കണ്ണൂര്‍: കണ്ണൂര്‍ പഴയങ്ങാടിയില്‍ ബസ്സ് അപകടത്തില്‍ അഞ്ചു മരണം. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. മൂന്നു പേരുടെ നില ഗുരുതരം. ടയര്‍ പഞ്ചറായ ബസിനു സമീപം അടുത്ത ബസ് കാത്തുനിന്നവരില്‍ ഒരു സ്ത്രീ അടക്കം അഞ്ചു പേരാണ് പിറകെയെത്തിയ സ്വകാര്യ ബസിടിച്ചു മരണപ്പെട്ടത്. പത്തോളം പേര്‍ക്കു പരുക്കേറ്റു. ഇതില്‍ ഗുരുതരമായി പരുക്കേറ്റ ഏഴു പേര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി എട്ടു മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.
അപകടസമയത്ത് ഇവിടെ കനത്ത മഴയായിരുന്നുവെന്ന് പറയുന്നു. ഈ റോഡില്‍ പണി നടന്നുവരികയായിരുന്നുവെന്നും സൂചനയുണ്ട്. നാലു പുരുഷന്മാരും ഒരു സ്ത്രീയുമാണ് മരിച്ചതെന്നാണ് വിവരം. ഇതില്‍ കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി മുസ്തഫ, പുതിയങ്ങാടി ജമാഅത്ത് സ്‌കൂള്‍ അധ്യാപിക കൂടിയായ ഏഴോം സ്വദേശി സുബൈദ (45), മകന്‍ മുഫീദ് (18), ചെറുകുന്ന് അമ്പലപ്പുറം സ്വദേശി സുജിത് പട്ടേരി (35) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി. പരുക്കേറ്റവര്‍ പരിയാരം മെഡിക്കല്‍ കോളജിലും കണ്ണൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിലുമായി ചികിത്സയിലാണ്.
പയ്യന്നൂരില്‍ നിന്നു പഴയങ്ങാടിയിലേക്കുള്ള അന്‍വിദ എന്ന ബസിന്റെ ടയര്‍ മണ്ടൂര്‍ ടൗണിനടുത്ത് ഇറക്കവും വളവുമുള്ള ഭാഗത്തു കേടായതിനെ തുടര്‍ന്നു ബസ് മാറിക്കയറാന്‍ വേണ്ടി പുറത്തിറങ്ങിയ യാത്രക്കാരാണ് അപകടത്തില്‍ പെട്ടത്. അഞ്ചു മിനിട്ടിനു ശേഷം ഇതേ റൂട്ടില്‍ വന്ന വിഘ്‌നേശ്വര എന്ന ബസിന് ഇവര്‍ കൈകാണിച്ചുവെങ്കിലും അമിത വേഗത്തില്‍ വന്ന ബസ് ഇടിക്കുകയായിരുന്നുവെന്നു ദൃക്‌സാക്ഷികള്‍ പറഞ്ഞു. പിന്നീട് അന്‍വിദയിലും ഇടിച്ച ശേഷമാണു ബസ് നിര്‍ത്തിയത്. നല്ല മഴയുണ്ടായിരുന്നു. മൂന്നു പേര്‍ സംഭവ സ്ഥലത്തു വച്ചും രണ്ടു പേര്‍ ആശുപത്രിയില്‍ വച്ചുമാണു മരിച്ചത്.