തിരു:നെയ്യാറ്റിൻകരയിൽ ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ തർക്കഭൂമി ഉടമയുടെ കയ്യിൽ നിന്നും വിലയ്ക്ക് വാങ്ങി വ്യവസായിയായ ബോബി ചെമ്മണ്ണൂർ. ഭൂമിയുടെ രേഖകൾ രാജന്‍റെ അമ്പിളിയുടെയും കുട്ടികൾക്ക് കൈമാറുമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു.നെയ്യാറ്റിൻകരയിൽ കുടിയൊഴിപ്പിക്കലിനിടെ പൊള്ളലേറ്റു മരിച്ച ദമ്പതികളുടെ മക്കൾ രാഹുലിനും രഞ്ജിത്തിനും ഇനി ആശ്വസിക്കാം. അച്ഛനും അമ്മയും ഉറങ്ങുന്ന മണ്ണ് ഇനിയവർക്ക് സ്വന്തം. ഇവിടെനിന്ന് ഇനിയാരും അവരെ കുടിയിറക്കാൻ വരില്ല. പ്രമുഖ വ്യവസായി ബോബി ചെമ്മണൂർ ആണ് പരാതിക്കാരി വസന്ത ചോദിച്ച അതേ തുക നൽകി ഭൂമി വാങ്ങിയത്.
‘ഞങ്ങളുടെ അമ്മയും അച്ഛനും ഉറങ്ങുന്ന ആ മണ്ണ് ഞങ്ങൾക്ക് വേണം. ഇവിടെ തന്നെ ഞങ്ങൾക്ക് വീട് വച്ചുതന്നാൽ മതി. ഈ മണ്ണ് വിട്ട് ഞങ്ങൾ എങ്ങോട്ടുമില്ല..’- മാതാപിതാക്കളുടെ ദാരുണമരണത്തിനു ശേഷം കുട്ടികളുടെ തീരുമാനം അതായിരുന്നു. സർക്കാരും യൂത്ത് കോൺഗ്രസും പിന്നാലെ ഒരുപാട് സംഘടനകളും കുട്ടികളുടെ സഹായത്തിനായി എത്തിയെങ്കിലും ഭൂമി അവരുടേതാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ് വസന്ത പറഞ്ഞ വില കൊടുത്ത് ബോബി ചെമ്മണ്ണൂർ കുട്ടികൾക്കായി ഭൂമി വാങ്ങിയത്.
‘രേഖകളെല്ലാം തയാറാക്കി വസന്ത പറഞ്ഞ വിലയ്ക്ക് ഞാൻ ആ ഭൂമി വാങ്ങി. കുട്ടികളുടെ പേരിൽ റജിസ്റ്റർ ചെയ്ത ഭൂമിയുടെ രേഖകൾ ഇന്നുതന്നെ കുട്ടികൾക്ക് കൈമാറും. ഒപ്പം കുട്ടികളെ ഞാൻ തൃശൂർ ശോഭ സിറ്റിയിലെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും. ആ സ്ഥലത്ത് വീട് പണി പൂർത്തിയായ ശേഷം അവരെ തിരിച്ചുകൊണ്ടുവരും.
വാങ്ങിയ സ്ഥലത്ത് പുതിയ വീട് ബോബി ചെമ്മണ്ണൂർ നിർമ്മിച്ചു നൽകുമെന്നും വീടിൻറെ പണി തീരുന്നത് വരെ കുട്ടികളുടെ സംരക്ഷണവും ഏറ്റെടുക്കുമെന്ന് ബോബി ചെമ്മണ്ണൂർ അറിയിച്ചു. ബോബി ചെമ്മണ്ണൂരിന്‍റെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ രംഗത്ത് എത്തിയിരിക്കുന്നത്.നെയ്യാറ്റിന്‍കര തർക്കഭൂമിയിൽ ഒഴിപ്പിക്കൽ നടപടിക്കിടെയാണ് രാജന്‍ ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് തീകൊളുത്തി മരിച്ചത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്.
മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടിയാണ് രാജനും ഭാര്യയും രണ്ട് ആൺ മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. രാജൻ ഭൂമി കൈയേയ്യേറിയെന്നാരോപിച്ച് അയൽവാസി വസന്ത കോടതിയിൽ കേസ് നൽകിയിരുന്നു. ആറ് മാസം മുമ്പ് രാജനെതിരെ കോടതി വിധി പറഞ്ഞു.കോടതി ഉത്തരവിനെത്തുടര്‍ന്ന് കുടിയൊഴിപ്പിക്കാനായി പൊലീസ് വീട്ടിലെത്തിയപ്പോൾ കുടിയൊഴിപ്പിക്കല്‍ തടയാനായി രാജന്‍ ഭാര്യയെ ചേര്‍ത്തുപിടിച്ച് പെട്രോള്‍ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. രാജന്‍ കത്തിച്ച ലൈറ്റര്‍ പൊലീസ് തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നു.