ശക്തമായ ത്രികോണമത്സരം നടന്ന തിരുവനന്തപുരം, പത്തനംതിട്ട ലോക്സഭാ മണ്ഡലങ്ങളില്‍ ബി.ജെ.പി.യുടെ വിജയപ്രതീക്ഷ കൂട്ടുന്നത് വിശ്വാസസംരക്ഷണത്തിനെടുത്ത നിലപാടുകള്‍. തിരഞ്ഞെടുപ്പ് അടുത്തതോടെ രണ്ടിടത്തും ഇത് പ്രധാന വിഷയമായി ഉയര്‍ത്താനായതിന്റെ ഗുണം വോട്ടുവിഹിതം ഉയര്‍ത്തുമെന്നും അതുവഴി വിജയം ഉറപ്പിക്കാമെന്നുമാണ് വിലയിരുത്തല്‍. വോട്ടെടുപ്പടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പത്തനംതിട്ടയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെയും സന്ദര്‍ശനം ഗുണംചെയ്തെന്നും പാര്‍ട്ടി നിരീക്ഷിക്കുന്നു.
സംസ്ഥാനത്ത് ബിജെപി ഇത്തവണ ഏറ്റവും പ്രതീക്ഷയുളള മണ്ഡലങ്ങളില്‍ ഒന്നാണ് ശബരിമല ഉള്‍പ്പെടുന്ന പത്തനംതിട്ട. ശബരിമല പ്രക്ഷോഭത്തിന്റെ ഭാഗമായി ജയിലില്‍ കിടന്ന കെ സുരേന്ദ്രനെ ബിജെപി പത്തനംതിട്ടയില്‍ നിയോഗിച്ചത് തന്നെ വിശ്വാസി വോട്ടുകള്‍ ലക്ഷ്യമിട്ട് കൊണ്ടാണ്.
വീണ ജോര്‍ജിനും ആന്റോ ആന്റണിക്കും ശക്തമായ മത്സരം തന്നെ പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ കാഴ്ച വെക്കുകയും ചെയ്തു. സിപിഎം കുടുംബങ്ങളില്‍ നിന്നടക്കം സുരേന്ദ്രന് വോട്ട് കിട്ടിയിട്ടുണ്ട് എന്നാണ് ബിജെപി അവകാശപ്പെടുന്നത്. വലിയ തോതില്‍ ഹിന്ദു ഏകീകരണത്തിനും പത്തനംതിട്ടയില്‍ സാധിച്ചുവെന്ന് ബിജെപി വിലയിരുത്തുന്നു.
പത്തനംതിട്ടയില്‍ കെ സുരേന്ദ്രന്‍ വിജയിക്കും എന്നാണ് ആര്‍എസ്എസ് വിലയിരുത്തല്‍. മൂന്നര ലക്ഷം മുതല്‍ നാല് ലക്ഷം വരെ വോട്ടുകള്‍ സുരേന്ദ്രന് ലഭിക്കും. 27,000 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ നിന്ന് ജയിച്ച് ലോക്സഭയിലേക്ക് എത്തും എന്നാണ് ആര്‍എസ്എസ് കണക്ക് കൂട്ടുന്നത്.
ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ മണ്ഡലത്തില്‍ ശക്തമായ ഹൈന്ദവ ധ്രുവീകരണം നടന്നു എന്നാണ് ആര്‍എസ്എസ് വിലയിരുത്തുന്നത്. കാഞ്ഞിരപ്പള്ളി, അടൂര്‍, കോന്നി എന്നീ നിയോജക മണ്ഡലങ്ങളില്‍ സുരേന്ദ്രന്‍ മുന്നിലെത്തിയേക്കും. ഈ മണ്ഡലങ്ങളിലെ ഹൈന്ദവ ധ്രുവീകരണം സുരേന്ദ്രന് അനുകൂലമാവും എന്നാണ് വിലയിരുത്തല്‍.
