കേരളത്തിൽ ബിജെപി വലയുന്നു..!! അംഗത്വമെടുക്കാന്‍ നിലവിലുള്ളവരും തയ്യാറായില്ല; വീടുകയറാന്‍ പ്രവര്‍ത്തകരെ കിട്ടാനില്ല

കേരളത്തില്‍ ബിജെപി കനത്ത തിരിച്ചടി നേരിടുന്നു. മെമ്പര്‍ഷിപ്പ് കാമ്പയിനുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വിവരങ്ങളാണ് ബിജെപിയുടെ കേരളത്തിലെ പരിതാപകരമായ അവസ്ഥ തുറന്നുകാട്ടുന്നത്. അമിത് ഷായുടെ നിര്‍ദ്ദേശ പ്രകാരം കേരളത്തില്‍ 30ലക്ഷംപേരെ പാര്‍ട്ടി അംഗങ്ങളാക്കാനുള്ള നീക്കം എങ്ങുമെത്തിയില്ല. മാത്രമല്ല വെറു നാല് ലക്ഷം പേരാണ് ഇതുവരെ അംഗങ്ങളായി ചേര്‍ന്നതെന്നതും പാര്‍ട്ടിയെ വലയ്ക്കുന്നുണ്ട്.

ആഗസ്റ്റ് 11നാണ് കേരളത്തില്‍ അംഗത്വ പ്രചാരണം അവസാനിക്കുന്നത്. നിലവില്‍ 21 ലക്ഷം അംഗങ്ങളാണ് കേരളത്തില്‍ ബി.ജെ.പിക്കുള്ളത്. ഇവരുടെ അംഗത്വംപോലും ഇതുവരെ പുതുക്കാനായിട്ടില്ല. നിലവിലുള്ള അംഗത്വത്തില്‍ 20 ശതമാനം വര്‍ദ്ധനവ് വരുത്തിയാല്‍ മാത്രമേ സംഘടനാ തിരഞ്ഞെടുപ്പ് നടത്താന്‍ കഴിയൂ. ആ നിലക്ക് 25 ലക്ഷം അംഗങ്ങളില്ലെങ്കില്‍ സംഘടനാ തിരഞ്ഞെടുപ്പ് പോലും കേരളത്തില്‍ നടത്താനാകില്ലെന്ന് നേതാക്കള്‍ സൂചിപ്പിക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജൂണ്‍ 7 നാണ് കേരളത്തില്‍ അംഗത്വ പ്രചാരണം തുടങ്ങിയത്. ആഗസ്റ്റ് 11 ന് ക്യാമ്പയിന്‍ അവസാനിക്കും. ദേശീയ തലത്തിലുള്ള ക്യാമ്പയിന്റെ ഭാഗമായിരുന്നു ഇതും. വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തത്. സാധാരണ ഗതിയില്‍ നിലവിലുള്ള അംഗങ്ങള്‍ അംഗത്വം പുതുക്കേണ്ടതില്ല. 2021 വരെ അവര്‍ക്ക് അംഗത്വമുണ്ട് . എന്നാല്‍, നിലവിലുള്ളവരോടും അംഗത്വം പുതുക്കാനാണ് സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടത്.

ഇതുപ്രകാരം അംഗത്വ പ്രചാരണം തുടങ്ങിയെങ്കിലും പഴയതും പുതിയതുമായി 4 ലക്ഷത്തില്‍ താഴെ അംഗങ്ങളെ മാത്രമാണ് ചേര്‍ത്തത്. സാധാരണഗതിയില്‍ അവധി ദിവസമായ ഞായറാഴ്ചകളിലാണ് കാര്യമായ രീതിയില്‍ ഗൃഹസമ്പര്‍ക്കവും അംഗത്വം പ്രചാരണവും നടക്കുന്നത്. ഇതുവരെ നടന്ന അംഗത്വ പ്രചാരണമൊന്നും ലക്ഷ്യത്തിലെത്തിയിട്ടില്ല. ബി.ജെ.പി പ്രവര്‍ത്തകര്‍ സമീപിക്കുമ്പോള്‍ ജനങ്ങളില്‍ നിന്ന് കുഴപ്പമില്ലാത്ത പ്രതികരണമാണെങ്കിലും ബാച്ച് തിരിക്കാനും വീടുകയറാനും ആളെക്കിട്ടാത്തതാണ് പ്രശ്‌നമാണെന്ന് നേതാക്കളില്‍ ചിലര്‍ സൂചിപ്പിക്കുന്നു.

സംസ്ഥാനത്ത് പാര്‍ട്ടി സംഘടനാ യന്ത്രം നിര്‍ജീവമാണെന്നാണ് ചില നേതാക്കള്‍ പറയുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പ്രവര്‍ത്തകരെ ഒന്നിനും കിട്ടാത്ത അവസ്ഥ വന്നു. രാഷ്ട്രീയ കാലാവസ്ഥ അനുകൂലമാണെങ്കിലും അത് പ്രയോജനപ്പെടുത്താന്‍ നേതൃത്വത്തിന് കഴിയുന്നില്ല എന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. നേരത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന ആര്‍.എസ്. എസ് പ്രവര്‍ത്തകരാകട്ടെ ഗുരുപൂജ പോലുളള ആര്‍.എസ്. എസ് പരിപാടികളുടെ തിരക്കിലുമായിരുന്നു. ഇനി അവര്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ തിരക്കിലാവും.

അതേസമയം, നിലവിലുള്ള അംഗങ്ങള്‍ വീണ്ടും അംഗത്വം എടുക്കുന്നതും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. പലരും പുതിയ മൊബൈലില്‍ ആണ് പേര് ചേര്‍ക്കുന്നത്. ഇതുമൂലം ഇവര്‍ പുതിയ അംഗങ്ങളാണെന്ന തെറ്റിദ്ധാരണ വരും. കുറച്ചു കഴിഞ്ഞ്, അംഗത്വമെടുത്തവരുടെ മേല്‍വിലാസങ്ങള്‍ വെരിഫിക്കേഷന്‍ നടത്തുമ്പോള്‍ ഇരട്ട അംഗത്വം പുറത്തുവരുമെന്ന ആശങ്കയും നേതാക്കള്‍ പങ്കുവയ്ക്കുന്നു.

Top