന്നത്- മേനക പറഞ്ഞു. ഏറ്റുമുട്ടല്‍ കൊലകള്‍ നിയമവാഴ്ചയുള്ള സമൂഹത്തില്‍ അംഗീകരിക്കാനാവാത്തതാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ പറഞ്ഞു.
അതേസമയം ഹൈദരാബാദ് സംഭവത്തില്‍ വിവരങ്ങള്‍ പൂര്‍ണമായി പുറത്തുവരാതെ അതിനെ അപലപിക്കേണ്ടതില്ലെന്ന് തരൂര്‍ ട്വീറ്റ് ചെയ്തു.ഹൈദരാബാദ് സംഭവത്തില്‍ എന്താണ് നടന്നത് എന്നതില്‍ വ്യക്തതയായിട്ടില്ലെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. പ്രതികളുടെ കൈയില്‍ ആയുധമുണ്ടായിരുന്നെങ്കില്‍ വെടിവച്ചതിന് പൊലീസിന് ന്യായീകരണം പറയാനാവുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതെല്ലാം അറിയുന്നതുവരെ അതിനെ അപലപിക്കേണ്ടതില്ല. എന്നാല്‍ നിയമവാഴ്ചയുള്ള ഒരു സമൂഹത്തില്‍ ഏറ്റുമുട്ടല്‍ കൊലകളെ അംഗീകരിക്കാനാവില്ല തരൂര്‍ പറഞ്ഞു.