അന്വേഷണം നടന്നാല്‍ പല കള്ളകളികളും പുറത്തുവരും; മാനം രക്ഷിക്കാന്‍ അഞ്ജു രാജിവെച്ചു!

anju-bobby

തിരുവനന്തപുരം: പെട്ടെന്നുള്ള അഞ്ജുവിന്റെയും മറ്റ് അംഗങ്ങളുടെയും രാജിയ്ക്ക് പിന്നില്‍ പല ദുരൂഹതകളും നിഴലിക്കുന്നു. അന്വേഷണം ഭയന്നാണ് അഞ്ജു രാജിവെച്ചതെന്നാണ് ആരോപണം. അന്വേഷണം നടന്നാല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നടന്ന പല അഴിമതി കഥകളും പുറത്തുവരും. മാനം രക്ഷിക്കാനാണ് അഞ്ജു ബോബി ജോര്‍ജ്ജ് രാജിവെച്ചതെന്നും പറയുന്നു.

കൂട്ടരാജി എന്ന ആശയം പറഞ്ഞത് രമേശ് ചെന്നിത്തലയാണെന്നും ആരോപണമുണ്ട്. അന്വേഷണം വന്നാല്‍ വന്‍ വിവാദങ്ങളിലേക്ക് വഴി തെളിക്കും. തിരുവനന്തപുരം എല്‍ഡിഎഫ് മാര്‍ച്ച് ചോദ്യം ചെയ്തു പ്രശസ്തയായി ഒടുവില്‍ യുഡിഎഫ് പ്രത്യുപകാരമായി നല്‍കിയ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജോലി കിട്ടിയ സന്ധ്യ അപകടം മണത്തു രാജിവെച്ചു മുന്നേ മാതൃക കാണിക്കുകയും ചെയ്തു. മന്ത്രിയുമായി രമ്യതയില്‍ ചര്‍ച്ച ചെയ്തു പുറത്തുവന്ന അഞ്ജു പിന്നീട് പത്ര സമ്മേളനത്തില്‍ ജയരാജനെതിരെ ആഞ്ഞടിച്ചതും ഈ ഉദ്ദേശങ്ങള്‍ മനസ്സില്‍ വെച്ച് കൊണ്ടായിരുന്നു.

താനുമായി സൗഹാര്‍ദ്ദപരമായി ആണ് അഞ്ജു ചര്‍ച്ച ചെയ്തു പിരിഞ്ഞത് എന്നും അഞ്ജുവിനെ മുന്നില്‍ നിര്‍ത്തി കടുത്ത അഴിമതി സ്‌പോര്‍ട്‌സ് കൌണ്‍സിലില്‍ ഉണ്ടെന്നത് പറയുക മാത്രമാണ് താന്‍ ചെയ്തത് എന്നുമുള്ള ജയരാജന്റെ പ്രസ്താവനക്ക് സോഷ്യല്‍ മീഡിയയില്‍ വന്‍ പിന്തുണ ലഭിക്കുകയും ചെയ്തു. എന്നാല്‍ പരസ്യമായി മന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുകയും ചെയ്തപ്പോള്‍ രാജി വയ്ക്കുകയാണോ അതോ പുറത്താക്കുകയാണോ എന്നറിയാന്‍ ആയിരുന്നു കേരളം കാത്തിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ച അഞ്ജുവിന്റെ നേതൃത്വത്തിലുള്ള ഭരണസമിതിക്ക് രാജിയല്ലാതെ മറ്റൊരു വഴിയും മുമ്പില്‍ ഉണ്ടായിരുന്നില്ല.

anju-bobby

എന്നാല്‍ ഭരണം തുടങ്ങി ഒരാഴ്ച്ച പിന്നിട്ടപ്പോഴും രാജിയിലേക്കുള്ള കാര്യങ്ങള്‍ ആരംഭിച്ചതുകൊണ്ട് സര്‍ക്കാരിന്റെ അഴിമതിക്കെതിരെയുള്ള നിലപാടായി ഉയര്‍ത്താന്‍ അഞ്ജുവിന് സാധിച്ചുമില്ല. സര്‍ക്കാരുകള്‍ മാറി വരുമ്പോള്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളും മാറി വരിക പതിവാണ്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ആയിരുന്ന ടി പി ദാസന്‍ ചായ കുടിക്കാന്‍ പോയ സമയത്ത് മന്ത്രി പോലും അറിയാതെയാണ് പകരക്കാരിയായി പത്മിനി തോമസ് പ്രസിഡന്റ് പദവിയില്‍ എത്തിയത്. അന്നൊന്നും ഇല്ലാത്ത വിവാദം അഞ്ജുവിന്റെ രാജിയില്‍ ഉണ്ടായത് ഈ വിവാദം കണക്കുകൂട്ടിയുള്ള തിരുവഞ്ചൂരിന്റെ ബുദ്ധിയാണെന്നത് ആര്‍ക്കും ഊഹിക്കാവുന്നതേ ഉള്ളു.

