ആലപ്പുഴ: ഇരട്ടകൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ ഇന്ന് വൈകുന്നേരം ചേരാനിരുന്ന സർവകക്ഷിയോഗം മാറ്റിവെച്ചു. ചൊവ്വാഴ്ചത്തേക്കാണ് യോഗം മാറ്റി വെച്ചിരിക്കുന്നത്. സമയം പിന്നീട് അറിയിക്കുമെന്ന് കളക്ടർ എ. അലക്സാണ്ടർ അറിയിച്ചു. യോഗത്തിൽ ബിജെപി നേതാക്കളുടെ സാന്നിധ്യം വളരെ അനിവാര്യമാണെന്ന കണ്ടെത്തലിലാണ് തീയതിയിൽ മാറ്റം വന്നത്.
ഇന്ന് മൂന്ന് മണിക്ക് യോഗം ചേരുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. തുടർന്ന് അഞ്ചുമണിയിലേക്ക് മാറ്റിയെന്ന് അറിയിച്ചു. എന്നാൽ മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും അവഗണിക്കുകയാണെന്നും ചൂണ്ടിക്കാട്ടി യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി നേതൃത്വം അറിയിക്കുകയായിരുന്നു.
അതേസമയം, സമാധാനാന്തരീക്ഷം നിലനിർത്തുന്നതിനായുള്ള സർവകക്ഷിയോഗത്തിന് തങ്ങൾ എതിരല്ലെന്നും ഇന്ന് പങ്കെടുക്കുന്നതിന് അസൗകര്യമുണ്ടെന്നും ബിജെപി അറിയിച്ചു. ഇതേത്തുടർന്നാണ് യോഗം നാളത്തേക്ക് മാറ്റിയത്. കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻറെ സംസ്കാരം വൈകിട്ട് അഞ്ചിന് നടത്താനാകുമോയെന്ന് അറിയില്ലെന്നും സംസ്കാര ചടങ്ങിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി പങ്കെടുക്കുമെന്നും മൂന്നിടത്ത് പൊതുദർശനമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.