കണ്ണൂർ :തന്റെ വീടിനുനേരെ അജ്ഞാതര്‍ കരിഓയില്‍ പ്രയോഗം നടത്തിയതില്‍ പൊലീസിന് പരാതി നല്‍കാനില്ലെന്ന് നടന്‍ ശ്രീനിവാസന്‍. കരിഓയില്‍ ഒഴിച്ചത് ആരായാലും അവര്‍ പെയിന്റിംഗ് ജോലി അറിയാവുന്നവരാണെന്നും മുഴുവനായി ചെയ്തിരുന്നെങ്കില്‍ ഒരു വര്‍ഷത്തെ പെയിന്റിംഗ് ജോലി ലാഭമായേനെ എന്നും സ്വതസിദ്ധമായ ശൈലിയില്‍ ശ്രീനിവാസന്‍ പ്രതികരിച്ചു.ഒഴിക്കുമ്പോള്‍ മുഴുവനായി ചെയ്തുകൂടേ എന്നാണ് അത് ചെയ്തവരോട് ചോദിക്കാനുള്ളത്. ഞാനിപ്പോള്‍ എറണാകുളത്താണ് ഉള്ളത്. വിവരം അറിയിച്ചവരോട് അത് തുടയ്‌ക്കേണ്ടെന്ന് പറഞ്ഞിട്ടുണ്ട്. കരിഓയില്‍ ഒഴിച്ചതില്‍ ആരെയെങ്കിലും സംശയമുണ്ടെങ്കില്‍ അവരോട് മുഴുവനായി അടിയ്ക്കാന്‍ പറയണമെന്ന് വീട് നോക്കുന്നവരോട് പറഞ്ഞിട്ടുണ്ട്.
അതിക്രൂരമായ ആക്രമണത്തിന് ഇരയായ സഹപ്രവര്‍ത്തകയോട് ഇല്ലാത്ത സ്‌നേഹവും പിന്തുണയുമാണ് മലയാള സിനിമാക്കാര്‍ ജയിലില്‍ കഴിയുന്ന ദിലീപിനോട് കാണിക്കുന്നത്. ഗണേഷും ജയറാമും അടക്കം ജയിലേക്ക് താരങ്ങളുടെ വന്‍ പ്രവാഹമായിരുന്നു. പുറത്തുമുണ്ട് ദിലീപിന് വേണ്ടി കണ്ണീരൊഴുക്കുന്നവര്‍ അനവധി. ദിലീപിനെ അനുകൂലിച്ച് പ്രസ്താവന നടത്തി രാവിരുട്ടി വെളുക്കുമ്പോഴേക്ക് നടന്‍ ശ്രീനിവാസന് ഇതാ പണി കിട്ടിയിരിക്കുന്നു.
ശ്രീനിവാസന്റെ കണ്ണൂര്‍ കൂത്തുപറമ്പ് പൂക്കോടുള്ള വീടിനുനേര്‍ക്കാണ് കരിഓയില്‍ ആക്രമണം നടന്നത്. വീടിന്റെ ഭിത്തിയിലും ഗെയ്റ്റിലും മുറ്റത്തുമെല്ലാമാണ് കരിഓയില്‍ ഒഴിച്ചിരിക്കുന്നതായി ഇന്ന് രാവിലെ ശ്രദ്ധയില്‍പ്പെട്ടത്. നടി അക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനാ കേസില്‍ പൊലീസ് റിമാന്റിലുള്ള നടന്‍ ദിലീപിനെ അനുകൂലിച്ച് ശ്രീനിവാസന്‍ പലതവണ രംഗത്തെത്തിയിരുന്നു. ഇത്തരത്തില്‍ അദ്ദേഹത്തിന്റെ ഭാഗത്തുനിന്ന് ഇന്നലെയും പ്രസ്താവനയുണ്ടായി. കരിഓയില്‍ പ്രയോഗത്തിന് കാരണം അതാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്.ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചുവിശ്വസിക്കുന്നുവെന്നും അത്തരം മണ്ടത്തരങ്ങള്‍ കാണിക്കുന്ന ആളല്ല ദിലീപെന്നുമാണ് ശ്രീനിവാസന്‍ ഇന്നലെ അഭിപ്രായപ്പെട്ടത്.
ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമാന്യബുദ്ധിയുള്ള ആളാണ് ദിലീപെന്നും നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ സത്യമറിയുംമുന്‍പ് ആരുടെമേലും കുറ്റം കെട്ടിവയ്ക്കുന്നത് ശരിയല്ലെന്നും ശ്രീനിവാസന്‍ നേരത്തേ അഭിപ്രായപ്പെട്ടിരുന്നു.
കണ്ണൂരിലെ അക്രമരാഷ്ട്രീയത്തിനെതിരായും ശ്രീനിവാസന്‍ മുന്‍പ് പലതവണ സംസാരിച്ചിട്ടുണ്ട്. കരിഓയില്‍ ആക്രമണത്തിന്റെ കാരണം എന്താണെന്ന് പരിശോധിക്കുകയാണ് പൊലീസ്. കതിരൂര്‍ പൊലീസിനാണ് അന്വേഷണച്ചുമതല. കാത്തുപറമ്പ് പൂക്കോട് ഇരുപത് വര്‍ഷത്തോളമായി ശ്രീനിവാസന് വീടുണ്ട്. പക്ഷേ ഇപ്പോള്‍ സൂക്ഷിപ്പുകാരന്‍ മാത്രമാണ് അവിടെ താമസം.