അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ ഇന്ത്യയുടെ നീക്കം;പ്രതിഷേധവുമായി പാകിസ്ഥാന്‍

ന്യൂയോര്‍ക്ക്: അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ ഇന്ത്യ നീക്കം നടത്തുന്നതായി പാകിസ്ഥാന്‍. യുഎന്‍ സുരക്ഷാ കൗണ്‍സിലിന് നല്‍കിയ കത്തിലാണ് പാകിസ്ഥാന്‍ ഇക്കാര്യം ആരോപിച്ചിരിക്കുന്നത്. പാകിസ്ഥാന്റെ ആരോപണത്തോട് ഉചിതമായ സമയത്ത് പ്രതികരിക്കാമെന്ന നിലപാടിലാണ് ഇന്ത്യ.

ഐക്യരാഷ്ട്ര സഭയിലെ പാക് അംബാസഡര്‍ മലീഹ ലോധിയാണ് കത്ത് നല്‍കിയത്. ഈ മാസം നാലിനും ഒന്‍പതിനും രണ്ട് കത്തുകളാണ് കാശ്മീര്‍ വിഷയവുമായി ബന്ധപ്പെട്ട് പാകിസ്ഥാന്‍ യുഎന്‍ സുരക്ഷാ കൗണ്‍സിലിന് കൈമാറിയത്. കത്തുകളെക്കുറിച്ച് അറിഞ്ഞതായി വിദേശകാര്യമന്ത്രാലയം വക്താവ് വികാസ് സ്വരൂപ് ഇന്നലെ പ്രതികരിച്ചിരുന്നു. ഒന്‍പതിന് നല്‍കിയ കത്തിലാണ് കാശ്മീര്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കാന്‍ ഇന്ത്യ പദ്ധതിയിടുന്നതായി പാകിസ്ഥാന്‍ ആരോപിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹിതപരിശോധന എന്ന കാശ്മീരികളുടെ ആവശ്യം സാദ്ധ്യമാക്കാത്ത ഇന്ത്യന്‍ സര്‍ക്കാര്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിച്ച് അവര്‍ക്കിടയില്‍ പ്രത്യക്ഷമായ തടസം ഉണ്ടാക്കുകയാണെന്ന് കത്തില്‍ പാകിസ്ഥാന്‍ ചൂണ്ടിക്കാട്ടുന്നു. മതില്‍ സ്ഥിരം സംവിധാനമാകുമെന്നും 1948 ലെ യുഎന്‍ പ്രമേയത്തിന് വിരുദ്ധമാണ് ഈ നീക്കമെന്നും പാകിസ്ഥാന്‍ കത്തില്‍ പറയുന്നു.

197 കിലോമീറ്റര്‍ വരുന്ന കാശ്മീര്‍ അതിര്‍ത്തിയില്‍ 10 മീറ്റര്‍ ഉയരത്തില്‍ മതില്‍ നിര്‍മിക്കാനാണ് ഇന്ത്യയുടെ നീക്കമെന്നാണ് ആരോപണം. അതേസമയം ഹിസ്ബുള്‍ മുജാഹിദ്ദീന്‍ നേതാവ് സയ്യീദ് സലാഹുദ്ദീന്റെ ആരോപണമാണ് പാകിസ്ഥാന്‍ ഏറ്റുപിടിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം വക്താവ് വികാസ് സ്വരൂപ് വ്യക്തമാക്കി. ഇന്ത്യ തീവ്രവാദിയായി കാണുന്ന വ്യക്തിയാണ് സലാഹുദ്ദീന്‍ എന്നും വികാസ് സ്വരൂപ് കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം യുഎന്‍ പൊതുസഭയില്‍ ഉന്നയിക്കണമെന്ന് സലാഹുദ്ദീന്‍ കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനോട് ആവശ്യപ്പെട്ടിരുന്നു.

സെപ്തംബര്‍ നാലിന് നല്‍കിയ കത്തില്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നാണ് പാകിസ്ഥാന്‍ ആരോപിക്കുന്നത്. എന്നാല്‍ ഈ വാദം തന്നെ തെറ്റാണെന്നും ഇരുരാജ്യങ്ങളുടെയും അതിര്‍ത്തി സംരക്ഷണ സേനകള്‍ തമ്മില്‍ ഇതിനോടകം ചര്‍ച്ച നടത്തിയതായും വികാസ് സ്വരൂപ് ചൂണ്ടിക്കാട്ടി.

Top