സേലം: സേലത്ത് വാഹനാപകടത്തില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു. മരിച്ചവരില്‍ നാല് പേര്‍ മലയാളികളാണെന്നാണ് സൂചന. ഒരാളെ തിരിച്ചറിഞ്ഞു. ആലപ്പുഴ എടത്വ സ്വദേശി ജിം ജേക്കബിനെയാണ് തിരിച്ചറിഞ്ഞത്. ഇദ്ദേഹത്തിന്റെ ഭാര്യയും മകനും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.മാമാങ്കം ബൈപ്പാസില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടം. രണ്ട് ബസുകള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ബെംഗളുരുവില്‍നിന്ന് തിരുവല്ലയിലേക്ക് പോവുകയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.
സേലത്തുനിന്നു കൃഷ്ണഗിരിയിലേക്ക് പോവുകയായിരുന്ന മറ്റൊരു ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കൃഷ്ണഗിരിയിലേക്ക് പോയ സ്വകാര്യബസ് മുമ്പിലുണ്ടായിരുന്ന ലോറിയെ മറികടക്കാനുള്ള ശ്രമത്തില്‍ ഡിവൈഡര്‍ മറികടന്ന് എതിരെ വരികയായിരുന്ന ട്രാവല്‍സില്‍ ഇടിക്കുകയായിരുന്നു. 37 പേര്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സതേടി. മരണ സംഘ്യ കൂടാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടം നടന്നയുടന്‍ പോലീസും ജില്ലാ കലക്ടര്‍ രോഹിണിയും സംഭവസ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പരിക്കേറ്റവരെ സേലം സര്‍ക്കാര്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തില്‍പ്പെട്ട ബസിലുണ്ടായിരുന്ന ഒരു ആണ്‍കുട്ടിയെ രക്ഷാപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്. കുട്ടിയുടെ കൂടെയുള്ളവരെക്കുറിച്ച് വിവരങ്ങളില്ല.