ശ്രീധരന്‍പിള്ള സംസ്ഥാന അധ്യക്ഷനാകും, കുമ്മനത്തെ തിരികെ എത്തിക്കും; ലോക്‌സഭാ തെരഞ്ഞെടുപ്പിന് കരുക്കള്‍ നീക്കി ബിജെപി

ന്യൂഡല്‍ഹി: സംസ്ഥാന അധ്യക്ഷനില്ലെന്ന ദുരവസ്ഥയ്ക്ക് അവസാനം കാണാന്‍ ബിജെപി തീരുമാനം. രാജ്യം ഭരിക്കുന്ന പാര്‍ട്ടിയായിട്ടും കേരളത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനത്തിലെത്താന്‍ പാര്‍ട്ടിയ്ക്ക് കഴിഞ്ഞില്ലായിരുന്നു. പി.എസ്. ശ്രീധരന്‍പിള്ളയെ അധ്യക്ഷനാക്കാനാണ് പാര്‍ട്ടിതീരുമാനം എന്ന് റിപ്പോര്‍ട്ട്. രണ്ട് ദിവസത്തിനകം ഔദ്യോഗിക തീരുമാനമാകുമെന്നും റിപ്പോര്‍ട്ടുണ്ട്. ആര്‍.എസ്.എസ് ആണ് പാര്‍ട്ടിയെക്കൊണ്ട് തീരുമാനം എടുപ്പിച്ചത്.

കെ. സുരേന്ദ്രനെ അധ്യക്ഷനാക്കണമെന്ന വി. മുരളീധരപക്ഷത്തിന്റെ നീക്കം ദേശീയ അധ്യക്ഷന്‍ അമിത് ഷാ തള്ളി. ഇതോടെയാണു ശ്രീധരന്‍ പിള്ളയ്ക്കു നറുക്ക് വീണത്. ശ്രീധരന്‍ പിള്ള ഡല്‍ഹിയില്‍ ദേശീയ സംഘടനാ സെക്രട്ടറി രാംലാലുമായി ചര്‍ച്ച നടത്തി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പു വരെ ശ്രീധരന്‍ പിള്ള അധ്യക്ഷ സ്ഥാനത്തു തുടരണമെന്നാണ് ആര്‍എസ്എസ് നിലപാട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്‍പ് കുമ്മനം രാജശേഖരനെ കേരളത്തിലേക്കു തിരികെ കൊണ്ടുവരാനും തീരുമാനമായിട്ടുണ്ട്. നിലവില്‍ മിസോറം ഗവര്‍ണറുടെ ചുമതല വഹിക്കുകയാണ് കുമ്മനം. ഇദ്ദേഹത്തെ തിരികെ രാഷ്ട്രീയത്തിലേക്കു കൊണ്ടുവരുമെന്നാണ് സൂചന. കുമ്മനത്തെ തിരികെക്കൊണ്ടുവന്ന് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിപ്പിക്കണമെന്ന ആവശ്യം ആര്‍എസ്എസും ഉന്നയിച്ചിരുന്നു. കുമ്മനം മല്‍സരിച്ചാല്‍ ജയസാധ്യത കൂടുതലാണെന്നാണ് ആര്‍എസ്എസിന്റെ വിലയിരുത്തല്‍.

മാത്രമല്ല, ഗ്രൂപ്പുകള്‍ക്കതീതനായ പി.എസ്. ശ്രീധരന്‍പിള്ളയ്ക്കു ചുമതല നല്‍കുന്നതില്‍ ആര്‍എസ്എസിനും അനുകൂല നിലപാടാണ്. ആര്‍എസ്എസ് നേതാക്കളില്‍ ആരെയെങ്കിലും അധ്യക്ഷസ്ഥാനത്തേക്കു കെട്ടിയിറക്കാനുള്ള സാധ്യതയില്ല. കെ. സുരേന്ദ്രനുവേണ്ടി മുരളീധര പക്ഷവും എം.ടി. രമേശിനുവേണ്ടി കൃഷ്ണദാസ് പക്ഷവും നിലപാടു കടുപ്പിച്ചതോടെയാണ് അധ്യക്ഷപദത്തിലെ അന്തിമ തീരുമാനം അനിശ്ചിതത്വത്തിലായിരുന്നത്. സുരേന്ദ്രനെ അധ്യക്ഷനാക്കുന്നതില്‍ ആര്‍എസ്എസും എതിര്‍പ്പറിയിച്ചിരുന്നു. എം.ടി. രമേശിനെ അധ്യക്ഷനായി തീരുമാനിച്ചാല്‍ സഹകരിക്കില്ലെന്നു മറുപക്ഷവും നിലപാടെടുത്തിരുന്നു. സമവായ നീക്കവുമായി അമിത് ഷാ കേരളത്തിലെത്തിയെങ്കിലും തീരുമാനമെടുക്കാന്‍ കഴിയാതെ മടങ്ങുകയായിരുന്നു.

കുമ്മനം രാജശേഖരന്‍ സംസ്ഥാന അധ്യക്ഷ പദവി ഒഴിഞ്ഞു രണ്ടുമാസം കഴിഞ്ഞിട്ടും പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിനു കഴിയാതിരുന്നതു വന്‍ വിമര്‍ശനമുണ്ടാക്കിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ രണ്ടാം ഘട്ടം തുടങ്ങേണ്ടതിനാല്‍ അടിയന്തരമായി സംസ്ഥാന അധ്യക്ഷനെ തീരുമാനിക്കണമെന്നായിരുന്നു ബിജെപിയുടെ കേരള ഘടകത്തിന്റെ ആവശ്യം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ഥിയായിരുന്നു ശ്രീധരന്‍ പിള്ള.

Top