കണ്ണൂര്‍: ശബരിമലയിലെ സ്ത്രീ പ്രവേശന വിധിക്കെതിരായ സമരം ശക്തമാക്കാനുറച്ച് ബിജെപി. നവംബര്‍ അഞ്ചിന് നട തുറക്കുന്ന അവസരത്തില്‍ മലകയറാനെത്തുന്ന സ്ത്രീകളെ തടയുന്നതിനും ബിജെപി വ്യക്തമായ പദ്ധതി ആസൂത്രണം ചെയ്യുന്നു. മണ്ഡല-മകരവിളക്ക് കാലത്ത് ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ തടയാന്‍ 1000 മുതിര്‍ന്ന സ്ത്രീകളെയാണ് ബിജെപി അണി നിരത്തുക.
ശബരിമലയില്‍ വരുന്ന യുവതികളെ അമ്മമാരെ ഉപയോഗിച്ച് തിരിച്ചയക്കാനാണ് ബിജെപി ശ്രമിക്കുന്നത്. പുരുഷന്മാര്‍ക്കുപകരം ഇരുമുടിക്കെട്ടുമായി ദര്‍ശനത്തിനെത്തുന്ന ആയിരം അമ്മമാരെ മുന്നില്‍നിര്‍ത്തി, സര്‍ക്കാര്‍ നിയന്ത്രണങ്ങളെ മറികടക്കുകയാണ് ബി.ജെ.പി. തന്ത്രം.
മണ്ഡല-മകരവിളക്കിന് നടതുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഇവര്‍ നാമജപവുമായി സന്നിധാനത്തുണ്ടാകും. കോടതിവിധി നടപ്പാക്കുന്നതിനെതിരേയും ആചാരസംരക്ഷണം ആവശ്യപ്പെട്ടും ബി.ജെ.പി.യുടേയും എന്‍.ഡി.എ.യുടേയും രണ്ടാംഘട്ടസമരം ചൊവ്വാഴ്ച തുടങ്ങുകയാണ്.
നട തുറന്നാല്‍ സന്നിധാനത്ത് അധികസമയം തങ്ങാനോ ശബരിമല സമരക്കാരുടെ കേന്ദ്രമാക്കാനോ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. 24 മണിക്കൂറില്‍ക്കൂടുതല്‍ ആരെയും നിര്‍ത്തരുതെന്നാണ് പോലീസിന്റെയും ശുപാര്‍ശ. ശബരിമലയും പരിസരവും അവിടേക്കുള്ള പാതകളും അതിസുരക്ഷാമേഖലയാക്കി പോലീസ് വലയത്തിലാക്കുമ്പോള്‍ പ്രതിഷേധങ്ങള്‍ക്ക് പരിധിയുണ്ടാകും.
പുരുഷന്മാര്‍ പ്രതിഷേധത്തിന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ പോലീസ് കടുത്ത നടപടികളിലേക്ക് പോകും. എന്നാല്‍, സ്ത്രീകളാകുമ്പോള്‍ അങ്ങനെയാകില്ല. ഇതൊക്കെ കണക്കിലെടുത്താണ് ബി.ജെ.പി.യുടെ നീക്കം. മുതിര്‍ന്നസ്ത്രീകള്‍ യുവതികളെ പറഞ്ഞുമനസ്സിലാക്കി തിരിച്ചയയ്ക്കുമെന്നാണ് ബി.ജെ.പി. പറയുന്നത്. പോലീസുമായി സംഘര്‍ഷത്തിന് ഇവര്‍ മുതിരില്ല.
നവംബര്‍ 16-ന് വൈകീട്ട് അഞ്ചിനാണ് മണ്ഡലകാല തീര്‍ഥാടനത്തിന് ക്ഷേത്രം തുറക്കുന്നത്. ഡിസംബര്‍ 27-ന് മണ്ഡലപൂജ കഴിഞ്ഞാല്‍ രണ്ടുദിവസം അടയ്ക്കുന്ന ക്ഷേത്രം 30-ന് തുറക്കും. മകരവിളക്ക് കഴിഞ്ഞ് നട അടയ്ക്കുന്നത് ജനുവരി 20-നാണ്. ഈ ദിവസങ്ങളില്‍ ഏതൊക്കെ പ്രദേശങ്ങളില്‍നിന്ന് സ്ത്രീകള്‍ എത്തണമെന്നത് ഉടന്‍ തീരുമാനിക്കും.