തിരുവനന്തപുരം: ശബരിമല വിഷയം ആളി കത്തിച്ച് നിര്‍ത്താനായിരുന്നു ബിജെപി സംസ്ഥാന നേതൃത്വത്തിന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ഇതേ വിഷയം തന്നെ ബിജെപിക്ക് തിരിച്ച് പണി കൊടുക്കുകയാണ്. ബി.ജെ.പി സംസ്ഥാന സമിതി അംഗം വെള്ളനാട് കൃഷ്ണകുമാറും മറ്റനവധി നേതാക്കളും ഉള്‍പ്പെടെ നിരവധിപ്പേര്‍ പാര്‍ട്ടി വിട്ട് സിപിഎമ്മില്‍ ചേരാനൊരുങ്ങുന്നു.തിരുവനന്തപുരം പ്രസ്‌ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇവര്‍ തന്നെയാണ് ഇത് വ്യക്തമാക്കിയത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ ലോക്സഭാ മണ്ഡലത്തില്‍ മത്സരിച്ച് 70000 ലേറെ വോട്ടു നേടിയ ഗിരിജാ കുമാരിയുടെ ഭര്‍ത്താവാണ് കൃഷ്ണകുമാര്‍. ഗിരിജാ കുമരി ബി.ജെ.പി സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളാണ്.
ശബരിമല വിഷയത്തിലെ ബി.ജെ.പിയുടെ സമീപനത്തിലും പാര്‍ട്ടിയുടെ ജനാധിപത്യവിരുദ്ധതയിലും പ്രതിഷേധിച്ചാണ് പാര്‍ട്ടി വിടുന്നതെന്ന് വെള്ളനാട് കൃഷ്ണകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. ശബരിമല സുപ്രീംകോടതി വിധി വന്നയുടന്‍ അതിനെ സ്വാഗതം ചെയ്ത നിലപാടാണ് ആര്‍.എസ്.എസ്സും ബി.ജെ.പിയും സ്വീകരിച്ചതെന്നും ജനാധിപത്യം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഫാസിസ്റ്റു പാര്‍ട്ടിയാണ് ബി.ജെ.പി എന്നു തിരിച്ചറിഞ്ഞാണ് തങ്ങള്‍ പാര്‍ട്ടി വിടുന്നതെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.