കാന്‍ബറ ഏകദിനം: തോല്‍വിയില്‍ പ്രിയപ്പെട്ടവരെ കുറ്റപ്പെടുത്തി ധോണി

കാന്‍ബറ: ഓസ്‌ട്രേലിയയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ സീനിയര്‍ താരമായ രവീന്ദ്ര ജഡേജ കുറച്ചുകൂടി ഇത്തരവാദിത്തം കാട്ടേണ്ടിയിരുന്നു എന്ന് ക്യാപ്‌റ്‌റന്‍ ധോണി. കളിക്ക് പിന്നാലെയുള്ള പത്രസമ്മേളനത്തിലാണ് ധോണി ഇക്കാര്യം പറഞ്ഞത്. ആറാമതായി ക്രീസിലെത്തിയ ജഡേജ കളി അവസാനിക്കുമ്പോളും നോട്ടൗട്ടായി ക്രീസിലുണ്ടായിരുന്നു. എന്നാല്‍ മറുവശത്ത് വിക്കറ്റുകള്‍ പൊഴിഞ്ഞുവീണു. ഇന്ത്യ ഓളൗട്ടാകുകയും 25 റണ്‍സിന് കളി തോല്‍ക്കുകയും ചെയ്തു. ഒന്നിച്ച് ക്രീസിലുണ്ടായിരുന്ന ഗുര്‍കീരത് മാന്‍, റിഷി ധവാന്‍ തുടങ്ങിയ പുതുമുഖങ്ങളോട് ജഡേജ കുറച്ചുകൂടി വ്യക്തമായി സംസാരിക്കണമായിരുന്നു എന്നാണ് ധോണിയുടെ അഭിപ്രായം. അനാവശ്യ ഷോട്ടുകള്‍ക്ക് മുതിര്‍ന്നാണ് ഇരുവരും പുറത്തായത്. അതേസമയം വിക്കറ്റ് പോകാതെ കുറച്ച് നേരം കളിച്ചിരുന്നെങ്കില്‍ മത്സരം ഇന്ത്യയുടെ വരുതിയില്‍ ഇരുന്നേനെ. പുതിയ കളിക്കാരോട് ഇത്തരം കാര്യങ്ങള്‍ പറഞ്ഞുകൊടുക്കേണ്ടത് ഒന്നിച്ച് ബാറ്റ് ചെയ്യുന്ന സീനിയര്‍ കളിക്കാരാണ്. നാലാമനായി ക്രീസിലെത്തിയ ധോണി റണ്‍സൊന്നുമെടുക്കാതെ ഔട്ടായതോടെയാണ് ഇന്ത്യയുടെ കൂട്ടത്തകര്‍ച്ച തുടങ്ങിയത്. ഗുര്‍കീരത് മാന്‍ (5), രഹാനെ (2), ധവാന്‍ (9), ഭുവനേശ്വര്‍ കുമാര്‍ (2), ഉമേഷ് യാദവ് (2), ഇഷാന്ത് ശര്‍മ (0) എന്നിവരാണ് ജഡേജയെ ഒരറ്റത്ത് നിര്‍ത്തി ഔട്ടായത്. 27 പന്തുകള്‍ നേരിട്ട് 24 റണ്‍സുമായി ജഡേജ പുറത്താകാതെ നിന്നു. രവീന്ദ്ര ജഡേജയുടെ നൂറ്റി ഇരുപത്തിയഞ്ചാമത്തെ മത്സരമായിരുന്നു കാന്‍ബറയിലേത്. തോല്‍വിയുടെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നു എന്നായിരുന്നു കളിക്ക് ശേഷം ധോണി പറഞ്ഞത്. അന്ത്യ ഓവറുകളില്‍ ടീമിനെ ജയിപ്പിക്കേണ്ട ഉത്തരവാദിത്വം തനിക്കായിരുന്നു. അത് സാധിച്ചില്ല. യുവനിരയ്ക്ക് സമ്മര്‍ദ്ദം താങ്ങാനായില്ല. ഓസ്‌ട്രേലിയയുടെ 348 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 323 റണ്‍സിന് പുറത്തായാണ് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയത്.

Top