പിണറായിക്കും സുധീരനും ദര്‍ശനം നല്‍കിയില്ല: കുമ്മനം കുരിശിന്റെ വഴിയേ; ബിഷപ്പുമാരും ബിജെപിയുമായി അടുക്കുന്നു

രാഷ്ട്രീയകാര്യ ലേഖകന്‍

കൊച്ചി: സുധീരന്‍ കാണാന്‍ ചെല്ലാത്ത, പിണറായിക്കു അനുവാദം നല്‍കാത്ത ബിഷപ്പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനു സന്ദര്‍ശാനുമതി നല്‍കിയത് രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചാ വിഷയമാകുന്നു. തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് കഴിഞ്ഞ ദിവസം കുമ്മനം രാജശേഖരനുമായി ചര്‍ച്ച നടത്തിയത്.
സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ നയിക്കുന്ന നവകേരള മാര്‍ച്ചിന്റെ ഭാഗമായി തൃശൂരില്‍ എത്തിയപ്പോള്‍ സിപിഎം നേതാക്കള്‍ ബിഷപ്പിന്റെ ഓഫിസുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍, സന്ദര്‍ശനത്തിനു അനുമതി നല്‍കാന്‍ ബിഷപ്പ് തയ്യാറായില്ലെന്നാണ് സൂചന.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

നവകേരള മാര്‍ച്ചിന്റെ ഭാഗമായി ഓരോ പ്രദേശത്തെയും ജാതിമത സാമുദായിക സംഘടനാ പ്രതിനിധികളും വ്യവസായികളുമായി പിണറായി ചര്‍ച്ച നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് തൃശൂരില്‍ നടന്ന സംവാദത്തിലേയ്ക്കാണ് ബിഷപ്പിനെയും ക്ഷണിച്ചത്. എന്നാല്‍, പിണറായിയെ കാണാന്‍ ബിഷപ്പ് തയ്യാറായില്ലെന്നു മാത്രമല്ല, ബിഷപ്പ് ഹൗസിലെത്താന്‍ പിണറായി ചോദിച്ച അനുവാദം നല്‍കാനും അദ്ദേഹം തയ്യാറായില്ല.

 
വി.എം സുധീരന്‍ പക്ഷേ, പിണറായിയില്‍ നിന്നു വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. തൃശൂരില്‍ ജനരക്ഷാ യാത്രയെത്തിയപ്പോള്‍ ബിഷപ്പിനെ കാണാനോ കൈ മുത്തുന്നതിനോ വി.എം സുധീരന്‍ തയ്യാറായില്ല. പള്ളിയുടെ ആഘോഷപരിപാടികള്‍ നടക്കുന്നതിനാല്‍ യാത്ര താല്കാലികമായി നിര്‍ത്തണമെന്ന ആവശ്യം അംഗീകരിക്കാനും സുധീരന്‍ തയ്യാറായില്ല. അതുകൊണ്ടു തന്നെ യാത്രയില്‍ ആളുകളെ പങ്കെടുപ്പിക്കാതിരിക്കുന്ന നയമാണ് ക്രൈസ്തവ സഭ അധികൃതര്‍ തൃശൂരില്‍ യാത്രയോടു സ്വീകരിച്ചിരുന്നത്.
ഇതിനിടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ വിമോചന യാത്രയെത്തിയത്. ഇതിനിടെ ബിജെപി നേതാക്കള്‍ ബിഷപ്പുമായി ചര്‍ച്ച നടത്തി. കുമ്മനത്തിനു ബിഷപ്പിനെ സന്ദര്‍ശിക്കാന്‍ അനുവാദം നല്‍കണമെന്നു ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നു കഴിഞ്ഞ ദിവസം രാവിലെ ബിഷപ്പ് ഹൗസിലെത്തിയ ആര്‍ച്ച് കുമ്മനം ആര്‍ച്ച് ബിഷപ്പിനൊപ്പം പ്രഭാതഭക്ഷണം കഴിക്കുകയും, ചര്‍ച്ച നടത്തുകയും ചെയ്തു.

വെറും സൗഹൃദ സംഭാഷണമാണെന്നു ബിഷപ്പ് ഹൗസും ബിജെപി നേതൃത്വവും വ്യക്തമാക്കുന്നുണ്ടെങ്കിലും ചര്‍ച്ചയില്‍ രാഷ്ട്രീയമുണ്ടെന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ബിജെപിയ്ക്കു കേരളത്തില്‍ കൂടുതല്‍ ഗുണം ചെയ്യുന്ന രീതിയിലുള്ള നടപടികള്‍ ക്രൈസ്തവ സമൂഹത്തില്‍ നിന്നുണ്ടാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്.

Top