മാവോവാദികളുടെ മനുഷ്യാവകാശത്തിന് വേണ്ടി വാദിക്കുന്നത് രാജ്യദ്രോഹം: എംടി രമേശ്; മുഖ്യമന്ത്രിയെ പിന്തുണച്ച് ബിജെപി നേതാവ്

അട്ടപ്പാടിയിലുള്ള മഞ്ചിക്കണ്ടിയിൽ മാവോയിസ്റ്റുകളെ പൊലീസ് വെടിവച്ച് കൊന്ന സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയന് ബി.ജെ.പി. നേതാക്കളുടെ പിന്തുണ ലഭിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും ബിജെപി  അണികൾ മുഖ്യമന്ത്രിയുടെ മാവോവിരുദ്ധ നടപടികളെ പുകഴ്ത്തുന്നുണ്ട്. ഇപ്പോൾ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് മുഖ്യമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തി.

മാവോവാദികളെ അനുകൂലിച്ചുകൊണ്ട് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ രംഗത്ത് വരുന്നതും അങ്ങേയറ്റം അപകടകരമാണെന്നാണ് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് പറഞ്ഞത്. മാത്രമല്ല, മാവോവാദികൾക്ക് ഗുഡ് സർട്ടിഫിക്കറ്റ് നൽകുന്നതും അവരുടെ മനുഷ്യാവകാശത്തിന് വേണ്ടി വാദിക്കുന്നതും മാവോവാദത്തെ മഹത്വവത്കരിക്കുന്ന തരത്തിലുള്ള നിലപാട് സ്വീകരിക്കുന്നതും മാവോവാദം പോലെ തന്നെ രാജ്യദ്രോഹപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ വിഷയത്തിൽ സർക്കാർ ധവളപത്രമിറക്കേണ്ടതുണ്ടെന്നും രമേശ് പറഞ്ഞു. കോഴിക്കോട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തുകൊണ്ട് യു.എ.പി.എ ചുമത്തിയത് ശരിയായ നടപടി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. മാവോവാദികളെ അറസ്റ്റ് ചെയ്ത പൊലീസിന്റെ വീര്യത്തെ കെടുത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് മാവോവാദികളെ പിന്തുണയ്ക്കുന്നവർ നടത്തുന്നതെന്നും എം.ടി രമേശ് പറയുന്നു. ഇന്ന് മാവോവാദികളെ അനുകൂലിക്കുന്നവർ ബി.ജെ.പിയെ എതിർത്തുപോന്നിരുന്നവരാണെന്നും പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.

വാർത്താ സമ്മേളനത്തിലാണ് എം.ടി രമേശ് ഇക്കാര്യങ്ങൾ പറഞ്ഞത്. മാവോവാദികൾ ഏത് ഭീകരരെക്കാൾ അപകടകാരികളാണെന്നും അവർ ഐസിസിനെയും അൽ ഖ്വയിദയെയും പോലെ രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് ഭീഷണി ഉയർത്തുന്നവരാണെന്നും എം.ടി രമേശ് പറഞ്ഞു. മാവോയിസ്റ്റ് പ്രവർത്തനങ്ങൾ കേരളത്തിൽ സജീവമാണെന്നാണ് കുറച്ചു നാളായി പുറത്ത് വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നതെന്നും എം.ടി രമേശ് പറഞ്ഞു.

അട്ടപ്പാടിയിൽ മാവോയിസ്റ്റുകളെ വധിച്ചത് വ്യാജ ഏറ്റുമുട്ടലിന്റെ ഭാഗമായാണോ അല്ലയോ എന്ന് പറയേണ്ടത് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനാണെന്നും രമേശ് പറയുന്നു. കോഴിക്കോട് പൊലീസിന്റെ പിടിയിലായ വിദ്യാർത്ഥികളുടെ കൈയിൽ നിന്നും മാവോവാദത്തെ അനുകൂലിക്കുന്ന രേഖകൾ കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നുണ്ടെന്നും അത് ശരിയാണെങ്കിൽ അവർക്കെതിരെ യു.എ.പി.എ ചുമത്തിയത് ശരിയായ നടപടിയാണ് അദ്ദേഹം ചൂണ്ടിക്കാട്ടി. ലഖുലേഖ വിതരണം ചെയ്തത് യു.എ.പി.എയിൽ പെടുത്തരുതെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. നേരിട്ട് വെടിവച്ചാൽ മാത്രം യു.എ.പി.എ ചുമത്തിയാൽ മതിയോ? എം.ടി രമേശ് ചോദിച്ചു.

എന്നാൽ ഈ വിഷയത്തിലുള്ള മുഖ്യമന്ത്രിയുടെ പൊതു നിലപാടിനെ തള്ളിപ്പറയുന്ന മന്ത്രിമാരുള്ള മന്ത്രിസഭയിൽ കൂട്ടുത്തരവാദിത്തമുണ്ടോ എന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ ഒത്തുകളി നടത്തുകയാണെന്നും എം.ടി രമേശ് ആരോപിച്ചു. മാവോവാദികൾക്കെതിരെ കേസ് ചുമത്തിയത് വലിയ കുറ്റമായിപ്പോയി എന്ന തരത്തിൽ മുഖ്യമന്ത്രിയും സി.പി.എമ്മും നിലപാട് സ്വീകരിക്കുന്നത് കള്ളി വെളിച്ചത്തായത് കൊണ്ടാണെന്നും അത് കേരള പൊലീസിന്റെ മനോവീര്യത്തെ തകർക്കുകയാണെന്നും എം.ടി രമേശ് പറഞ്ഞു. പുൽപ്പള്ളിയിലും ആറളം ഫാമിലും മാവോയിസ്റ്റുകളുടെ ശക്തമായ സാന്നിദ്ധ്യം ഉണ്ടെന്ന് കേന്ദ്ര സർക്കാർ റിപ്പോർട്ട് നൽകിയിട്ടുള്ളതാണെന്നും എം.ടി രമേശ് പറഞ്ഞു.

Top