പഞ്ചാബില്‍ അധികാരം നേടിയ ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ പച്ച പിടിക്കില്ലെന്ന് ജനപക്ഷം സെക്കുലര്‍ സംസ്ഥാന അധ്യക്ഷന്‍ പിസി ജോര്‍ജ്.
കേരളത്തില്‍ ഏതെങ്കിലും ഒരു ന്യൂനപക്ഷ വിഭാഗത്തിന് പിന്തുണ ഇല്ലാതെ കാര്യമായി പ്രവര്‍ത്തിക്കാനാവില്ല. എന്നാല്‍, ആം ആദ്മി പാര്‍ട്ടിക്ക് ഒരു ന്യൂനപക്ഷ വിഭാഗത്തിന്റെയും പിന്തുണ ഇല്ലെന്നും, ഈ പാര്‍ട്ടിയുമായി ഒരു തരത്തിലുള്ള സഖ്യത്തിനും താനില്ലെന്നും
പി.സി ജോര്‍ജ് പറഞ്ഞു.
ആം ആദ്മി പാര്‍ട്ടിയും ട്വന്റി20യും ഒരുമിച്ച് ചേര്‍ന്നാലും ഗുണം ഉണ്ടാകില്ല. എല്ലാവര്‍ക്കും ഭക്ഷണ കിറ്റുകള്‍ നല്‍കിയാണ് ട്വന്റി 20 വിജയത്തില്‍ എത്തിയത്. എന്നാല്‍, കേരളത്തില്‍ എല്ലാവര്‍ക്കും ഇത് നല്‍കാന്‍ ട്വന്റി20 നേതൃത്വത്തിന് ആകുമോ എന്നും പി.സി ജോര്‍ജ് ചോദിച്ചു. അതേസമയം, കേരളത്തില്‍ വൈകാതെ കോണ്‍ഗ്രസ് തകരുന്ന സാഹചര്യമാണ് ഉള്ളതെന്നും പി.സി ജോര്‍ജ് പറഞ്ഞു. പകരം ഇവിടെ ബിജെപി ശക്തിപ്രാപിക്കും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ബിജെപി പ്രധാനപ്പെട്ട ശക്തികേന്ദ്രമായി മാറുമെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു. അങ്ങനെ പിണറായി വിജയനും ബിജെപിയും നേരിട്ടുള്ള ഏറ്റുമുട്ടല്‍ ആകും ഉണ്ടാകുക എന്നും പി.സി ജോര്‍ജ് അഭിപ്രായപ്പെട്ടു.
രാജ്യത്തെ കോണ്‍ഗ്രസ് അപമാനകരമായ തോല്‍വിയാണ് ഏറ്റുവാങ്ങുന്നത് . വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് തോല്‍വികള്‍ വിശകലനം ചെയ്തുകൊണ്ടാണ് പി.സി ജോര്‍ജ് അഭിപ്രായം പ്രകടിപ്പിച്ചത്. യുവതലമുറ കോണ്‍ഗ്രസ് നേതൃസ്ഥാനത്ത് എത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും പി.സി ജോര്‍ജ് വ്യക്തമാക്കി.