തരൂരിനെതിരെ കടുത്ത വിമർശനവുമായി മുല്ലപ്പള്ളി !..കത്തില്‍ ഒപ്പുവെച്ച പി.ജെ. കുര്യന് മാപ്പ് നൽകിയും മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം : ശശി തരൂരിനെ പത്രസമ്മേളനത്തില്‍ രൂക്ഷമായി വിമര്‍ശിച്ച്‌ കെ.പി.സി.സി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളില്‍ തരൂരുമുണ്ട്. തരൂർ പറയേണ്ട കാര്യങ്ങൾ പാർട്ടി വേദിയിൽ പറയണമെന്ന് മുല്ലപ്പള്ളി മുന്നറിയിപ്പ് നല്‍കി. കോവിഡിന് ശേഷം തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ല. തരൂര്‍ പലപ്പോഴും ഡൽഹിയിലാണ്. ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. എപ്പോള്‍ കാണണമെന്ന് പറഞ്ഞാലും ശശി തരൂരിന് അതിന് അവസരം നല്‍കുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും സ്വീകരിക്കാറുള്ളതെന്നും മുല്ലപ്പളളി കൂട്ടിച്ചേര്‍ത്തു. പരസ്യപ്രസ്‌താവനകള്‍ പാര്‍ട്ടിക്ക്‌ ഗുണകരമല്ലെന്നും വിവാദ കാര്യങ്ങള്‍ തരൂര്‍ പാര്‍ട്ടി ഫോറത്തിലാണ്‌ പറയേണ്ടതെന്നും മുല്ലപ്പള്ളി മുന്നറിയിപ്പ്‌ നല്‍കി.കോണ്‍ഗ്രസ്‌ ആഭ്യന്തര ജനാധിപത്യമുള്ള പാര്‍ട്ടിയാണ്‌. ആര്‍ക്കും പാര്‍ട്ടി വേദികളില്‍ അഭിപ്രായം പറയാം.

പരസ്യപ്രസ്‌താവന പാര്‍ട്ടിക്ക്‌ ഗുണകരമല്ല. അതിന്റെ അന്തസത്തക്ക്‌ നിരക്കുന്നതല്ല തരൂരിന്റെ നിലപാടുകള്‍. അദ്ദേഹത്തിന്റെ പദവി ദുരുപയോഗപ്പെടുത്തരുത്‌. സോണിയാ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും നിരന്തരം കാണാറുള്ള നേതാവാണ്‌ തരൂര്‍. അദ്ദേഹത്തിന്‌ ഏത്‌ കാര്യവും അവരോട്‌ സംസാരിക്കാന്‍ സാധിക്കും. അതിനുള്ള അവസരം ഉണ്ടായിട്ടും അദ്ദേഹം എന്തിനാണ്‌ കത്തെഴുതിയതെന്നും അതിന്റെ സാഹചര്യം എന്താണെന്നും അറിയില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അച്ചടക്കമുള്ള കോണ്‍ഗ്രസുകാരനായതിനാല്‍ തരൂരിന്റെ നിലപാടിനെപ്പറ്റി താന്‍ അഭിപ്രായം പറയുന്നില്ല. അതേപ്പറ്റി തരൂരാണ്‌ വിശദീകരിക്കേണ്ടത്‌. അദ്ദേഹമിപ്പോള്‍ ഡല്‍ഹിയിലാണുള്ളത്‌. കോവിഡ്‌ മഹാമാരി പൊട്ടിപ്പുറപ്പെട്ട ശേഷം അദ്ദേഹത്തെ തങ്ങളാരും കണ്ടിട്ടില്ല. എന്തായാലും ഡിന്നര്‍ ഡിപ്ലോമസിയിലും ഡിന്നര്‍ പൊളിറ്റിക്‌സിലും വിശ്വസിക്കുന്നയാളല്ല താന്‍.

കത്തില്‍ ഒപ്പുവെച്ച കേരളത്തില്‍ നിന്നുള്ള മറ്റൊരു നേതാവായ പി.ജെ കുര്യന്‍ രാഷ്‌ട്രീയകാര്യ സമിതിയോഗത്തില്‍ സംബന്ധിച്ചിരുന്നു അദ്ദേഹത്തിന്‌ പാര്‍ട്ടിയോടുള്ള കൂറിലും സ്‌നേഹത്തിലും സംശയമില്ല. ദുരുദ്ദേശ്യത്തോടെയല്ല കത്തില്‍ ഒപ്പുവെച്ചതെന്ന്‌ അദ്ദേഹം അറിയിച്ചിട്ടുണ്ട്‌. രഹസ്യസ്വഭാവമുള്ള കത്തായിരുന്നുവെങ്കിലും ചിലര്‍ മാധ്യമങ്ങള്‍ക്ക്‌ ചോര്‍ത്തുകയായിരുന്നു. തന്റെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യരുതെന്നും കുര്യന്‍ അറിയിച്ചിട്ടുണ്ട്‌. അതിനാല്‍ അതിനെ ഒരു അടഞ്ഞ അധ്യായമായി കെ.പി.സി.സി കാണുന്നു.പാര്‍ട്ടിക്ക്‌ സോണിയാ ഗാന്ധിയും രാഹുലും നേതൃത്വം നല്‍കണമെന്ന്‌ ഇരുവരും ചേര്‍ന്ന്‌ പാര്‍ട്ടിയെ ശക്‌തിപ്പെടുത്തണമെന്നും കെ.പി.സി.സി രാഷ്‌ട്രീയകാര്യസമിതിയോഗം ഏകകണ്‌ഠമായി പ്രമേയം പാസാക്കിയെന്നും അദ്ദേഹം അറിയിച്ചു.

Top