അഞ്ജുവിനെയും മറ്റു മൂന്ന് കായികതാരങ്ങളെയും പേരിനു മാത്രം കമ്മിറ്റിയില്‍ എടുത്തു കോണ്‍ഗ്രസ് നേതാവായ സിഐഎസ്ഇ പ്രസിഡന്റ് ഇബ്രഹീം കുട്ടി ആയിരുന്നു സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭരിച്ചിരുന്നത്. അതുകൊണ്ടു തന്നെ ഈ ഭരണസമിതിയെ പിരിച്ചുവിട്ടേ മതിയാവൂ എന്നതായിരുന്നു രാഷ്ട്രീയ സാഹചര്യം. എന്നിട്ടും ഇതൊരു വിവാദം ആയത് കായികതാരം എന്ന നിലയില്‍ അഞ്ജുവിനുള്ള അംഗീകാരം ആയിരുന്നു. അഴിമതിയുടെ പേരില്‍ രാജിവച്ചു ഒഴിയുന്നതിന്റെ നാണക്കേട് കേള്‍ക്കാതിരിക്കാന്‍ അഞ്ജു അഴിമതിക്കെതിരെ നിലപാട് എടുത്തുകൊണ്ടാണ് രാജി വയ്ക്കുന്നത് എന്ന പ്രതീതി സൃഷ്ടിക്കാന്‍ ആണ് ശ്രമിച്ചത്. എന്നാല്‍, അഞ്ജുവിന്റെ ആരോപണങ്ങള്‍ പലതും കൊള്ളുന്നത് യുഡിഎഫ് സര്‍ക്കാരിന് നേരെ തന്നെയാണു.

ഈ വിവാദത്തില്‍ അഞ്ജുവിന് ഏറ്റവും വലിയ നാണക്കേടായത് യാതൊരു യോഗ്യതയും ഇല്ലാത്ത സഹോദരനെ ഉന്നത പദവിയില്‍ തിരുകി കയറ്റിയതാണ്. കായികതാരമായ സിനിമോള്‍ പൗലോസിനെ വിവാഹം കഴിക്കുന്നതുവരെ ഗ്രൗണ്ടില്‍ ഇറങ്ങിയിട്ടില്ലാത്ത സഹോദരന്‍ അജിത് മാര്‍ക്കോസ് സിനിയുടെ പരിശീലകരെ വരെ നിയന്ത്രിക്കാന്‍ അധികാരമുള്ള ടെക്‌നിക്കല്‍ സെക്രട്ടറി പദവിയില്‍ കയറിയത്. അഞ്ജു അറിഞ്ഞല്ല എന്ന പറയുന്നതെങ്കിലും ഫയലുകള്‍ വ്യക്തമാക്കുന്നത് അഞ്ജു പ്രസിഡന്റ് ആയ ശേഷമാണ് അപേക്ഷ പരിഗണിക്കുന്നതും, നിയമിക്കപ്പെടുന്നതുമെന്നാണ്.

അഴിമതി അന്വേഷിക്കാന്‍ തീരുമാനിച്ചത്‌കൊണ്ടാണെന്നും അതിന്റെ ഭാഗമായി എതിക്‌സ് കമ്മിറ്റി ഉണ്ടാക്കാന്‍ ശ്രമിച്ചപ്പോള്‍ ആണ് വിവാദം ആയതെന്നും ഇപ്പോള്‍ അഞ്ജു പറയുന്നത്. എന്നാല്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ഒരു യോഗ മിനിറ്റ്‌സിലും ഇങ്ങനെ ഒരു ശ്രമം നടന്നതായി സൂചനയില്ല. എന്നതു മാത്രമല്ല മന്ത്രിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് വിവാദമായപ്പോഴും എത്തിക്‌സ് കമ്മിറ്റിയുടെ വിഷയം അഞ്ജു ഉന്നയിച്ചിരുന്നില്ല. ഒട്ടേറെ അഴിമതികള്‍ അക്കമിട്ടു നിരത്തി അഞ്ജു പ്രസിദ്ധീകരിച്ച തുറന്ന കത്തിലും ഇക്കാര്യം സൂചിപ്പിച്ചില്ല.

അഞ്ജു മാത്രം രാജിവെക്കുക എന്നതായിരുന്നു ആദ്യ തീരുമാനം എന്നാല്‍ അതുകൊണ്ട് കാര്യമില്ല അന്വേഷണം വരുമ്പോള്‍ എല്ലാവരും കുടുങ്ങുമെന്നും അതിനാല്‍ തന്നെ കൂട്ടരാജി വെച്ച് പിടിച്ചു നില്ക്കാന്‍ ശ്രമിക്കാമെന്നുമുള്ള ഉദ്ദേശത്തില്‍ കാര്യങ്ങള്‍ കൊണ്ടെത്തിച്ചത് ചെന്നിത്തലയുടെ ഉപദേശം ആണെന്നാണ് സൂചന.

യുഡിഎഫ് സര്‍ക്കാരിലേയ്ക്ക് അഴിമതി ആരോപണം കേന്ദ്രീകരിക്കാതിരിക്കാന്‍ ആണ് സ്‌പോട്‌സ് ലോട്ടറിയുടെ കാര്യം എടുത്തു പറയുന്നത്. കഴിഞ്ഞ ഇടതു സര്‍ക്കാരിന്റെ കാലത്തു ടി പി ദാസന്‍ പ്രസിഡന്റ് ആയിരുന്നപ്പോള്‍ നടത്തിയ സ്‌പോര്‍ട്‌സ് ലോട്ടറിയില്‍ അഴിമതി ഉണ്ടായിരുന്നു എന്ന ആരോപണം ആണ് അഞ്ജു ഉയര്‍ത്തുന്നത്. എന്നാല്‍ അതിനെ അതെ നാണയത്തില്‍ ആണ് ജയരാജന്‍ തിരിച്ചടിച്ചതും അഴിമതിക്ക് കൂട്ട് നില്‍ക്കാതെ എന്തുകൊണ്ട് അന്ന് അത് അന്വേഷിച്ചില്ല എന്ന ചോദ്യവും ചെന്ന് തറക്കുന്നത് കൊണ്‌ഗ്രെസ്സ് ക്യാമ്പില്‍ തന്നെ.

Top