സ്വന്തം ലേഖകൻ
മുംബൈ :ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ വീട്ടിൽ ഉൾപ്പടെ നാലിടങ്ങളിൽ ബോംബ് വച്ചതായി അജ്ഞാത ഫോൺ സന്ദേശം. അമിതാഭ് ബച്ചന്റെ ജുഹുവിലെ ബംഗ്‌ളാവിലും മുംബയ് സിഎസ്ടി റെയിൽവെ സ്‌റ്റേഷൻ, ബൈക്കുള, ദാദർ റെയിൽവെ സ്‌റ്റേഷനുകളിലും ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു മുംബൈ പൊലീസ് കൺട്രോൾ റൂമിലേക്ക് അജ്ഞാത ഫോൺ സന്ദേശം വന്നത്.
സന്ദേശം ലഭിച്ചയുടൻ റെയിൽവെ പരിസരങ്ങളിൽ റെയിൽവേ പൊലീസ്, റെയിൽവെ പ്രൊട്ടക്ഷൻ ഫോഴ്‌സ്, ബോംബ് സ്‌ക്വാഡ്, ഡോഗ് സ്‌ക്വാഡ്, പൊലീസ് എന്നിവർ പരിശോധന നടത്തി. എന്നാൽ പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.
ശക്തമായ പൊലീസ് കാവൽ ഇവിടങ്ങളിലെല്ലാം ഏർപ്പെടുത്തി. പൊലീസ് പരിശോധനയെ തുടർന്ന് മുംബൈ നഗരത്തിൽ ജനങ്ങൾ ആശങ്കയിലായിട്ടുണ്ട്. അതേസമയം ഫോൺ ചെയ്തയാളെ കണ്ടെത്താനുളള അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി.
നേരത്തെ മുംബൈ സെക്രട്ടറിയേറ്റിൽ ബോംബ് വച്ചതായി വ്യാജ സന്ദേശം വന്നിരുന്നു. അന്വേഷണത്തിൽ നാഗ്പൂരിലെ ഒരു കർഷകനാണ് ഇത് ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
അമിതാഭ് ബച്ചന്റെ ബംഗ്‌ളാവിലും ബോംബ് സ്‌ക്വാഡും അന്വേഷണ സംഘവും പരിശോധന നടത്തി. എന്നാൽ ഒന്നും കണ്ടെത്തിയില്ല. ഇതോടെ വന്നത് വ്യാജ ബോംബ് ഭീഷണിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.