ബിജെപി സ്ഥാനാര്‍ഥികളെ ഇനി എസ്എന്‍ഡിപി നിശ്ചയിക്കും: ബിജെപിയില്‍ കൃത്യമായ ഇടപെടലുമായി എസ്എന്‍ഡിപി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വരെ ഇടപെടാനുള്ള ശേഷിയുമായാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഡല്‍ഹിയില്‍ നിന്നും കേരളത്തിലേയ്ക്കു തിരിച്ചെത്തിയത്. കേരളത്തിലെ ഹൈന്ദവ ഏകീകരണത്തിനുള്ള മരുന്ന് തന്റെ പക്കലുണ്ടെന്നു ബിജെപി കേന്ദ്ര നേതൃത്വത്തെ വിശ്വസിപ്പിച്ച നടേശന്‍ കേരള നിയമസഭയില്‍ മുഖ്യമന്ത്രി സ്ഥാനം എന്ന മോഹന സുന്ദരമായ വാഗ്ദാനമാണ് ഇപ്പോള്‍ ബിജെപിയില്‍ നിന്നും സ്വന്തമാക്കിയിരിക്കുന്നത്.
കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കാന്‍ വര്‍ഷങ്ങളായി സാധിക്കാത്ത ബിജെപിക്കു ഇത്തവണ ഏറ്റവും മികച്ച അവസരമാണെന്നാണ് കേന്ദ്ര നേതൃത്വം വിലയിരുത്തുന്നത്. അതുകൊണ്ടു തന്നെയാണ് സംസ്ഥാന നേതാക്കളെ എല്ലാം ഒഴിവാക്കി വിഎച്ച്പിയുടെയും ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും പിന്‍തുണയോടെ ബിജെപി കേന്ദ്ര നേതൃത്വം എസ്എന്‍ഡിപിയെ കേരളത്തിലെ സഖ്യകക്ഷിയാക്കി നിയമിക്കാന്‍ വഴിതേടിയത്. ഇതേ തുടര്‍ന്നാണ് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ബിജെപി കേന്ദ്ര നേതൃത്വവും അമിത് ഷായും, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ചര്‍ച്ച നടത്തിയത്.
കേരളത്തില്‍ ബിജെപിക്കു ഒറ്റയ്ക്കു അക്കൗണ്ട് തുറക്കാനാവില്ലെന്നു കേന്ദ്ര നേതൃത്വത്തിനു ഉറപ്പാണ്. അതുകൊണ്ടു തന്നെ കേരളത്തില്‍ എന്തെങ്കിലും രീതിയില്‍ സ്വാധീനം ഉറപ്പിക്കണമെങ്കില്‍ ഹൈന്ദവ സാമൂദായിക സംഘടനകളെ കൂട്ടു പിടിച്ചെങ്കില്‍ മാത്രമേ സാധിക്കൂകയുള്ളൂ എന്നും ബിജെപി കണക്കു കൂട്ടുന്നു. അതുകൊണ്ടു തന്നെയാണ് കേരള സമൂഹത്തില്‍ നിര്‍ണായക സ്വാധീനമുള്ള എസ്എന്‍ഡിപിയെ കേരളത്തിലെ എന്‍ഡിഎ മുന്നണിയുടെ കടിഞ്ഞാല്‍ ബിജെപി കേന്ദ്ര നേതൃത്വം ഏല്‍പ്പിച്ചിരിക്കുന്നതും.
കേരളത്തിലെ മറ്റു ഹൈന്ദവ പിന്നാക്ക മുന്നാക്ക വിഭാഗങ്ങളുടെ സഹകരണത്തോടെ ആദ്യഘട്ടമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയാണ് ഇപ്പോള്‍ എസ്എന്‍ഡിപി യോഗം ലക്ഷ്യമിടുന്നത്. ഇതിനുള്ള കരുക്കള്‍ നീക്കുന്നതിന്റെ ഭാഗമായാണ് വിഎസ്ഡിപിയുമായി ബിജെപി ചര്‍ച്ചകള്‍ നടത്തിയിരിക്കുന്നത്. ഇതിനു ചുക്കാന്‍ പിടിക്കുന്നതാവട്ടെ വെള്ളാപ്പള്ളി നടേശനും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഇതിനുള്ള പരീക്ഷണം നടത്തിയ ശേഷം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹൈന്ദവ പാര്‍ട്ടി പൂര്‍ണ തോതില്‍ സജ്മാക്കാനാണ് ഇപ്പോള്‍ എസ്എന്‍ഡിപിയും ബിജെപിയും ലക്ഷ്യമിടുന്നത്.

Top