വിമാനത്തിന്‍റെ ടോയ്‌ലറ്റ് ലീക്കായി; ഹരിയാനയിലെ ഗ്രാമത്തില്‍ നടന്നത്…

ഗുരുഗ്രാം; അപരിചതമായ വല്ലതും കണ്ടാല്‍ അതെടുത്ത് പരിശോധിക്കാനും വീട്ടിലേക്കോടാനും ധൃതി കൂട്ടുന്നവര്‍ക്കുള്ള നല്ലൊരു മുന്നറിയിപ്പാണ് ഇന്നലെ ഹരിയാനയിലെ ഗുരുഗ്രാമിലുണ്ടായ ഒരു സംഭവം. സിനിമകളില്‍ പോലും കാണാന്‍ സാധ്യതയില്ലാത്ത വിധം വിചിത്രമായ ചില കാര്യങ്ങളാണ് ഗുരുഗ്രാമിനടുത്തുള്ള ഫസില്‍പുര്‍ ബദ്‌ലി എന്ന ഗ്രാമം ശനിയാഴ്ച്ച സാക്ഷ്യം വഹിച്ചത്. രാജ്ബിര്‍ യാദവ് എന്ന കര്‍ഷകന്റെ ഗോതമ്പ് പാടത്ത് ശനിയാഴ്ച്ച പ്രഭാതത്തില്‍ ഒരു അജ്ഞാത വസ്തു ആകാശത്ത് നിന്ന് പതിക്കുന്നതോടെയാണ് സംഭവങ്ങളുടെ തുടക്കം.വലിയ ശബ്ദത്തോടെയായിരുന്നു വസ്തു ഭൂമിയില്‍ പതിച്ചതെന്ന് രാജ്ബിര്‍ യാദവ് പറയുന്നു. വെള്ളനിറത്തിലുള്ള സുതാര്യമായ മേല്‍പാളിയോടെ കാണപ്പെട്ട ആ വസ്തുവിന് ഐസ് കട്ടയോളം തണ്ണുപ്പുണ്ടായിരുന്നു.  എന്തായാലും രാജ്ബിര്‍ യാദവിന്റെ പാടത്ത് ആകാശത്ത് നിന്നെന്തോ വീണെന്ന വാര്‍ത്ത ഗ്രാമത്തില്‍ കാട്ടുതീ പോലെ പടര്‍ന്നു. വിവരമറിഞ്ഞ് അടുത്ത ഗ്രാമത്തില്‍ നിന്നു വരെ ആളുകള്‍ രാജ്ബിറിന്റെ ഗോതമ്പ് പാടത്തേക്കെത്തി. വന്ന ഗ്രാമീണരില്‍ പലരും തണ്ണുത്തു മരവിച്ചു കിടക്കുന്ന ആ വസ്തു സൂഷ്മമായി പരിശോധിച്ചു. ഉല്‍ക്ക പോലെ ബഹിരാകാശത്ത് നിന്നും പതിച്ച എന്തെങ്കിലുമായിരിക്കാം അതെന്നായിരുന്നു പലരുടേയും നിഗമനം. അമൂല്യമായ ധാതുക്കളായിരിക്കാം അതിനകത്തെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. എന്തായാലും കാഴ്ച്ചക്കാരായി എത്തിയവരില്‍ ചിലര്‍ കഷ്ടപ്പെട്ട് ഐസ് കല്ല് പൊട്ടിച്ചെടുത്തു. കിട്ടിയ കഷ്ണങ്ങള്‍ വാരിക്കൂട്ടി വീട്ടിലേക്കോടി. അമൂല്യമായ ശിലയും അതിലെ ധാതുകളും ഉരുകി പോകാതിരിക്കാന്‍ പലരും അത് പാത്രത്തിലാക്കി വീട്ടിലെ ഫ്രിഡ്ജില്‍ സൂക്ഷിച്ചു.

