കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിക്കുന്ന രക്തസാക്ഷി പുഷ്പന്റെ സഹോദരൻ ശ്രീ. ശശി ബി. ജെ. പിയിൽ ചേർന്നു.

കണ്ണൂർ: കുത്തുപറമ്പ് സമരത്തിലെ ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്പന്റെ സഹോദരനും സിപിഎം സജീവ പ്രവർത്തകനുമായ ശശി ബിജെപി അംഗത്വമെടുത്തു. ബിജെപി തലശേരി മണ്ഡലം ഓഫീസിൽ നടന്ന ചടങ്ങിൽ ആണ് അദ്ദേഹം അംഗത്വമെടുത്തത്.സിപിഎമ്മിന്റെ നിലപാടിലെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ചാണ് താൻ ബിജെപിയിൽ ചേർന്നതെന്ന് ശശി അറിയിച്ചു. ഇനി ബിജെപിയിൽ സജീവമായി പ്രവർത്തിക്കാനാണ് തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. 1994 നവംബർ 25നു കൂത്തുപറമ്പിൽ വച്ചുണ്ടായ പോലീസ് വെടിവെപ്പിൽ അഞ്ചു ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊല്ലപെട്ടു[1] . ഈ സംഭവമാണ് കൂത്തുപറമ്പ് വെടിവെപ്പ് എന്നറിയപ്പെടുന്നത്. അന്ന് സഹകരണമന്ത്രിയായിരുന്ന എം.വി. രാഘവന്റെ യോഗത്തിനിടെ ഉണ്ടായ സംഘർഷമാണ് വെടിവെപ്പിൽ കലാശിച്ചത്.

ഇനിയും കൂടുതൽ ആളുകൾ ബിജെപിയിലേക്ക് എത്തി ചേരുമെന്നും കൂടുതൽ കാര്യങ്ങൾ പരസ്യമായി പിന്നീട് പറയാമെന്നും ശശി കൂട്ടിച്ചേര്‍ത്തു.ബിജെപി ഓഫിസിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു ശശിയെ പൊന്നാടയണിയിച്ച് പാർട്ടിയിലേക്ക് സ്വീകരിച്ചു. കുത്തുപറമ്പിൽ ഡിവൈഎഫ്ഐ നടത്തിയ വിദ്യാഭ്യാസകച്ചവട വിരുദ്ധ സമരത്തിനിടെയായിരുന്നു പുഷ്പന് വെടിയേറ്റത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂത്തുപറമ്പിൽ സംഭവിച്ചത് :1994 നവംബർ 25 ഒരു വെള്ളിയാഴ്ചയായിരുന്നു.

സ്വാശ്രയവിദ്യാഭ്യാസ പ്രശ്‌നവുമായി ബന്ധപ്പെട്ടു മന്ത്രിമാരെ വഴിയിൽ തടയാൻ ഡിവൈഎഫ്‌ഐ പരിപാടിയിട്ടിരിക്കുന്ന സമയം. കൂത്തുപറമ്പിൽ അർബൻ സഹകരണ ബാങ്ക് സായാഹ്‌നശാഖ ഉദ്‌ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി എം.വി. രാഘവൻ. ചടങ്ങിൽ അധ്യക്ഷത വഹിക്കേണ്ട മന്ത്രി എൻ. രാമകൃഷ്‌ണൻ സംഘർഷമുണ്ടാകാൻ സാധ്യതയുണ്ടെന്ന പൊലീസ് മുന്നറിയിപ്പിനെ തുടർന്നു പിൻവാങ്ങുന്നു. പിൻമാറാതെ രാഘവൻ. കൂത്തുപറമ്പിലും പരിസരത്തും വൻ പൊലീസ് സന്നാഹം. രണ്ടായിരത്തോളം ഡിവൈഎഫ്ഐ പ്രവർത്തകർ. പകൽ 11.55 ആയപ്പോഴേക്കും പൊലീസ് സംരക്ഷണത്തോടെ മന്ത്രിയെത്തി. മുദ്രാവാക്യം മുഴക്കി ഇരമ്പിയ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു നേരെ പൊലീസ് ലാത്തിച്ചാർജ്. തിരിച്ചു കല്ലേറ്. ചിതറി ഓടിയവർക്കിടയിലൂടെ വഴിയുണ്ടാക്കി മന്ത്രിയുടെ വാഹനം ടൗൺഹാളിലേക്ക്. മന്ത്രി ഹാളിൽ കയറുന്നതിനിടയിൽ റോഡിൽ വെടിവയ്‌പു തുടങ്ങി. ഹാളിനുള്ളിലും ലാത്തിച്ചാർജ്. പലരും അടിയേറ്റു വീണു.

