ബംഗലുരു: കഫെ കോഫി ഡേ ഉടമ വി.ജി. സിദ്ധാര്‍ഥയുടെ ആത്മഹത്യയ്ക്ക് കര്‍ണാടകത്തിലെ രാഷ്ട്രീയക്കളികളും പകപോക്കലും കാരണമായെന്ന് സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കര്‍ണാടകത്തിലെ കരുത്തനായ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറുമായുള്ള ആത്മബന്ധവും സിദ്ധാര്‍ഥയുടെ പതനത്തിനു കാരണമായെന്നു സൂചന.
ബെംഗളൂരുവിലെ വ്യവസായ, രാഷ്ട്രീയ വൃത്തങ്ങളില്‍ അതിശക്തമാണ് ഈ അഭ്യൂഹമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സിദ്ധാര്‍ഥയുടെ ഭാര്യാപിതാവും മുന്‍ മുഖ്യമന്ത്രിയുമായ എസ്.എം.കൃഷ്ണയുടെ അടുത്ത അനുയായി ആയിരുന്നു ഡി.കെ.ശിവകുമാര്‍. കോണ്‍ഗ്രസ് നേതാവായ കൃഷ്ണ പിന്നീടാണു ബിജെപിയില്‍ എത്തിയത്.
ബിജെപിയുടെ കണ്ണിലെ കരടായ ശിവകുമാറിനെ ലക്ഷ്യമിട്ടുള്ള റെയ്ഡുകള്‍ സിദ്ധാര്‍ത്ഥയിലേക്ക് എത്തുകയായിരുന്നുവെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. സിദ്ധാര്‍ത്ഥയ്ക്ക് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറുമായുള്ള ബന്ധമാണ് ആദായ നികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ് സിദ്ധാര്‍ത്ഥ എഴുതിയതെന്നു കരുതുന്ന കത്തില്‍ ആദായ നികുതി വകുപ്പിനെ കുറ്റപ്പെടുത്തിയിരുന്നു.
ആദായ നികുതി വകുപ്പ് നടത്തിയ തെറ്റായ ഇടപെടലുകള്‍ തന്റെ ‘പരാജയ’ത്തിന് കാരണമായി എന്നാണ് കുറ്റപ്പെടുത്തല്‍. എന്നാല്‍ കോണ്‍ഗ്രസ് നേതാവും കോഫി ഡേയും തമ്മിലുള്ള ചില ഇടപാടുകള്‍ സംശയാസ്പദമായിരുന്നു എന്നതിനാലാണ് ഇതെന്നും അവര്‍ പറയുന്നു. തങ്ങള്‍ ഈ കോണ്‍ഗ്രസ് നേതാവിനെ റെയ്ഡ് ചെയ്തപ്പോള്‍ സിദ്ധാര്‍ത്ഥയുമായി നടത്തിയ ചില പണമിടപാടുകളുടെ വിവരങ്ങള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ അതിനെ സംബന്ധിച്ചുള്ള രേഖകള്‍ സിദ്ധാര്‍ത്ഥയുടെ റെക്കോര്‍ഡ്സില്‍ ഉണ്ടായിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില മാധ്യമ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഈ കോണ്‍ഗ്രസ് നേതാവുമായുള്ള ചില രഹസ്യവും ഗൂഡവുമായ ധന ഇടപാടുകളാണ് സിദ്ധാര്‍ത്ഥയെ സംശയ നിഴലിലാക്കിയത്. 2017 ഓഗസ്റ്റില്‍ ശിവകുമാറിന്റെയും അദ്ദേഹത്തിന്റെ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് ചന്ദ്രശേഖര്‍ സുകാപുരിയുടേയും വസതികളില്‍ നടത്തിയ പരിശോധനയില്‍ കഫേ കോഫി ഡേയും ശിവകുമാറിന്റെ സ്ഥാപനങ്ങളും തമ്മില്‍ നടത്തിയ ഇടപാടുകളുടെ രേഖകള്‍ കണ്ടെത്തിയിരുന്നു. ഇതാണ് സിദ്ധാര്‍ത്ഥയുടെ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നതിലേക്ക് എത്തിച്ചത്.
ശിവകുമാറിന്റെ അക്കൗണ്ടിലേക്ക് കഫേ കോഫി ഡേയില്‍ നിന്ന് 20 കോടി രൂപ പോയിട്ടുണ്ട് എന്നതിന്റെ രേഖകള്‍ റെയ്ഡില്‍ ലഭിച്ചുവെന്നാണ് ആദായ നികുതി വിഭാഗം പറയുന്നത്. ഈ ഇടപാടില്‍ ബന്ധമുള്ള സിംഗപ്പൂര്‍ പൗരന്‍ രജ്നീഷ് ഗോപിനാഥ് കോഫി ഡേയുടെ ഫിനാന്‍സ് വിഭാഗം ഡയറക്ടറായ മുനീഷ് ഗോപിനാഥിന്റെ സഹോദരനാണ്. രജനീഷിന്റെ പക്കല്‍ നിന്നും പിടിച്ച കണക്കില്‍പ്പെടാത്ത 1.2 കോടി രൂപ സിദ്ധാര്‍ത്ഥ യുടേതാണ് എന്നാണ് രജ്നീഷ് പറഞ്ഞത്. ഇയാളുടെ മൊബൈല്‍ മെസേജുകളില്‍ നിന്ന് മനസിലായ വിവരം അന്താരാഷ്ട്ര തലത്തിലുള്ള ഈ ഹവാല ഇടപാടില്‍ രജ്നീഷിന് വ്യക്തമായ പങ്കുണ്ട് എന്നാണെന്നും ഇയാള്‍ പിന്നീട് ഇക്കാര്യം സമ്മതിച്ചെന്നും ആദായനികുതി വിഭാഗം പറയുന്നു.
