കണ്ണൂർ : നിയമം ലംഘിച്ചുകൊണ്ട് വെല്ലുവിളി രാഷ്ട്രീയത്തിലേക്ക് BJP. നിരോധനാജ്ഞ ലംഘിച്ച് തലശ്ശേരിയിൽ ബിജെപി-ആർഎസ്എസ് പ്രവർത്തകർ തടിച്ചു കൂടിയതിനെ തുടർന്ന് സംഘർഷാവസ്ഥ. തലശ്ശേരിയിലെ ബിജെപി ഓഫീസിന് മുന്നിൽ ഒത്തുചേർന്ന പ്രവർത്തകർ അവിടെ നിന്നും മുദ്രാവാക്യം വിളിയുമായി സിപിഎം ഓഫീസിലേക്ക് വരികയായിരുന്നു.
ഏതാണ്ട് മുന്നൂറോളം ബിജെപി പ്രവർത്തകർ തലശ്ശേരി ടൗണിൽ എത്തിയിട്ടുണ്ട്. നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിലായി ബിജെപി പ്രവർത്തകർ തമ്പടിച്ചു നിൽക്കുന്നുണ്ട്. പത്ത് മിനിറ്റിനകം പ്രതിഷേധം അവസാനിപ്പിക്കണമെന്ന് പൊലീസ് ബിജെപി പ്രവർത്തകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് തടഞ്ഞതിനെ തുടർന്ന് ബിജെപി പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
രണ്ട് ദിവസം മുൻപ് കെ.ടി.ജയകൃഷ്ണൻ മാസ്റ്ററുടെ ചരമവാർഷിക ദിനത്തിൽ ബിജെപി – ആർഎസ്എസ് പ്രവർത്തകർ തലശ്ശേരി നഗരത്തിൽ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിൽ വർഗീയ ചേരിതിരിവുണ്ടാക്കുന്ന മുദ്രാവാക്യങ്ങൾ വിളിക്കുകയും സംഭവം വിവാദമായതിനെ തുടർന്ന് കണ്ടാലറിയുന്ന 25 ആർഎസ്എസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ബിജെപി- ആർഎസ്എസ് പ്രവർത്തകരുടെ പ്രകടനത്തിന് മറുപടിയുമായി കഴിഞ്ഞ ദിവസം എസ്.ഡിപിഐ, യൂത്ത് ലീഗ്, സിപിഎം സംഘടനകൾ തലശ്ശേരി ടൗണിൽ മുദ്രാവ്യം വിളിച്ചിരുന്നു. എസ്‍ഡിപിഐ പ്രകടനത്തിനിടെ വർഗ്ഗീയ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് ഇന്ന് ബിജെപി പ്രവർത്തകർ വീണ്ടും പ്രകടനം നടത്തും എന്ന് പ്രഖ്യാപിച്ചു.
ഇതോടെ തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ണൂർ ജില്ലാ കളക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നു മുതൽ ഡിസംബർ ആറാം തീയതി വരെയാണ് നിരോധനാജ്ഞ. നിരോധനാജ്ഞയുടെ ഭാഗമായി ആളുകൾ കൂട്ടം കൂടി നിൽക്കരുതെന്നും പ്രകടനങ്ങൾക്ക് നിരോധനിച്ചതായും പൊലീസ് അറിയിച്ചിരുന്നു. എന്നാൽ ഈ നിരോധനാജ്ഞ ലംഘിച്ചും ബിജെപി പ്രവർത്തകർ ഇവിടെ സംഘടിക്കുകയായിരുന്നു.
വൈകിട്ട് മൂന്ന് മണിയോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും വളരെ പെട്ടെന്ന് തന്നെ ബിജെപി പ്രവർത്തകർ നഗരത്തിൻ്റെ പലഭാഗത്തായി തമ്പടിച്ചു.
സംഘർഷസാധ്യത ഒഴിവാക്കാൻ പത്ത് മിനിറ്റിനകം പ്രതിഷേധം അവസാനിപ്പിച്ച് സ്ഥലത്ത് നിന്നും മാറണമെന്നും അല്ലാത്ത പക്ഷം എല്ലാവരേയും അറസ്റ്റ് ചെയ്തു നീക്കുമെന്നും പൊലീസ് ബിജെപി നേതാക്കളെ അറിയിച്ചു.
പിന്നീട് ബിജെപി നേതൃത്വത്തിൻ്റെ നിർദേശപ്രകാരം ബിജെപി പ്രവർത്തകർ സമാധാനപരമായി പിരിഞ്ഞു പോയി. അടിയന്തര സാഹചര്യം നേരിടാൻ കണ്ണൂർ കമ്മീഷണർ ആർ.ഇളങ്കോയുടേയും മൂന്ന് അസി.കമ്മീഷണർമാരുടേയും നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമാണ് തലശ്ശേരി നഗരത്തിൻ്റെ എല്ലാ ഭാഗത്തുമായി ക്യാംപ് ചെയ്യുന്നുണ്ട്.