മണ്ഡലത്തില്‍ 65 ശതമാനത്തിന് മുകളില്‍ ഹിന്ദുക്കളുടെ വോട്ട് നേടാന്‍ സുരേന്ദ്രന് സാധിച്ചു എന്നാണ് ബിജെപിയുടെ അവകാശവാദം. മാത്രമല്ല വിശ്വാസ സംരക്ഷണത്തിനൊപ്പം നില്‍ക്കുന്ന ഇതര മതസ്ഥരുടെ വോട്ടുകളും സുരേന്ദ്രന് ലഭിച്ചിട്ടുണ്ടെന്ന് ബിജെപി അവകാശപ്പെടുന്നു.
പത്തനംതിട്ടയില്‍ സിപിഎമ്മിന് ലഭിച്ച് കൊണ്ടിരുന്ന ഹിന്ദു കുടുംബങ്ങളിലെ വോട്ടും ഇത്തവണ സുരേന്ദ്രനാണ് ലഭിച്ചിരിക്കുന്നത്. ആചാരവും വിശ്വാസവും തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് എതിരായ വിധിയെഴുത്താണ് പത്തനംതിട്ടയില്‍ ഉണ്ടായിരിക്കുന്നതെന്നും ബിജെപി വിലയിരുത്തുന്നു.
മാത്രമല്ല ശബരിമല വിഷയത്തില്‍ നിരവധി കേസുകളുമായി ജയിലില്‍ കിടന്നു എന്ന പരിഗണനയും സുരേന്ദ്രന് വോട്ട് കിട്ടാന്‍ കാരണമായിട്ടുണ്ട്. വിശ്വാസികളും അവിശ്വാസികളും തമ്മിലുളള മത്സരമാണ് പത്തനംതിട്ടയില്‍ നടന്നത്
പത്തനംതിട്ടയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും സുരേന്ദ്രന്‍ ആയിരത്തിനും രണ്ടായിരത്തിനും ഇടയില്‍ ഭൂരിപക്ഷം നേടും. ആറന്മുള, കോന്നി മണ്ഡലങ്ങളില്‍ ഭൂരിപക്ഷം ഉയരും. എന്നാല്‍ അടൂര്‍ തിരുവല്ല മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറഞ്ഞേക്കുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.
സിപിഎമ്മുകാരില്‍ നിന്ന് മാത്രമല്ല, കോണ്‍ഗ്രസുകാരില്‍ നിന്നും സുരേന്ദ്രന് ഇത്തവണ വോട്ട് ലഭിച്ചിട്ടുണ്ട്. മാത്രമല്ല മണ്ഡലത്തില്‍ എന്‍എസ്എസ്, എസ്എന്‍ഡിപി എന്നീ സാമുദായിക സംഘടനകളുടെ പിന്തുണയും ബിജെപി സ്ഥാനാര്‍ത്ഥിക്ക് തന്നെ ലഭിച്ചുവെന്നും ബിജെപി വിലയിരുത്തുന്നു.
അതേസമയം മണ്ഡലത്തിലെ ദലിത് വിഭാഗത്തില്‍ നിന്നും കാര്യമായ വോട്ട് നേട്ടം സുരേന്ദ്രന് ലഭിച്ചിട്ടില്ല. ആന്റോ ആന്റണിയും വീണ ജോര്‍ജും ശക്തമായ മത്സരമാണ് സുരേന്ദ്രന് എതിരെ പത്തനംതിട്ടയില്‍ കാഴ്ച വെച്ചത്. സുരേന്ദ്രന് പിറകില്‍ രണ്ടാമതായി വീണ ജോര്‍ജ് എത്തുമോ ആന്റോ ആന്റണി എത്തുമോ എന്നത് പ്രവചിക്കാനാവില്ലെന്ന് എന്‍ഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീമര്‍ ടിആര്‍ അജിത് കുമാര്‍ പറഞ്ഞു.