ഫസില്‍പുര്‍ ബദ്‌ലിയില്‍ ഒരു അജ്ഞാതവസ്തു പതിച്ച വിവരം അതിനോടകം അധികാരികളും അറിഞ്ഞിരുന്നു. ഫറൂഖാബാദ് ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശം അനുസരിച്ച് കാലാവസ്ഥാ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഗ്രാമത്തിലേക്ക് തിരിച്ചു. അടിയന്തരസാഹചര്യം നേരിടാന്‍  ദുരന്തനിവാരണസേനാ ഉദ്യോഗസ്ഥരേയും വിളിപ്പിച്ചു. എന്തായാലും വിദഗ്ദ്ധസംഘത്തിന്റെ പരിശോധന കഴിഞ്ഞപ്പോള്‍ അജ്ഞാതശിലയ്ക്ക് പിന്നിലെ ദുരൂഹത ഒഴിഞ്ഞു. സംഭവം ഉല്‍ക്കയും വാല്‍നക്ഷത്രവുമൊന്നുമല്ലെന്നും ബ്ലൂ ഐസാണെന്ന് ഉദ്യോഗസ്ഥര്‍ ഗ്രാമവാസികളെ അറിയിച്ചു. വിമാനത്തിന്റെ ടോയ്‌ലറ്റില്‍ നിന്നുമുള്ള മാലിന്യമാണ് ബ്ലൂഐസ്. സൂക്ഷിക്കാനും നശിപ്പിക്കാനുമുള്ള സൗകര്യത്തിനായി ഇവയെ ശീതീകരിച്ചാണ് വിമാനത്തിലെ ടാങ്കില്‍ സൂക്ഷിക്കുക. പ്രത്യേക രാസമിശ്രിതങ്ങള്‍ ഉപയോഗിച്ച് വിമാനത്തിലെ സെപ്റ്റിക് ടാങ്കില്‍ സൂക്ഷിക്കുന്ന മാലിന്യം അതില്‍ നിന്നും ചോര്‍ന്നാവാം ഗ്രാമത്തില്‍ പതിച്ചത്…. അന്തംവിട്ടു നിന്ന ഗ്രാമീണരെ ഉദ്യോഗസ്ഥര്‍ വിശദമായി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി. പ്രാഥമിക പരിശോധനയില്‍ അത് ബ്ലൂഐസാണെന്നാണ് ഞങ്ങള്‍ക്ക് മനസ്സിലായത്. എന്തായാലും ഇക്കാര്യം ശാസ്ത്രീയമായി സ്ഥിരീകരിക്കാനായി  സാമ്പിള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്…. ഉദ്യോഗസ്ഥ സംഘത്തെ നയിച്ച പടൗഡി സബ് കളക്ടര്‍ വിവേക് കാലിയ വ്യക്തമാക്കുന്നു. ഗ്രാമം ഉള്‍പ്പെടുന്ന മേഖല തിരക്കേറിയ വ്യോമപാതയാണെന്നതിനാല്‍ സംഭവം ബ്ലൂഐസ് തന്നെയാവാം എന്നാണ് വ്യോമവിദഗ്ദ്ധരുടേയും നിഗമനം. ഭൂമിയില്‍ പതിച്ച് വളരെ നേരം കഴിഞ്ഞും അലിഞ്ഞു പോകാഞ്ഞതിനാല്‍ ഐസ് കട്ട എന്തോ ബഹിരാകാശവസ്തുവാണെന്ന് ഗ്രാമീണര്‍ വിശ്വസിക്കുകയായിരുന്നുവെന്ന് വിവേക് കാലിയ പറയുന്നു. ശീതകാലമായതിനാല്‍ രാവിലെയുള്ള കൊടും തണ്ണുപ്പില്‍ ബ്ലൂഐസ് ഉരുകാതെ നിന്നതാവാം എന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നേരത്തെ 2016-ല്‍ മധ്യപ്രദേശിലെ സാഗര്‍,ഹര്‍ദ, ദേവാസ് എന്നീ ജില്ലകളിലും സമാനമായ രീതിയില്‍ ബ്ലൂഐസ് വീണ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അന്ന് വിഷയത്തില്‍ ഇടപെട്ട ദേശീയ ഹരിത ട്രൈബ്യൂണല്‍ ഇത്തരം കേസുകളില്‍ അരലക്ഷം രൂപ വച്ച് പിഴ ഈടാക്കണമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനോട് ആവശ്യപ്പെട്ടിരുന്നു. എന്തായാലും അരലക്ഷം നഷ്ടപരിഹാരം വാങ്ങാനുള്ള ആഗ്രഹമൊന്നും ഇപ്പോള്‍ ഫസില്‍പുര്‍ബദില്‍ ഗ്രാമവാസികള്‍ക്കില്ല. ” ഐസ് കട്ട പെറുക്കി വീട്ടില്‍ കൊണ്ടുപോയവരുടെ കാര്യമാണ് കഷ്ടം. പലരും ജോലിക്ക് പോകാതെ വീടും ഫ്രിഡ്ജും വൃത്തിയാക്കി ഇരിക്കുകയാണ്. പ്രദേശവാസിയായ ഒരാളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top