പൊലീസുകാർ ഒരുക്കിയ വലയത്തിനുളളിൽനിന്നു നിലവിളക്കുകൊളുത്തി ബാങ്ക് ഉദ്‌ഘാടനം ചെയ്‌ത എംവിആർ 13 മിനിറ്റ് പ്രസംഗിച്ചു. സ്വതസിദ്ധ ശൈലിയിലുള്ള ഈ പ്രസംഗവും പ്രതിഷേധക്കാരെ പ്രകോപിപ്പിച്ചു. പൊലീസുകാരുടെ കനത്ത വലയത്തിലൂടെ പുറത്തേക്കിറങ്ങിയ മന്ത്രി തിരിച്ചു കണ്ണൂരിലേക്ക്. ഇതിനിടയിൽ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പൊട്ടിച്ചു. എന്നിട്ടും പിരിഞ്ഞു പോകാതിരുന്ന ജനക്കൂട്ടത്തിനു നേരെ വീണ്ടും വെടിവയ്‌പും തുടങ്ങി. രണ്ടുമണിക്കൂറോളം തുടർന്ന വെടിവയ്‌പിനൊടുവിൽ ഡിവൈഎഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ. രാജീവൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.വി. റോഷൻ, പ്രവർത്തകരായ വി. മധു, ഷിബുലാൽ, കുണ്ടുചിറ ബാബു എന്നിവർ മരിച്ചു വീണു. പുഷ്‌പൻ, മാങ്ങാട്ടിടം മങ്ങാട് സജീവൻ, കൂത്തുപറമ്പ് ചാലിൽ സജീവൻ, തലശ്ശേരി കപ്പണപുങ്ങാംചേരി പ്രസാദ് എന്നിവർക്കു പരുക്കേറ്റു.

കർഷകത്തൊഴിലാളി കുടുംബത്തിൽ പിറന്ന പുഷ്പന് എട്ടാംക്ലാസ് വരെ മാത്രമാണ് ഔപചാരിക വിദ്യാഭ്യാസം. സംഘടനാപ്രവർത്തനത്തിൽ സജീവമായിരുന്നെങ്കിലും കുടുംബം പോറ്റാൻ ജോലി ആവശ്യമാണെന്ന ഘട്ടത്തിൽ ബെംഗളൂരുവിനു വണ്ടി കയറി. അവിടെ പലചരക്കുകടയിലായിരുന്നു ജോലി. അവധിക്കു നാട്ടിലെത്തിയപ്പോൾ സ്വാശ്രയവിദ്യാഭ്യാസ വിരുദ്ധ സമരത്തിന്റെ നടുവിലായിരുന്നു സംഘടന. അതിന്റെ ഒത്തനടുവിലേക്കു തന്നെ പുഷ്പനും എടുത്തുചാടുകയായിരുന്നു.കഴുത്തിനു പിന്നിലേറ്റ വെടിയുണ്ട പുഷ്പന്റെ സുഷുമ്ന നാഡിക്കാണു പ്രഹരമേൽപിച്ചത്. കഴുത്തിനു താഴേക്കു തളർന്നു. അന്നു കിടപ്പിലായതാണു പുഷ്പൻ. പാർട്ടിയുടെ വലയത്തിൽ, പ്രവർത്തകരുടെ കൈപിടിച്ചാണ് പിന്നത്തെ ജീവിതം. ബ്രാഞ്ച് സെക്രട്ടറി മുതൽ മുഖ്യമന്ത്രി പിണറായി വിജയൻ വരെയുള്ളവർ അക്കൂട്ടത്തിലുണ്ട്.

‘സ്മരണകളിരമ്പും രണ സ്മാരകങ്ങളേ’ എന്നു കണ്ണൂരിലെ സഖാക്കൾ പാടുന്നത് കൂത്തുപറമ്പിലെ അഞ്ചു രക്തസാക്ഷികളെയും പുഷ്പനെയുംകൂടിയോർത്താണ്. എന്നാൽ സൗകര്യപ്രദമായി കൂത്തുപറമ്പ് സ്മരണകൾ മറന്നിട്ടുമുണ്ടു കണ്ണൂരിലെ പാർട്ടി. പാർട്ടി ഭരണകാലത്ത് സ്വാശ്രയവിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങിയപ്പോഴോ, പരിയാരം മെഡിക്കൽ കോളജിന്റെ ഭരണം പിടിച്ചപ്പോഴോ മാത്രമല്ലത്. കൂത്തുപറമ്പ് വെടിവയ്പിൽ പാർട്ടി പ്രതിസ്ഥാനത്തു നിർത്തിയ എംവിആറിനെ രണ്ടു പതിറ്റാണ്ടിനുശേഷം രാഷ്ട്രീയാലിംഗനം ചെയ്തതു കേരളം കണ്ടു. അദ്ദേഹത്തിന്റെ മകനു നിയമസഭാ സീറ്റും സമ്മാനിച്ചു. പാർട്ടിക്കപ്പുറം ഒരു വാക്കില്ലാത്ത പുഷ്പൻ ഒരെതിർശബ്ദവും ഉയർത്തിയില്ല.

Top