പിണറായി വീണ്ടും മുഖ്യമന്ത്രിയാകും!! സര്‍വേ ഫലം പുറത്ത്; ശബരിമല വിഷയിൽ 24 ന്യൂസ്  സര്‍വേ പറയുന്നത് ഇങ്ങനെ

ശബരിമല വിഷയം കേരള രാഷ്ട്രീയത്തെ ഇളക്കി മറിച്ചു എന്നത് വസ്തുതയാണ്. മലയാളികളുടെ രാഷ്ട്രീയ ചിന്താ മണ്ഡലത്തില്‍ ശബരിമല വിഷയം ഉണ്ടാക്കിയിട്ടുള്ള പ്രതിഫലനം അറിയുന്നതിനായി 24 ന്യൂസ് നടത്തിയ സര്‍വേ ഫലം പുറത്തു വന്നു. ശക്തമായ രാഷ്ട്രീയം പറയുന്ന മലയാളികളുടെ പ്രതികരണം ഈ സര്‍വേയിലൂടെ പുറത്ത് വന്നിരിക്കുകയാണ്.

‘ശബരിമല വിവാദം: ഉത്തരവാദി ആര്?’ എന്ന ചോദ്യത്തോടെയാണ് സര്‍വേ ഫലങ്ങള്‍ പുറത്തുവിടാന്‍ ആരംഭിച്ചത്. ശബരിമല വിവാദത്തിന്റെ ഉത്തരവാദി സുപ്രീം കോടതിയാണെന്ന് 48 ശതമാനം പേര്‍ വോട്ട് ചെയ്തു. വിവാദങ്ങളുടെ ഉത്തരവാദി എല്‍ഡിഎഫ് ആണെന്ന് 24 ശതമാനം പേരും ബിജെപിയാണെന്ന് 23 ശതമാനം പേരും പറയുന്നു. സ്ത്രീകളെയും പുരുഷന്‍മാരെയും തരംതിരിച്ചും സര്‍വേ നടത്തിയിരുന്നു.

ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഒരു തെരഞ്ഞെടുപ്പ് നടന്നാല്‍ ആരായിരിക്കും അടുത്ത മുഖ്യമന്ത്രി എന്ന ചോദ്യത്തിന് കൂടുതല്‍ പേരും നല്‍കിയ ഉത്തരം ‘പിണറായി വിജന്‍’ എന്നാണ്. സര്‍വേയില്‍ പങ്കെടുത്തവരില്‍ 29 ശതമാനം പേരാണ് പിണറായി വിജയനെ പിന്തുണച്ചത്. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകണം എന്ന് അഭിപ്രായപ്പെട്ടത് വെറും 13 ശതമാനം പേര്‍ മാത്രം. 25 ശതമാനം പേര്‍ മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടി വേണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ 22 ശതമാനം പേര്‍ വി.എസ് അച്യുതാനന്ദനെ പിന്തുണച്ചു. അഞ്ച് ശതമാനം പേര്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയെയും ഏഴ് ശതമാനം പേര്‍ കുമ്മനം രാജശേഖരനെയും പിന്തുണച്ചു.

അതേസമയം, ലോക്സഭാ തെരഞ്ഞെടുപ്പില്‍ നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യും എന്ന ചോദ്യത്തിന് 40 ശതമാനം പേര്‍ എല്‍ഡിഎഫിനെയും യുഡിഎഫിനെയും ഒരുപോലെ പിന്തുണച്ചു. 14 ശതമാനം പേര്‍ എന്‍ഡിഎയെ പിന്തുണച്ചപ്പോള്‍ ആറ് ശതമാനം പേര്‍ മറ്റുള്ളവരെ പിന്തുണച്ചു.

ശബരിമല വിവാദത്തില്‍ സര്‍ക്കാര്‍ നിലപാട് ‘തെറ്റ്’ എന്ന് 61 ശതമാനം പേര്‍ വോട്ട് ചെയ്തു. ശബരിമലയെ മുന്‍നിര്‍ത്തി രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുപ്പ് നടത്തിയെന്ന് 88 ശതമാനം പേര്‍ സര്‍വേയില്‍ പറയുന്നു. ഏത് പാര്‍ട്ടിയാണ് രാഷ്ട്രീയ മുതലെടുപ്പ് കൂടുതല്‍ നടത്തിയതെന്ന ചോദ്യത്തിന് 69 ശതമാനം പേര്‍ ‘ബിജെപി’ എന്നാണ് പറയുന്നത്. ശബരിമലയില്‍ ശരിയായ നിലപാട് എടുത്ത രാഷ്ട്രീയ പാര്‍ട്ടി ഏത് എന്ന ചോദ്യത്തിന് 39 ശതമാനം പേര്‍ സിപിഎമ്മിന് വോട്ട് ചെയ്തു. കോണ്‍ഗ്രസിന് വോട്ട് ചെയ്തത് 36 ശതമാനം പേര്‍. 26 ശതമാനം പേര്‍ ബിജെപിയുടെ നിലപാടാണ് ശരി എന്ന് വോട്ട് ചെയ്തു.

Latest
Widgets Magazine