കോഫി ഡേ ഗ്രൂപ്പ് കമ്പനിയുടെ ദേവദര്‍ശിനി ഇന്‍ഫോ ടെക് എന്ന കമ്പനി 2013-14-ല്‍ 15.27 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയത്തു തന്നെ ഇവര്‍ക്ക് ചിലവായ ഇനത്തില്‍ ഉള്ളത് 21.62 കോടി രൂപയാണ്. കമ്പ്യൂട്ടറുകളും അവയുടെ അനുബന്ധ ഘടകങ്ങളും നിര്‍മിക്കുന്ന കമ്പനിയ്ക്ക് പക്ഷേ ശമ്പളം വാങ്ങുന്ന ജോലിക്കാരായി ആരുമില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. കോഫി ഡേ ഗ്രൂപ്പിന്റെ തടി വ്യവസായം നടത്തിയിരുന്ന വൈതരണ ടിംബര്‍ ട്രേഡിംഗ് ഗയാനയില്‍ സ്ഥാപിച്ചിട്ടുള്ള വൈതര്‍ണ്ണ ഹോള്‍ഡിംഗ് പ്രൈവറ്റ് Inc നെ ഇന്ത്യയില്‍ നിന്നുള്ള പണം കടത്താനാണ് ഉപയോഗിച്ചിരുന്നത് എന്നാണ് ആരോപണം. അവിടെ നിന്ന് വരുന്ന തടി കടലില്‍ വച്ച് കേടുവന്നു എന്ന് അവകാശപ്പെടുന്നു.
പിന്നീട് ഈ തടികള്‍ ടൂട്രികോണ്‍ തുറമുഖത്ത് എത്തുകയും വാങ്ങിയതായി കാണിക്കുന്ന വിലയുടെ പകുതി വിലയ്ക്ക് മറ്റൊരാള്‍ക്ക് മറിച്ചു വില്‍ക്കുകയുമാണ് ചെയ്യുന്നതെന്നുമാണ് ആദായനികുതി വകുപ്പിന്റെ ആക്ഷേപം. ദേവദര്‍ശിനി ഇന്‍ഫോ ടെകിന്റേയും ഈ കമ്പനികളുടേയും മുഖ്യ ഓഹരികള്‍ കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥയുടെ പേരിലാണെന്നും ആദായനികുതി വകുപ്പ് പറയുന്നു.
7000 കോടി കടബാദ്ധ്യത സിദ്ധാര്‍ത്ഥയ്ക്ക് ഉണ്ടായിരുന്നതായിട്ടാണ് വിവരം. മൈന്‍ഡ്ട്രീ എന്ന സ്ഥാപനത്തില്‍ സിദ്ധാര്‍ത്ഥയ്ക്കുണ്ടായിരുന്ന 20.3 ശതമാനം ഓഹരികള്‍ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ മരവിപ്പിക്കാന്‍ ആദായ നികുതി വകുപ്പ് ശ്രമിച്ചുവെന്നും ഇത് വിറ്റ് കടങ്ങള്‍ വീട്ടാനുള്ള സിദ്ധാര്‍ത്ഥയുടെ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയായി എന്നുമാണ് ശിവകുമാറിന്റെ സഹോദരനും എം.പിയുമായ ഡി.കെ സുരേഷിന്റെ ആരോപണം. രാഷ്ട്രീയ പകപോക്കലായിരുന്നു റെയ്ഡിന് പിന്നിലെന്ന് വിശ്വസിക്കുന്നവരും കുറവല്ല.
വൊക്കലിഗ സമുദായക്കാര്‍ എന്നതിലുപരിയായ ഒരു സൗഹൃദം ശിവകുമാറിനും സിദ്ധാര്‍ത്ഥയ്ക്കുമിടയില്‍ ഉണ്ടായിരുന്നു. ശിവകുമാറിന്റെ രാഷ്ട്രീയ ഗുരു കൂടിയായിരുന്ന എസ്.എം കൃഷ്ണയുടെ മരുമകന്‍ എന്ന നിലയിലും അടുത്ത ബന്ധമുണ്ടായിരുന്നു. അഹമ്മ് പട്ടേലിന്റെ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ 2017 ഓഗസ്റ്റില്‍ ശിവകുമാര്‍ ബാംഗ്ലൂര്‍ റിസോര്‍ട്ടില്‍ എത്തിച്ചതിന് പിന്നാലെയാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡുകള്‍ തുടങ്ങുന്നത്. സിദ്ധാര്‍ത്ഥയുടെ ഭാര്യാപിതാവ് കൃഷ്ണ പിന്നീട് ബിജെപിയിലേക്ക് പോയതും വലിയ ചര്‍ച്ചയായി. ആദായനികുതി വകുപ്പിന്റെ റെയ്ഡില്‍ കുടുങ്ങിയ മരുമകനെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടുള്ള കാലുമാറ്റമെന്നായിരുന്നു വിമര്‍ശനം.