
തിരുവനന്തപുരം: കോട്ടയത്തെ ജുവലറിയില്‍ നിന്ന് പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങിയ ആദായനികുതി വകുപ്പിലെ മുതിര്‍ന്ന രണ്ട് ഉദ്യോഗസ്ഥരെയും ഇടനിലക്കാരനെയും സിബിഐ അറസ്റ്റു ചെയ്തു. ഇന്‍കംടാക്‌സ് പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ ശൈലേന്ദ്ര മമ്മടി, ഓഫീസര്‍ ശരത്, ഇടനിലക്കാരനായ അലക്‌സ് എന്നിവരെയാണ് തിരുവനന്തപുരം സിബിഐ യൂണിറ്റ് അറസ്റ്റു ചെയ്തത്. ഏറ്റുമാനൂരിലെ ജൂവലറി ഉടമയില്‍ നിന്നാണ് ഇവര്‍ പത്തുലക്ഷം രൂപ കൈക്കൂലി വാങ്ങിയത്. ശൈലേന്ദ്ര മമ്മടിക്കു വേണ്ടി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത് ശരത് ആണ്. പണം വാങ്ങി നല്‍കാന്‍ ഇടനിലക്കാരനായത് അലക്‌സ് ആണെന്നും സിബിഐ വൃത്തങ്ങള്‍ പറയുന്നു. മൂന്നുമാസം മുമ്പാണ് ശൈലേന്ദ്ര മമ്മടി ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറി വന്നത്.
ജുവലറിയുടമയില്‍നിന്ന് കോട്ടയത്തുവെച്ച് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ശൈലേന്ദ്ര മമ്മിടി അറസ്റ്റിലായത്. ശരത്തിനെ തിരുവനന്തപുരത്തുനിന്നാണ് അറസ്റ്റുചെയ്തത്. ശരത്തിന്റെ വട്ടിയൂര്‍ക്കാവ് പി.ടി.പി. നഗറിലെ വീട്ടില്‍ സി.ബി.ഐ. നടത്തിയ പരിശോധനയില്‍ എട്ട് വെടിയുണ്ടയും 21 കുപ്പി മദ്യവും കണ്ടെടുത്തു.ഇരുവരെയും തിരുവനന്തപുരം സി.ബി.ഐ. കോടതി 17 വരെ സി.ബി.ഐ. കസ്റ്റഡിയില്‍ വിട്ടു. മറ്റുള്ളവരെ സി.ബി.ഐ. ചോദ്യംചെയ്യുകയാണ്. അറസ്റ്റുരേഖപ്പെടുത്തി വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
ആദായനികുതിയായി കണ്ടെത്തിയ രണ്ടുകോടി അറുപതുലക്ഷം രൂപ, അറുപത് ലക്ഷം രൂപയായി കുറയ്ക്കാനാണ് ജ്വല്ലറിയുടമയില്‍നിന്ന് ശൈലേന്ദ്ര മമ്മിടി കൈക്കൂലി വാങ്ങിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇതിന് ശരത്ത് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു. മറ്റുള്ളവര്‍ ഇതുമായി ബന്ധപ്പെട്ടവരാണെന്നും സി.ബി.ഐ. വ്യക്തമാക്കി.

ഇതിന് വട്ടിയൂര്‍ക്കാവ് പോലീസും കേസെടുത്തു. ശരത്തിനെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് അറിയിച്ചു. തന്റെ അയല്‍വാസിയായ ഒരു സൈനികന്‍ മരിക്കുംമുമ്പ് സമ്മാനിച്ചതാണ് വെടിയുണ്ടകളെന്നാണ് ഇയാള്‍ പറഞ്ഞത്.
ആദായനികുതി പ്രിന്‍സിപ്പല്‍ കമ്മിഷണര്‍ക്കെതിരെ ഒട്ടേറെ പരാതികള്‍ കിട്ടിയിരുന്നു. സി.ബി.ഐ.യുടെ കൊച്ചി യൂണിറ്റ് കേസുമെടുത്തിരുന്നു. ശൈലേന്ദ്രയും സംഘവും അവരുടെ നിരീക്ഷണത്തിലുമായിരുന്നു. ഇതിനിടയിലാണ് ജുവലറിയുടമയില്‍നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റുണ്ടായത്.
ആന്ധ്രാപ്രദേശ് സ്വദേശിയായ ശൈലേന്ദ്ര മമ്മിടി മൂന്നുമാസം മുമ്പാണ് ചെന്നൈയില്‍നിന്ന് തിരുവനന്തപുരത്തെത്തിയത്. ആദായനികുതി വകുപ്പില്‍ കോട്ടയത്തിന്റെ ചുമതലയും ശൈലേന്ദ്ര മമ്മിടിക്കാണ്.