ഡി.കെ ശിവകുമാര്‍ പത്ത് ദിവസം എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ !!

ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ കര്‍ണാടക കോണ്‍ഗ്രസ്സ് നേതാവ് ഡി.കെ ശിവകുമാറിനെ ഈ മാസം 13 വരെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തെ റിമാൻഡായിരുന്നു എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ 10 ദിവസത്തേയ്ക്കാണ് ഇപ്പോള്‍ പ്രത്യേക സി.ബി.ഐ കോടതി ശിവകുമാറിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. എല്ലാ ദിവസവും അരമണിക്കൂര്‍ നേരം ബന്ധുക്കള്‍ക്ക് ശിവകുമാറിനെ സന്ദര്‍ശിക്കാനും സി.ബി.ഐ ജഡ്ജി അജയ് കുമാര്‍ കുഹാര്‍ അനുമതി നല്‍കി.അന്വേഷണവുമായി പൂർണമായി സഹകരിച്ചു എന്ന് ശിവകുമാർ കോടതിയെ അറിയിച്ചു. താൻ അന്വേഷണത്തിൽ നിന്ന് ഒളിച്ചോടിയിട്ടില്ലെന്നും ഡി കെ ശിവകുമാർ കോടതിയിൽ വ്യക്തമാക്കി.

ആദായ നികുതി വകുപ്പ് നടത്തിയ അന്വേഷണത്തില്‍ ശിവകുമാറിന്റെ നിയമ വിരുദ്ധ ഇടപാടുകള്‍ക്ക് നിരവധി തെളിവുകള്‍ ലഭിച്ചുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് പറയുന്നത്. അന്വേഷണം നിര്‍ണായക ഘട്ടത്തിലാണെന്നും ശിവകുമാറിനെ കസ്റ്റഡിയില്‍ ലഭിക്കേണ്ടത് അത്യാവശ്യമാണെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയില്‍ വാദിച്ചു. ചോദ്യം ചെയ്യല്‍ സമയത്ത് എങ്ങും തൊടാത്ത മറുപടികളാണ് ശിവകുമാര്‍ നല്‍കിയെന്നതും ശിവകുമാര്‍ കുറ്റക്കാരനാണെന്ന് വിശ്വസിക്കാന്‍ കാരണങ്ങളുണ്ടെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയെ അറിയിച്ചു. ശിവകുമാറിന്റേയും കടുംബത്തിന്റേയും സ്വത്തില്‍ അസാധാരണ വളര്‍ച്ചയാണുണ്ടായതെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.

അതേസമയം അനധികൃത സ്വത്ത് സമ്പാദനക്കേസുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ഇന്നലെയാണ് ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. തുടര്‍ച്ചയായി നാല് ദിവസം ചോദ്യം ചെയ്തതിനു ശേഷമായിരുന്നു ശിവകുമാറിന്റെ അറസ്റ്റ്. കര്‍ണാടകത്തില്‍ ഡെ.ഡി.എസ്- കോണ്‍ഗ്രസ്സ് സഖ്യത്തിന്റെ പ്രധാന സൂത്രധാരന്മാരില്‍ ഒരാളായ ഡി.കെ ശിവകുമാര്‍ കര്‍ണാടക പി.സി.സി അധ്യക്ഷ സ്ഥാനത്തേയ്ക്ക് എത്തുമെന്ന സൂചനകള്‍ക്കിടെയായിരുന്നു അറസ്റ്റ്.

2017 ഓഗസ്റ്റില്‍ അന്ന് കര്‍ണാടക ജലസേചന വകുപ്പ് മന്ത്രിയായിരുന്ന ശിവകുമാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച പണം പിടിച്ചുവെന്നതാണ് കേസ്. എട്ട് കോടി രൂപയാണ് അന്ന് പിടിച്ചത്. തന്റെ സുഹൃത്തായ ഒരു വ്യവസായിയുടെ പണമാണിതെന്നും ഇതുമായി തനിക്ക് ബന്ധമില്ലെന്നുമായിരുന്നു ശിവകുമാറിന്റെ വിശദീകരണം. ആദായനികുതി വകുപ്പാണ് അന്ന് ശിവകുമാറിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെ എന്‍ഫോഴ്‌സ്‌മെന്റ് കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അദ്ദേഹത്തിന്റെ വസതികളിലും റെയ്ഡ് നടത്തി. ഇവിടെ നിന്നെല്ലാം പിടിച്ചെടുത്ത രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ഇന്നലത്തെ അറസ്റ്റ്.

Top