ബൂത്ത് മുതൽ കെപിസിസി വരെ പുനസംഘടിപ്പിക്കാൻ കോൺഗ്രസ്; നയരേഖയുമായി സതീശൻ കമ്മിറ്റി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പു തോൽവിയുടെ പശ്ചാത്തലത്തിൽ കോൺഗ്രസിൽ സജീവ അഴിച്ചു പണി വരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവി വിലയിരുത്താൻ ചേർന്ന കെപിസിസി നിർവാഹക സമിതി യോഗത്തിലാണ് കോൺഗ്രസിൽ സജീവ അഴിച്ചു പണിക്കു കളമൊരുക്കുന്നത്.
കെ.പി.സി.സി. നിർവാഹകസമിതി വി.ഡി. സതീശൻ അധ്യക്ഷനായ സമിതിയെ ഇതിനായി ചുമതലപ്പെടുത്തി.
നയരേഖയുടെ അടിസ്ഥാനത്തിൽ പാർട്ടിയുടെ ബൂത്ത് മുതൽ കെ.പി.സി.സി. തലം വരെ പുനഃക്രമീകരണം നടത്തും. ഡി.സി.സി പ്രസിഡന്റുമാരുൾപ്പെടെയുള്ളവരെ ആവശ്യമെങ്കിൽ മാറ്റും. തെരഞ്ഞെടുപ്പ് തോൽവിയെക്കുറിച്ചു പരിശോധിക്കുന്നതിനു നാല് മേഖലാസമിതികളെയും നിയോഗിച്ചു. തെരഞ്ഞെടുപ്പ് തോൽവിക്ക് എല്ലാനേതാക്കളും ഉത്തരവാദികളാണെന്നും ഈ ഫലത്തിന്റെ അടിസ്ഥാനത്തിൽ കെ.പി.സി.സിയുടെ മദ്യനയത്തിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും യോഗതീരുമാനങ്ങൾ വിശദീകരിച്ച കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരൻ അറിയിച്ചു.
വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ പാലോട് രവി, ജോൺസൺ ഏബ്രഹാം, പി.എം. സുരേഷ്ബാബു, മാന്നാർ അബ്ദുൾ ലത്തീഫ്, ബിന്ദുകൃഷ്ണ എന്നിവർ അംഗങ്ങളാണ്. നയരേഖയുടെ അടിസ്ഥാനത്തിലായിരിക്കും സംഘടനാ പുനക്രമീകരണം നടത്തുക.
പാർട്ടിയുടെ കമ്മിറ്റികൾ പ്രത്യേകിച്ചു ബൂത്ത്തലത്തിലുള്ളവ സജീവമായിരുന്നില്ലെന്നാണു കണ്ടെത്തിയിട്ടുള്ളത്. മണ്ഡലം, നിയോജകമണ്ഡലം കമ്മിറ്റികളിലും പുനഃക്രമീകരണങ്ങൾ നടത്തും. ജില്ലാതലത്തിലും ആവശ്യമായ മാറ്റങ്ങളുണ്ടാകും. ഗ്രൂപ്പ് അതിപ്രസരമില്ലാതെ ജനസ്വീകാര്യതയും കർമശേഷിയുമുള്ള പ്രവർത്തകരുടെ സേവനം കൂടുതൽ പ്രയോജനപ്പെടുത്തും. കമ്മിറ്റി തയാറാക്കുന്ന നയരേഖ പാർട്ടിയുടെ താഴേത്തട്ടിൽ ചർച്ചചെയ്തു കെ.പി.സി.സി. നിർവാഹകസമിതി അംഗീകരിച്ചു നടപ്പാക്കും.
