ന്യൂഡല്‍ഹി: രണ്ട് നൂറ്റാണ്ട് ഇന്ത്യ ഭരിച്ച ബ്രിട്ടീഷുകാര്‍ മൂന്നരക്കോടി ജനങ്ങളെ കൊന്നൊടുക്കിയെന്നും അതിനവര്‍ മാപ്പു പറയണമെന്നും ശശി തരൂര്‍ എംപി. അല്‍ ജസീറയില്‍ എഴുതിയ കോളത്തിലാണ് തരൂരിന്റെ ആവശ്യം.
‘ആന്‍ ഇറ ഓഫ് ഡാര്‍ക്ക്‌നെസ്: ദി ബ്രിട്ടീഷ് എംപയര്‍ ഇന്‍ ഇന്ത്യ’ എന്ന പുസ്തകത്തിലും തരൂര്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ഓക്‌സ്‌ഫോഡില്‍ നടത്തിയ പ്രസംഗത്തിലും ബ്രിട്ടന്‍ മാപ്പു പറയണമെന്ന ആവശ്യം ഇദ്ദേഹം ഉയര്‍ത്തിയിരുന്നു. പുതിയ കോളം പുറത്തുവന്നതോടെ ഈ വീഡിയോയും തരംഗമായി.
രണ്ടുവട്ടം ബ്രിട്ടനെ ഭരിച്ച വിന്‍സ്റ്റണ്‍ ചര്‍ച്ചിലിനെ ‘അസംതൃപ്തനായ തെമ്മാടി’യെന്നാണ് തരൂര്‍ വിശേഷിപ്പിച്ചത്. കൊല്‍ക്കത്തയിലെ വിക്ടോറിയ സ്മാരകം ബ്രിട്ടീഷ് ഭരണത്തിന്റെ യഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്ന സ്മാരകമാക്കി മാറ്റണം. അവരുടെ ഭരണത്തെ മഹത്വവത്ക്കരിക്കരുത്. 1700ല്‍ 27 ശതമാനം ഉത്പാദന ക്ഷമതയുണ്ടായിരുന്ന രാജ്യമായിരുന്നു ഇന്ത്യ. ബ്രിട്ടീഷുകാര്‍ എല്ലാം കടത്തിക്കൊണ്ടുപോയി ദരിദ്രമാക്കി.
വിദ്യാഭ്യാസം നല്‍കാതെ നിരക്ഷരരാക്കി. ആരോഗ്യ പരിപാലനത്തിലും മികവു പുലര്‍ത്തിയിരുന്ന രാജ്യത്തെ രോഗങ്ങളുടെ കേന്ദ്രമാക്കി.
ഉദ്യോഗസ്ഥരും പട്ടാളക്കാരും ചെയ്ത യുദ്ധക്കുറ്റങ്ങള്‍ക്കു മാപ്പ് പറയുകയാണ് ബ്രിട്ടന്‍ ചെയ്യേണ്ടത്. അതാണ് യഥാര്‍ത്ഥ ബ്രെക്‌സിറ്റ്. ഇന്ത്യയിലെ സമ്പത്തു കൊണ്ടാണ് ബ്രിട്ടന്‍ ഇന്നത്തെ നിലയിലെത്തിയത്. 1919ലെ ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തിലെങ്കിലും മാപ്പു പറയാന്‍ ബ്രിട്ടന്‍ തയാറാകണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.