പലരുടെ കയ്യിലും രണ്ടായിരത്തിന്റെ നോട്ടുകെട്ടുകള്‍; കേരളത്തിലെ ബാങ്കുകളിലേക്കെത്തിയ പണം കള്ളപണക്കാരുടെ കയ്യില്‍; അന്വേഷണവുമായി സാമ്പത്തീക കുറ്റന്വേഷണ വിഭാഗം

കൊച്ചി: ഒരാള്‍ക്ക് എടിഎമ്മില്‍ കൂടി ലഭിക്കുന്നത് വെറും രണ്ടായിരം രൂപ. മറ്റ് ഇടപാടുകള്‍ വഴി ബാങ്കുവഴി ഒരാഴ്ച്ച മാറ്റാന്‍ കഴിയുന്നതാകട്ടെ ഇരുപതിനായിരത്തോളം രൂപ മാത്രം എന്നിട്ടും കേരളത്തില്‍ ലക്ഷകണക്കിന് പുത്തന്‍ രണ്ടായിരത്തിന്റെ നോട്ടുകളാണ് മാറുന്നത്. ഇതെങ്ങനെ സംഭവിച്ചു എന്നാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കേരളത്തിലെ ബാങ്കുകളിലേക്കെത്തിയ നോട്ടുകള്‍ വന്‍തോതില്‍ പുറത്തേയ്ക്ക് മാറ്റി എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ബാങ്ക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടന്ന അട്ടിമറിയാണ് ഇതെന്നാണ് സംശയം.

പുതുതായി ഇറക്കിയ 2000 രൂപ നോട്ട് കേരളത്തില്‍ വന്‍തോതില്‍ ചോര്‍ന്നുവെന്ന രഹസ്യവിവരം സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ഇതോടെ അന്വേഷണം ഊര്‍ജ്ജിതമാക്കുകയും ചെയ്തു. ലക്ഷക്കണക്കിനു രൂപയുടെ പുതിയ നോട്ടുകള്‍ പുറത്തുവന്നതായി ശ്രദ്ധയില്‍പെട്ട ആലുവ പ്രദേശത്തു പരിശോധന കര്‍ശനമാക്കി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വന്‍തോതില്‍ കള്ളപ്പണം കൈമാറ്റം ചെയ്യാന്‍ ശ്രമിച്ചതായുള്ള സൂചനയെത്തുടര്‍ന്നു ആലുവയിലെ പുകയില മൊത്തവ്യാപാരിയുടെ വീട് ആദായനികുതി വകുപ്പ് പരിശോധിച്ചിരുന്നു. ഇയാളുടെ പക്കല്‍ കണ്ടെത്തിയ എട്ടു ലക്ഷത്തിന്റെ 2000 രൂപ നോട്ടുകളാണു കറന്‍സി ചോര്‍ച്ചയുണ്ടായെന്ന സംശയം ബലപ്പെടുത്തിയത്. ഇന്നലെ നടത്തിയ പരിശോധനകളില്‍ മറ്റു ചില വ്യാപാരികളുടെയും പക്കല്‍ രണ്ടും മൂന്നു ലക്ഷത്തിന്റെ 2000 രൂപ നോട്ടുകള്‍ കണ്ടെത്തി. ഇതോടെ പരിശോധന വ്യാപിപ്പിച്ചു.

കേരളത്തില്‍ പുതിയ നോട്ടുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയിട്ട് അധികം ദിവസമായില്ല. ബാങ്കുകളില്‍നിന്നു പണം പിന്‍വലിക്കാനും നോട്ടുകള്‍ മാറ്റിയെടുക്കാനും നിയന്ത്രണം നിലനില്‍ക്കെ 2000 രൂപ നോട്ട് കൂടുതലായി കണ്ടെത്തിയതാണു ചോര്‍ച്ചയുണ്ടായെന്ന സൂചന നല്‍കിയത്. ചില ബാങ്കുകള്‍ കേന്ദ്രീകരിച്ചു ദേശീയ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങളുടെ അന്വേഷണം നടക്കുന്നുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ കറന്‍സി ചെസ്റ്റുകളിലും അന്വേഷണം പുരോഗമിക്കുന്നതായി അറിയുന്നു.

ആലുവ ബീഡി മൊത്തവ്യാപാര കേന്ദ്രത്തില്‍ നിന്നും പുതിയ രണ്ടായിരം രൂപയുടെ രണ്ട് ലക്ഷം നോട്ടുകളാണ് പിടിച്ചെടുത്തത്. ഇതേതുടര്‍ന്നാണ് വ്യാപാരി വെങ്കിടാചലത്തിന്റെ വീട്ടിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. എന്നാല്‍, കച്ചവടത്തിനിടെ കിട്ടിയ തുകയാണിതെന്നാണ് വെങ്കിടാചലം പറയുന്നത്. ആദായനികുതി വകുപ്പിന്റെ പരിശോധന ഇന്നലെ പുലര്‍ച്ചെയാണ് അവസാനിച്ചത്. 2000 രൂപയുടെ നോട്ടുകള്‍ ഇറങ്ങി ഇന്ന് പതിനൊന്ന് ദിവസമേ ആകുന്നൂള്ളൂ. അതിനിടയിലാണ് എട്ട് ലക്ഷം രൂപയുടെ രണ്ടായിരത്തിന്റെ നോട്ടുകള്‍ ഒരു സ്ഥലത്ത് നിന്നും കിട്ടുന്നത്. സാധാരണ നിലയില്‍ നാലായിരം രൂപയുടെ രണ്ട് 2000 രൂപയുടെ നോട്ടുകള്‍ മാത്രമേ ഒരാള്‍ക്ക് മാറാന്‍ കഴിയുകയുള്ളൂ.

ബീഡിയുടെ മൊത്തവ്യാപാരിയാണ് താനെന്നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ കിട്ടിയ പണമാണിതെന്നുമാണ് ആദായനികുതി വകുപ്പിന്റെ പ്രാഥമിക ചോദ്യം ചെയ്യലില്‍ വെങ്കിടാചലം പറഞ്ഞത്. എന്നാലിത് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല. സര്‍ക്കാര്‍ അസാധുവാക്കിയ നോട്ടുകളും വെങ്കിടാചലത്തിന്റെ പക്കല്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി പെരുമ്പാവൂര്‍, ആലുവ പ്രദേശങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് പണം ബാങ്കില്‍ നിന്നും മാറ്റി വാങ്ങിയിരുന്നു. ഇതിന് അവര്‍ക്ക് കമ്മിഷനും നല്‍കിയിരുന്നു. ഇങ്ങനെ മാറിയെടുത്ത പണമാണിതെന്നാണ് സംശയിക്കുന്നത്. ആലുവ മാര്‍ക്കറ്റിലെ തൊഴിലാളികളെ ഉപയോഗിച്ചും ഇങ്ങനെ പണം മാറ്റിയിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കാസര്‍കോട്ടും സമാനമായ രീതിയില്‍ പരാതികള്‍ കിട്ടിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളില്‍ വെങ്കിടാചലം ചില ഭൂമി ഇടപാടുകള്‍ നടത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

Top