തെരഞ്ഞെടുപ്പിലെ പ്രവർത്തനങ്ങളെക്കുറിച്ചു വിലയിരുത്താനായി നാലു മേഖലാകമ്മിറ്റികൾക്കു രൂപം നൽകി. തിരുവനന്തപുരം, കൊല്ലം പത്തനംതിട്ട അടങ്ങുന്ന മേഖലയിലെ പ്രശ്‌നങ്ങൾ പരിശോധിക്കുന്ന കമ്മിറ്റിയുടെ തലവൻ ജോൺസൺ ഏബ്രഹാമായിരിക്കും. ബാബു പ്രസാദ്, ജയ്‌സൺ ജോസഫ് എന്നിവരായിരിക്കും അംഗങ്ങൾ.
ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളുടെ കമ്മിറ്റിയുടെ തലവൻ ഭാരതിപുരം ശശിയാണ്. ശൂരനാട് രാജശേഖരൻ, ബിന്ദുകൃഷ്ണ എന്നിവർ അംഗങ്ങളായിരിക്കും. പാലക്കാട്, കോഴിക്കോട്, മലപ്പുറം ജില്ലകൾക്കുള്ള കമ്മിറ്റിയെ നയിക്കുക സജീവ് ജോസഫായിരിക്കും പ്രഫ: ജി. ബാലചന്ദ്രൻ, അബ്ദുൾ മുത്തരിഫ് എന്നിവർ അംഗങ്ങളും. വയനാട്, കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ പരാജയം പരിശോധിക്കുന്ന കമ്മിറ്റിയുടെ കൺവീനർ വി.എ. നാരായണനാണ്. കെ.പി. അനിൽകുമാറും വി.വി. പ്രകാശും ഇതിൽ അംഗങ്ങളുമായിരിക്കും.
സി.പി.എമ്മിന്റെ വർഗീയ പ്രചാരണമാണു തെരഞ്ഞെടുപ്പ് പരാജയത്തിന് ഒരു കാരണമെന്നാണു പാർട്ടിയുടെ വിലയിരുത്തൽ. ഇതിലൂടെ കോൺഗ്രസിനൊപ്പംനിന്ന ന്യൂനപക്ഷസമൂഹങ്ങൾ അകന്നു. ഇതെല്ലാം ഉൾക്കൊണ്ട് മതേതരത്വം ഉയർത്തിപ്പിടിച്ചു മുന്നോട്ടുപോകും. ബി.ജെ.പിയുടെ കേന്ദ്രസർക്കാരിന്റെ ജനദ്രോഹനടപടികൾക്കും ഇവിടെ സർക്കാർ നേതൃത്വത്തിൽ നടക്കുന്ന അക്രമങ്ങൾക്കുമെതിരേ ജനങ്ങളെ ഒരുമിപ്പിക്കും. മുല്ലപ്പെരിയാർ വിഷയത്തിൽ സർവകക്ഷിയോഗം വിളിക്കണമെന്ന കാര്യത്തിൽ സർക്കാർ എത്രയൂം വേഗം തീരുമാനം എടുക്കണമന്നും യോഗം ആവശ്യപ്പെട്ടു.
ഇന്ധനവില വർധിപ്പിച്ച കേന്ദ്രസർക്കാർ തീരുമാനത്തിനെതിരേ 20നു മണ്ഡലം തലത്തിൽ തെരഞ്ഞെടുത്ത കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ സമരം നടത്തും. തെരഞ്ഞെടുപ്പിനുശേഷം കോൺഗ്രസ് യു.ഡി.എഫ്. പ്രവർത്തകർക്കു നേരെ സി.പി.എം. അഴിച്ചുവിട്ടിരിക്കുന്ന അക്രമങ്ങൾക്ക് ഉത്തരവാദികളായവർക്കെതിരേ കർശനമായ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രക്ഷോഭം ആരംഭിക്കുമെന്നും സുധീരൻ അറിയിച്ചു. രണ്ടുദിവസം നീണ്ടുനിന്ന യോഗത്തിലെ ചർച്ചകളിൽ തൃപ്തനാണെന്നും സുധീരൻ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top