അമൃതസര്‍: പൗരത്വ നിയമത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അഭിനന്ദിച്ച് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലെത്തിയ ഹിന്ദു, സിഖ് വിഭാഗങ്ങള്‍ പ്രകടനം നടത്തി. അഭയാര്‍ത്ഥികളായി പഞ്ചാബ് മേഖലയില്‍ കഴിയുന്ന നൂറുകണക്കിന് ഹിന്ദു, സിഖ് കുടുംബങ്ങളാണ് കേന്ദ്രസര്‍ക്കാറിന്റെ നടപടിയെ അഭിനന്ദിച്ച് അമൃതസര്‍ നഗരത്തില്‍ വന്‍ ആഹ്ലാദ പ്രകടനങ്ങൾ നടത്തിയത്.
ഞങ്ങള്‍ പാകിസ്ഥാനിലെ എല്ലാ ദ്രോഹങ്ങളും സഹിച്ചശേഷമാണ് ഇന്ത്യയില്‍ അഭയം പ്രാപിച്ചിരിക്കുന്നത്. പല കുടുംബങ്ങളും പൗരത്വകാര്യത്തില്‍ തീരുമാനമാകാത്തതിനാല്‍ 20 വര്‍ഷങ്ങളായി പഞ്ചാബ് മേഖലയിലെ ടെന്റുകളില്‍ കഴിയുകയാണ്. പൗരത്വ നിയമം പാസ്സായതോടെ ഇന്ത്യയുടെ ഭാഗമാകുന്നു എന്നത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്.’ അഭയാര്‍ത്ഥിയായ സരന്‍ സിംഗ് പറഞ്ഞു.
പാകിസ്ഥാനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വാ മേഖലയില്‍ നിന്നാണ് ഭൂരിപക്ഷംപേരും 2008ല്‍ ഇന്ത്യയില്‍ അഭയം തേടിയത്. വര്‍ഷങ്ങളായി പാകിസ്ഥാനി എന്ന പേരുമായി ജീവിക്കേണ്ടിവന്ന അപമാനം ഇനി ഇല്ല എന്ന ആശ്വാസമാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. നിരവധി ഭരണകൂടങ്ങളുടെ മുന്നില്‍ കേണപേക്ഷിച്ചിട്ടും കിട്ടാത്ത അംഗീകാരമാണ് നരേന്ദ്രമോദി സര്‍ക്കാര്‍ നല്‍കിയതെന്നും പച്ചക്കറിക്കച്ചവടം നടത്തി ജീവിക്കുന്ന ഗുല്‍സാരി ലാല്‍ പറഞ്ഞു.