വിനോദയാത്രയ്ക്ക് വിളിച്ചാല്‍ മദ്യവും സിഗരറ്റും നല്‍കുമെന്ന ഓഫറുമായി സോഷ്യല്‍ മീഡിയയില്‍ വാഹനത്തിന്റെ പരസ്യം നല്‍കിയ വ്യക്തി അറസ്റ്റില്‍. ഓട്ടം വിളിച്ചാല്‍ ലഭിക്കുന്ന ഓഫറുകളുമായി ടൂറിസ്റ്റ് ബസിന്റെ പരസ്യമാണ് നവ മാധ്യമത്തില്‍ നല്‍കിയത്. എന്നാല്‍ ഇത് ബസ്സുടമകളെ അപമാനിക്കാനുള്ള ശ്രമമായിരുന്നെന്ന് തെളിഞ്ഞതോടെ കേസെടുക്കുകയായിരുന്നു.
പോസ്റ്റ് പ്രദര്‍ശിപ്പിച്ച കൊടുമണ്‍ കൊട്ടപുറത്ത് വീട്ടില്‍ രാജേഷിനെയാണ് അറസ്റ്റ്ചെയ്തത്. എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് രാജേഷിനെ അറസ്റ്റ് ചെയ്തത്. ഇത് അയച്ച് കൊടുത്ത യൂണിയന്‍ ഭരണിക്കാവ് എന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിനായ ബിബിനെ രണ്ടാം പ്രതിയാക്കി കേസ്സെടുത്തു.
പത്തനംതിട്ട എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. സഞ്ജീവ് കുമാര്‍, എക്സൈസ് ഇന്‍സ്പെക്ടര്‍ ഉനൈസ് അഹമ്മദ്, രാധാകൃഷ്ണന്‍, ശശിധരന്‍പിള്ള, സതീഷ് കുമാര്‍, രമേശ് ബാബു, സജിമോന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ബസ്സിന്റെ ചിത്രവും ഫോണ്‍ നമ്പരും ഉള്‍പ്പെടുത്തിയ പോസ്റ്റ് നവമാധ്യമത്തില്‍ വന്നതുമുതല്‍ എക്സൈസ് നിരീക്ഷിച്ചിരുന്നു. മറ്റൊരു ബസ്സിലെ ജീവനക്കാരുടെ ഗ്രൂപ്പാണ് ഇതിനു പിന്നിലെന്ന് മനസ്സിലാക്കിയതോടെയാണ് അന്വേഷണം അറസ്റ്റിലായ രാജേഷിലേക്ക് തിരിഞ്ഞത്.
എന്നാല്‍ നേരത്തെ ഓട്ടംപോയപ്പോഴുണ്ടായ ചില സംഭവങ്ങളുടെ പേരിലിറങ്ങിയ ട്രോള്‍ പോസ്റ്റ് ലൈക്ക് ചെയ്യുക മാത്രമാണ് ചെയ്തതെന്നായിരുന്നു ഇയാളുടെ വിശദീകരണം. അന്വേഷണത്തില്‍ യൂണിയന്‍ ഗ്രൂപ്പിന്റെ പങ്ക് കൂടുതല്‍ വ്യക്തമായതോടെയായിരുന്നു നടപടികള്‍.